കേരള വികസനത്തിൽ സഹകരണ സാമൂഹിക സംരംഭങ്ങൾ അതിപ്രധാനം: തോമസ് ഐസക്ക്
വടകര:
ഇന്നത്തെ സവിശേഷഘട്ടത്തിൽ കേരളത്തിന്റെ വികസനതന്ത്രത്തിൽ സഹകരണരംഗത്തിൽ അധിഷ്ഠിതമായ സാമൂഹികസംരംഭങ്ങൾക്ക് അതിപ്രധാനമായ സ്ഥാനമുണ്ടെന്നും അതിനുള്ള ഏറ്റവും മികച്ച മാതൃക ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണെന്നും മുൻധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. സൊസൈറ്റിയെ സ്ഥാപനവത്ക്കരിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച മുൻപ്രസിഡന്റ് പാലേരി കണാരൻ മാസ്റ്ററുടെ 37–ാം അനുസ്മരണസമ്മേളനം ഓൺലൈനായി
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വലിയതോതിൽ നിർമ്മാണപ്രവർത്തനവും അതിന്റെ അടിസ്ഥാനത്തിൽ നൂതനതൊഴിൽ സംരംഭങ്ങളും ഉണ്ടാകാൻ പോകുന്ന ഈ ഘട്ടത്തിൽ പുറത്തുനിന്നുള്ള നിക്ഷേപവും പൊതുമേഖലാനിക്ഷേപവും സ്റ്റാർട്ടപ്പുകൾ അടക്കമുള്ള ആഭ്യന്തരസ്വകാര്യനിക്ഷേപവും പോലെതന്നെ പ്രധാനമാണ് സഹകരണരംഗത്തെ നിക്ഷേപവും. അതിനു വഴികാട്ടിയാകാൻ ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ പ്രാപ്തമാക്കിയത് ദീർഘകാലം അതിന്റെ പ്രസിഡന്റായിരുന്ന പലേരി കണാരൻ മാസ്റ്ററുടെ നൂതനാശയങ്ങളും ദീർഘവീക്ഷണവുമാണെന്ന് സൊസൈറ്റിയെപ്പറ്റി ‘ബിൽഡിങ് ഓൾട്ടർനേറ്റീവ്സ്’ എന്ന ഗവേഷണഗ്രന്ഥം രചിച്ച ഐസക്ക് അനുസ്മരിച്ചു.
സൊസൈറ്റിയുടെ യഥാർത്ഥ ചിത്രവും അതിന്റെ മഹത്വവും മുഴുവൻ ജനങ്ങളിലും എത്തിക്കാൻ ഓരോ തൊഴിലാളിയും ബ്രാൻഡ് അംബാസഡർമാരായി മാറണമെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ നിർദ്ദേശിച്ചു. വൈസ് ചെയർമാൻ വി.കെ. അനന്തന്റെ അദ്ധ്യക്ഷതയിൽ ഇരിങ്ങൽ സർഗ്ഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ചേർന്ന സമ്മേളനത്തിൽ ഡയറക്റ്റർ പി. പ്രകാശൻ അനുസ്മരണപ്രമേയം അവതരിപ്പിച്ചു.
ഡയറക്റ്റർമാരായ എം.എം. സുരേന്ദ്രൻ, സി. വത്സൻ, എം. പദ്മനാഭൻ, പി.കെ. സുരേഷ്‌ബാബു, കെ.റ്റി.കെ. അജി, കെ.റ്റി. രാജൻ, റ്റി.റ്റി. ഷിജിൻ, എംഡി എസ്. ഷാജു, സിഇഒ സുനിൽകുമാർ രവി, സർഗ്ഗാലയ സിഇഒ പി.പി. ഭാസ്കരൻ, യുഎൽസിസിഎസ് ഫൗണ്ടേഷൻ ഡയറക്റ്റർ ഡോ. എം.കെ. ജയരാജ്, ഐഐഐസി ഡയറക്റ്റർ ഡോ. സുനിൽകുമാർ, സിജിഎം റോഹൻ പ്രഭാകർ, മാറ്റർ ലാബ് എജിഎം ഫെഡ്ഡി സോമൻ, ജിഎം കെ.പി. ഷാബു എന്നിവർ മാസ്റ്ററെ അനുസ്മരിച്ചു സംസാരിച്ചു.