About

News Now

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു :ഒൻപതു മാസത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം

കോഴിക്കോട്

കഴിഞ്ഞ ഒൻപതു മാസമായി കുടിവെള്ള ദuർലഭ്യം കാരണം പൊറുതി മുട്ടിയിരുന്ന കുടുംബത്തിന്റെ പരാതി  ജലഅതോറിറ്റി പരിഹരിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ  അംഗം കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.

    മെഡിക്കൽ കോളേജ് കുയ്യാലിൽ പറമ്പിൽ എം. ശിവദാസമേനോന്റെ വീട്ടിലാണ് കുടിവെള്ളം ലഭിച്ചത്.  പരാതി ലഭിച്ചയുടൻ കമ്മീഷൻ ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറോട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉത്തരവ് നൽകിയിരുന്നു.  സർവീസ് ലൈനിൽ ജലലഭ്യത കുറവായതിനാൽ അമൃത് പദ്ധതി പ്രകാരം സ്ഥാപിച്ച ലൈനിലേക്ക് കണക്ഷൻ മാറ്റി നൽകി ജലലഭ്യത ഉറപ്പാക്കിയതായി ജല അതോറിറ്റി റിപ്പോർട്ടിൽ അറിയിച്ചു.  പരാതിക്കാരൻ താമസിക്കുന്നത് ഉയർന്ന പ്രദേശമായതിനാൽ ജലസംഭരണി സ്ഥാപിച്ച് ജലം ശേഖരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു.  

    എന്നാൽ ഇതിനു ശേഷവും കുടിവെള്ളം കിട്ടിയില്ല.  തുടർന്ന് ജല അതോറിറ്റിയുടെ ബന്ധപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയറെ നവംബർ  5 ന് കോഴിക്കോട് കമ്മീഷൻ  നടന്ന സിറ്റിംഗിൽ വിളിച്ചു വരുത്തി.  പരാതിക്കാരന് കുടിവെള്ളം ഉറപ്പാക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. ജല ലഭ്യത ഉറപ്പാക്കി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പരാതിക്കാരന് കുടിവെള്ള ലഭ്യത ഉറപ്പാക്കിയതായി  ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ ഇ- മെയിൽ മുഖാന്തിരം കമ്മീഷനെ അറിയിച്ചു.  പരാതി പരിഹരിച്ചതായി പരാതിക്കാരനും അറിയിച്ചു.