കോഴിക്കോട് നിന്ന് 450 ഗ്രാം സ്വർണ്ണം മോഷ്ടിച്ച് കടന്ന പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ
കോഴിക്കോട്:
ആഭരണ നിർമ്മാണ ശാലയിൽ നിന്നും 450 ഗ്രാം സ്വർണ്ണം മോഷ്ടിച്ച് കടന്ന പശ്ചിമ ബംഗാൾ സ്വദേശിയെ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ ശ്യാംപൂർ സ്വദേശി ദീപക് പ്രമാണിക്ക് (36) ആണ് അറസ്റ്റിലായത്. പുതിയറയിലെ ആഭരണ നിർമ്മാണ ശാലയിൽ നിന്നുംമോഷ്ടിച്ച സ്വർണ്ണത്തിലെ 150 ഗ്രാം ഇയാളിൽ നിന്ന് കണ്ടെടുത്തു. കസബ സി.ഐ.ടി.എസ് ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒരു മാസത്തെ ശ്രമത്തിനൊടുവിലാണ് ഇയാളെ ബംഗാളിൽ നിന്നും പിടികൂടിയത്. നടുവണ്ണൂർ സ്വദേശി സാദിക്കിൻ്റെ ഡാസിൽ എന്ന സ്ഥാപനത്തിൽ നിന്നും കഴിഞ്ഞ ഒക്റ്റോബർ ആറിന് തൊഴിലാളിയായ ദീപക് സ്വർണ്ണവുമായി കടന്നു കളയുകയായിരുന്നു. ശേഷം തൃശൂർ, എറണാകുളം ബംഗാളിലെ 24 ഫർഗാന എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ഇയാളെ തേടി ഒരു പ്രാവിശ്യം പോലീസ് എത്തിയെങ്കിലും രക്ഷപ്പെടുകയായിരുന്നു.തുടർന്ന് ഡി.സി.പി. സ്വപ്നിൽ മഹാജൻ ബംഗാൾ പോലീസുമായി ബന്ധപ്പെട്ട് ഇയാൾക്കായി കെണിയൊരുക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ സി.ഐ. ശ്രീജിത്ത് ടി.എസിന് പുറമെ സീനിയർ സി.പി.ഒ മാരായ ഷിറിൽദാസ്, പി. മനോജ്, സി.പി.ഒ. പ്രനീഷ് എന്നിവരുമുണ്ടായിരുന്നു. എ.സി.പി. ബിജുരാജ്, കസബ ഇൻസ്പെക്റ്റർ എൻ. പ്രജീഷ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.