പാലോട് മിഠായി നൽകി മയക്കി ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
തിരുവനന്തപുരം:
പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പെരിങ്ങമല പറങ്കിമാംവിള നൗഫർ മൻസിലിൽ നാസില ബീഗം (42) ആണ് കൊല്ലപ്പെട്ടത്. നാസിലയുടെ കുടുംബവീട്ടിൽവെച്ചായിരുന്നു സംഭവം. ഇതിന് പിന്നാലെ ഭർത്താവ് അബ്ദുൾ റഹീമിനെ കാണാനില്ലെന്നാണ് പരാതി.
കൊലപാതകത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് നാസിലയുടെ ഉമ്മ കിടപ്പുമുറിയുടെ കതക് തുറന്ന് നോക്കിയപ്പോഴാണ് മകളെ കൊല്ലപ്പെട്ടനിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. പാലോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
എന്നാൽ നാസിലയ്ക്ക് കുത്തേറ്റിട്ടും അടുത്ത് കിടന്ന 13 വയസുകാരിയായ മകൾ പോലും അറിഞ്ഞിരുന്നില്ല. രാവിലെ നാസിലയുടെ ഉമ്മ കുട്ടിയെ വിളിച്ചുണർത്തുകയായിരുന്നു. മാത്രമല്ല അടുത്ത മുറിയിലുണ്ടായിരുന്ന നാസിലയുടെ മാതാപിതാക്കളും ഒന്നുമറിഞ്ഞിരുന്നില്ല. ബുധനാഴ്ച രാത്രി റഹിം മകൾക്കും ഭാര്യയ്ക്കും മിഠായി നൽകിയതായി പറയുന്നുണ്ട്. ഇതിൽ മയക്കുമരുന്ന് കലർത്തിയിരുന്നതായാണ് സംശയിക്കുന്നത്. നാസില മയങ്ങികിടക്കുമ്പോളാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. നാസിലയുടെ കഴുത്തിന്റെ ഇടതുവശത്തും നെഞ്ചിലും കുത്തേറ്റ മുറിവുകളുണ്ട്. നെഞ്ചിലേറ്റ കുത്താണ് മരണകാരണമെന്നാണ് പോലീസിൻ്റെ പ്രാഥമികനിഗമനം.