പ്രകൃതിയുടെ വന്യതയിലൂടെ ആനവണ്ടിയിൽ ഉല്ലാസയാത്രയ്ക്ക് ഞായറാഴ്ച തുടക്കം.
താമരശ്ശേരി:
ഒഴിവുകാലം ഉല്ലാസ ഭരിതമാക്കാൻ കെ.എസ്.ആർ.ടി.സി ബസിൽ പ്രകൃതിയുടെ വശ്യത ആസ്വദിച്ചുള്ള യാത്രയ്ക്ക് ഞായറാഴ്ച തുടക്കം.
താമരശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയാണ് ടൂർ സർവീസ് നടത്തുന്നത്. തുഷാരഗിരിയിലെ വെള്ളച്ചാട്ടങ്ങൾ, പുതുപ്പാടി കാക്കവയൽ വനപർവ്വം, താമരശ്ശേരി ചുരം ലക്കിടിയിലെ ചങ്ങല മരം, പൂക്കോട് തടാകം എന്നിവ കണക്റ്റ് ചെയ്തുള്ള യാത്രയാണ് കെ.എസ്.ആർ.ടി.സി. ഒരുക്കുന്നത്.
രാവിലെ 7 ന് താമരശ്ശേരി ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന യാത്ര അടിവാരത്ത് പ്രഭാത ഭക്ഷണത്തിന് ശേഷം ചുരം കയറി ലക്കിടിയിലെ കരിന്തണ്ടൻ സ്മരണ നിലനിൽക്കുന്ന ചങ്ങല മരത്തിന് അടുത്തെത്തും. തുടർന്ന് പൂക്കോട് തടാകത്തിലെത്തി കുറച്ച് നേരം ചെലവഴിക്കാം. പിന്നീട് താമരശ്ശേരി ചുരം വഴി ചിപ്പിലിത്തോടിലൂടെ തുഷാരഗിരിയിലെത്തി ചേരും. ഇവിടെ കുറച്ച് സമയം ഹരിതാഭ ആസ്വദിച്ച് തിരിച്ച് അടിവാരത്തെത്തി ഉച്ചഭക്ഷണം കഴിക്കാം. തുടർന്ന് വനപർവ്വം സന്ദർശിച്ച് ആറ് മണിയോടെ താമരശ്ശേരിയിൽ തിരിച്ചെത്തുന്ന തരത്തിലാണ് യാത്രയുടെ ഷെഡ്യൂൾ. വിനോദയാത്രയ്ക്ക് 650 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുക. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ചായ, സന്ദർശന സ്ഥലങ്ങളിലെ എൻട്രി ഫീസ് ഉൾപ്പെടുന്നതാണ് ഈ തുക. ആദ്യഘട്ടത്തിൽ ഞായറാഴ്ചകളിൽ മാത്രമാകും ബസ് സർവ്വീസ്. എന്നാൽ ബസിൻ്റെ സീറ്റുകൾ മുഴുവൻ ബുക്കിങ് ആയാൽ സ്പെഷ്യൽ സർവ്വീസും നടത്തുമെന്നും കെ.എസ്.ആർ.ടി.സി. അധിക്യതർ.
04952222217, 8848490187, 9895218975, 9961062548 നമ്പരുകളിൽ മുൻകൂട്ടി യാത്രയ്ക്ക് ബുക്ക് ചെയ്യാം. കന്നിയാത്രയ്ക്ക് ഇതിനകം നൂറിൽപരം സീറ്റുകൾ ബുക്കായി കഴിഞ്ഞു. അടുത്ത യാത്രകൾക്കുള്ള ബുക്കിങ്ങാണ് ഇപ്പോൾ തുടരുന്നത്.