About

News Now

സിസ്റ്റർ ലിനിയ്ക്ക് നാടിൻ്റെ സ്മരണ: സ്മാരകമായി സ്മാർട്ട് അംഗൻവാടി

 


ചക്കിട്ടപ്പാറ:

ജീവിതത്തിലൂടെ ദൈവത്തിൻ്റെ മലാഖയായ  സിസ്റ്റർ ലിനിയുടെ സ്മരണക്കായി നാടിൻ്റെ കൂട്ടായ്മയിൽ സ്മാർട്ട് അംഗൻവാടി. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡ് കുറത്തിപ്പാറയിൽ ലിനിയും കുടുംബവും താമസിച്ച വീടിനടുത്തായാണ് സിസ്റ്റർ ലിനി മെമ്മോറിയൽ സ്മാർട്ട് അംഗൻവാടി  നിർമ്മിച്ചത്. 

സഹജീവികൾക്കായി സ്വന്തം ജീവിതം സമർപ്പിച്ച ദൈവത്തിൻ്റെ മലാഖയുടെ ജ്വലിക്കുന്ന സ്മാരകമായിത് മാറും. പ്രദേശത്തെ വരും തലമുറകൾ ഇനി അറിവിൻ്റെയും വിവേകത്തിൻ്റെയും ആദ്യാക്ഷരങ്ങൾ കുറിക്കുക സിസ്റ്റർ ലിനിയുടെ പേരിലുള്ള അംഗനവാടിയിൽ നിന്നാണ്. ലിനിയുടെ നിഷ്കളങ്കമായ ചിരിയുള്ള ഛായ പടം ആലേഖനം ചെയ്ത കെട്ടിടമാണ് പ്രദേശത്തെത്തുന്നവരെ ഇനി വരവേൽക്കുക.


പ്രദേശവാസികളുടെ കൂട്ടായ്മകൾ വാങ്ങി ഗ്രാമപഞ്ചായത്തിന് നൽകിയ മൂന്ന് സെൻ്റ് സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്താണ് അംഗൻവാടി നിർമ്മിച്ചത്. ലിനി - ദൈവത്തിൻ്റെ മലാഖ വാട്സാപ്പ് കൂട്ടായ്മയുടെ രണ്ട് ലക്ഷം രൂപയും മസ്ജിദ്ദുൽ ഫറൂഖ് ജി.സി സി. കൂട്ടായ്മയുടെ ഒരു ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണത്തിനായി സ്ഥലം വാങ്ങി നൽകിയത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ ചെലവലിലാണ് ലിനി മെമ്മോറിയൽ സ്മാർട്ട് അംഗനവാടി കെട്ടിടം നിർമ്മിച്ചത്. 

സിസ്റ്റർ ലിനി മെമ്മോറിയൽ സ്മാർട്ട് അംഗൻവാടിയുടെ ഉദ്ഘാടനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ലിനിയുടെ മക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. സിസ്റ്റർ ലിനിയുടെ ഛായാപടം അനാഛാദനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ശശി നിർവഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. സിസ്റ്റർ ലിനിയുടെ ഛായാപടം വരച്ച പ്രദേശവാസിയായ നിജിലിനെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ ആദരിച്ചു. കുറത്തിപ്പാറ വാർഡ് മെംബർ ലൈസാ ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.