കേരള വികസനം തടയാന്‍ അവിശുദ്ധകൂട്ടുകെട്ട്; മുഖ്യമന്ത്രി
തിരുവനന്തപുരം:
കേരളത്തിന്റെ വികസനം തടയാന്‍ അവിശുദ്ധകൂട്ടുകെട്ട് പ്രവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ വികസനപ്രവര്‍ത്തനങ്ങളില്‍ കേരളം മുന്നോട്ട് തന്നെ കുത്തിക്കുമെന്ന് മുഖ്യമന്ത്രി. കേന്ദ്ര അവഗണനയ്ക്ക് എതിരായ എല്‍ഡിഎഫ് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ വികസനത്തിന് പശ്ചാത്തല സൗകര്യ വികസനം വേണം. കിഫ്ബി വഴി സംസ്ഥാനത്ത് വികസനം നടക്കുന്നതിനെ ചിലര്‍ എതിര്‍ത്തു, വലതുപക്ഷ മാധ്യമങ്ങള്‍ എല്‍ഡിഎഫിനെതിരെ രംഗത്തിറങ്ങി. നിയമസഭ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ എല്‍ഡിഎഫിനെ താഴെയിറക്കാന്‍ നിക്ഷിപ്ത കക്ഷികള്‍ ഒത്തുചേര്‍ന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനം ആണ് തുടര്‍ ഭരണം നേടാന്‍ കാരണമെന്നത് അവിശുദ്ധ കൂട്ടുകെട്ടിനറിയാം, അന്ന് തിരഞ്ഞെടുപ്പിന്റെ കാലത്ത് ഉണ്ടായ അവിശുദ്ധ കൂട്ട് കെട്ട് തിരഞ്ഞെടുപ്പിന് ശേഷവും തുടരുന്നു. ആ കൂട്ടുക്കെട്ടില്‍ ബിജെപിയും ഉണ്ട്, ബിജെപിയെ ഉപയോഗിച്ച് കേന്ദ്ര അനുകൂല്യങ്ങള്‍ മുടക്കാം എന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്.
എല്‍ഡിഎഫ് വിജയം ഈ അവിശുദ്ധ കൂട്ടൂകെട്ടിനെ നിരാശപ്പെടുത്തി, ആ നിരാശ പകയായി മാറി. കേന്ദ്ര ഏജന്‍സികളെ പലതിനേയും ഇതിനായി ദുരുപയോഗിച്ചു. ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരെ കേന്ദ്രം നിലകൊള്ളുന്നു എന്നത് നമ്മളെ വേദനിപ്പിക്കുന്നു. കെ റെയില്‍ നല്ല പരിപാടി എന്ന് കേന്ദ്രവും, സംസ്ഥാനവും കണ്ടതാണ്. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അടച്ച് പൂട്ടിയത് ന്യായം ഇല്ല, റെയില്‍വേ സോണ്‍ ന്യായം കേന്ദ്രം പറയുന്നു ,പക്ഷെ സോണ്‍ തരില്ലെന്നതാണ് കേന്ദ്ര നിലപാട് - മുഖ്യമന്ത്രി പറഞ്ഞു.