അമ്മയിലേക്ക് അട്ടിമറി: മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ ജയിച്ചു, നിവിൻ പോളി, ആശാ ശരത്ത്, ഹണി റോസ് പരാജയപ്പെട്ടു
കൊച്ചി:
താരസംഘടനയായ അമ്മയിൽ നടന്ന തെരഞ്ഞെടുപ്പിൽ അട്ടിമറി ഫലം. ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്ഥാനാർത്ഥികളെ അട്ടിമറിച്ച് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവർ ജയിച്ചു. ഒദ്യോഗിക പാനലിൻ്റെ ഭാഗമായി മത്സരിച്ച നിവിൻ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവരാണ് പരാജയപ്പെട്ടത്.
ഔദ്യോഗിക പാനലിൻ്റെ വൈസ് പ്രസിഡൻ്റ സ്ഥാനാർത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയൻപിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു ഫലം വന്നപ്പോൾ മണിയൻപിള്ള രാജു അട്ടിമറി വിജയം നേടി. ആശാ ശരത്ത് പരാജയപ്പെട്ടു. ഇതോടെ ശ്വേതാ മേനോനും മണിയൻപിള്ളരാജുവും വൈസ് പ്രസിഡൻ്റാകും.
11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ നിന്നും ബാബുരാജ്, ലൈന, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ഹണി റോസ് എന്നിവരാണ് മത്സരിച്ചത്. ഇവർക്കെതിരെ വിജയ് ബാബു,ലാൽ, നാസർ ലത്തീഫ് എന്നിവർ മത്സരിച്ചു. ഫലം വന്നപ്പോൾ ഔദ്യോഗിക പാനലിലെ ഒൻപത് പേർ വിജയിച്ചു. നിവിൻ പോളിയും ഹണി റോസും പരാജയപ്പെട്ടു. ലാലും വിജയ് ബാബും അട്ടിമറി ജയം നേടിയപ്പോൾ നാസർ ലത്തീഫ് പരാജയപ്പെട്ടു.
കഴിഞ്ഞ കുറേ വർഷങ്ങളായി അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കാറില്ല. മുൻ വർഷങ്ങളിലും പലരും മത്സരിക്കാൻ തയ്യാറായി രംഗത്തു വന്നിരുന്നുവെങ്കിലും അവസാനനിമിഷം സമവായമുണ്ടാക്കി മത്സരം ഒഴിവാക്കാറാണ് പതിവ്. എന്നാൽ ഇക്കുറി സമ്മർദ്ദ-സമവായ നീക്കം തള്ളി മണിയൻ പിള്ള രാജുവും ലാലും അടക്കം നാല് പേർ മത്സരിക്കാൻ ഇറങ്ങുകയായിരുന്നു.