മാനസിക വെല്ലുവിളി നേരിടുന്ന പുതുപ്പാടിയിലെ വയോധികനെ ഏറ്റെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്:
പള്ളികമ്മിറ്റി ഉപേക്ഷിച്ചതിനെ തുടർന്ന് ബസ്സ്സ്റ്റോപ്പിൽ അഭയം പ്രാപിച്ച മാനസിക വെല്ലുവിളി നേരിടുന്ന വയോധികനെ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് ജില്ലാ സാമൂഹിക നീതി ഓഫീസർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ഉത്തരവ് നൽകിയത്. നടപടി സ്വീകരിച്ച ശേഷം പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. പുതുപ്പാടി ഒടുങ്ങാക്കാട് പള്ളി മഖാം പരിസരത്തെ വെയിറ്റിംഗ് ഷെഡിലാണ്
ഒ.കെ.ഹംസ എന്ന വയോധികൻ കഴിയുന്നത്. പുതുപ്പാടി സ്വദേശിയാണ് ഹംസ.
രോഗിയായ പിതാവിന് ഹംസയെ സംരക്ഷിക്കാൻ കഴിയാതെ വന്നപ്പോൾ 5 സെൻറ് സ്ഥലം ഹംസയെ സംരക്ഷിക്കുന്നതിനായി അദ്ദേഹം പള്ളി കമ്മിറ്റിക്ക് എഴുതി നൽകിയതായി പരാതിയിൽ പറയുന്നത്. പുതുപ്പാടി ഗ്രാമപഞ്ചായത്ത് വീട് നിർമ്മിച്ചു നൽകി. എന്നാൽ പള്ളികമ്മിറ്റി ഹംസയെ ഉപേക്ഷിച്ചതായി പരാതിയിൽ പറയുന്നു. പള്ളി കാൻ്റീനിൽ നിന്നും ഭക്ഷണം നൽകാറില്ലെന്നും ഭിക്ഷയെടുത്താണ് ഹംസ ജീവിക്കുന്നതെന്നും പ്രദേശവാസി മനുഷ്യാവകാശ കമ്മിഷന് സമർപ്പിച്ച പരാതിയിൽ പറയുന്നത്. പള്ളി കമ്മിറ്റിക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.