ജലനിരപ്പ് 140 അടിയായി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും
തൊടുപുഴ;
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 140 അടിയായി ഉയർന്നു. ഇതിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ അടുത്ത 24 മണിക്കൂറിനുള്ളിൽ തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. ഇന്നലെ വൈകുന്നേരം മുതൽ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് പെയ്ത കനത്ത മഴയാണ് ഡാമിലെ ജലനിരപ്പുയരാൻ കാരണം. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്.
തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 900 ഘനയടിയായി ഉയർത്തിയിട്ടുണ്ട്. തമിഴ്നാട് ഡാം തുറക്കുമെന്ന് അറിയിച്ചതിന് പിന്നാലെ പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. നവംബർ 20 വരെയുള്ള അപ്പർ റൂൾകർവ് പ്രകാരം പരമാവധി 141 അടി വെള്ളം മുല്ലപ്പെരിയാറിൽ തമിഴ്നാടിന് സംഭരിക്കാൻ സാധിക്കും.