കണ്ണൂർക്കാരി ഗോപിക സുരേഷ് മിസ് കേരള
കൊച്ചി:
മിസ് കേരള 2021 മത്സരത്തിൽ കണ്ണൂർ സ്വദേശി ഗോപിക സുരേഷ് സൗന്ദര്യ റാണിയായി. 24 സുന്ദരികളെ പിന്തള്ളിയാണ് ഗോപിക സുരേഷ് സൗന്ദര്യ പട്ടം നേടിയത്. എറണാകുളം സ്വദേശി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പായി. തൃശൂർ സ്വദേശിയായ ഓസ്ട്രേലിയയിൽ വിദ്യാർത്ഥിനി ഗഗന ഗോപാൽ ആണ് സെക്കന്റ് റണ്ണറപ്പ്.
കേരളീയം, ലെഹംഗ, ഗൗൺ എന്നീ മൂന്ന് റൗണ്ടുകളിൽ മികച്ച പ്രകടനം നടത്തിയവരാണ് വിജയികളായത്. കേരള മുണ്ടും വേഷ്ടിയും അണിഞ്ഞാണ് കേരളീയം റൗണ്ടിൽ മത്സരാർഥികൾ വേദിയിലെത്തിയത്. മിസ് ബ്യൂട്ടിഫുൾ ഹെയർ, മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ് ഫോട്ടോജനിക്, മിസ് കൺജീനിയാലിറ്റി, മിസ് ടാലന്റഡ് എന്നീ പട്ടങ്ങളും വേദിയിൽ സമ്മാനിച്ചു.
കൊച്ചിയിൽ നടന്ന മത്സരത്തിൽ സംവിധായകൻ ജീത്തു ജോസഫ്, സംഗീത സംവിധായകൻ ദീപക് ദേവ് എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്. ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 5 പേരിൽ വിജയിയെ നിർണയിച്ചത് വിധികർത്താക്കളുടെ ചോദ്യോത്തര റൗണ്ടിലൂടെയായിരുന്നു.