🔳2024-ല്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ബി.ജെ.പി. ഭരണഘടന മാറ്റുമെന്നും സംവരണ സമ്പ്രദായം അവസാനിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. ഹിന്ദുയിസത്തിന് ഹിന്ദുത്വയുമായി ബന്ധമൊന്നുമില്ലെന്ന് സവര്‍ക്കര്‍, അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരിക്കലും പശുവിനെ അമ്മയായി പരിഗണിച്ചിട്ടില്ല. മാത്രമല്ല, ഗോമാംസം കഴിക്കുന്നതില്‍ അദ്ദേഹത്തിന് പ്രശ്‌നവുമുണ്ടായിരുന്നില്ല, ദിഗ്വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.
🔳കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരില്ലെന്ന് പറയാനാകില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. ഉചിതമായസമയത്ത് തീരുമാനമെടുക്കും. നിയമങ്ങള്‍ പിന്‍വലിച്ചതില്‍ സര്‍ക്കാരിന് നിരാശയില്ല. തല്‍ക്കാലം ഒരടി പിന്നോട്ട് വച്ചു. വീണ്ടും മുന്‍പോട്ട് വരുമെന്നും നരേന്ദ്ര സിംഗ് തോമര്‍ കൂട്ടിച്ചേര്‍ത്തു.
🔳വിവാദ കാര്‍ഷികനിയമങ്ങളെക്കുറിച്ചുള്ള കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിയുടെ മാപ്പപേക്ഷയെ കൃഷിമന്ത്രി അപമാനിച്ചു എന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. കാര്‍ഷിക നിയമങ്ങളുമായി വന്നാല്‍ വീണ്ടും പ്രതിഷേധം നേരിടേണ്ടി വരുമെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു.
🔳രാജ്യത്ത് കൊവിഡും ഒമിക്രോണും വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തും. കൊവിഡ് വൈറസിന്റെ വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും വാക്സീനേഷന്‍ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലേക്കുമാണ് കേന്ദ്രത്തിന്റെ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശും പഞ്ചാബും പട്ടികയിലുണ്ട്. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി ഗതികള്‍ സംഘം നേരിട്ടെത്തി പരിശോധിക്കും.
🔳സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ 51 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം ഒമിക്രോണ്‍ കേസുകള്‍ 38 ആയി. അതിനിടെ മലപ്പുറത്ത് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളെ ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
🔳മുസ്ലിം ലീഗ് സമൂഹത്തില്‍ വര്‍ഗ്ഗീയ നിറം പകര്‍ത്താന്‍ നോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് വിഷയത്തില്‍ ഈ നീക്കമാണ് നടന്നത്. വഖഫ് വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നു. അതുകൊണ്ടാണ് സാവകാശം ചര്‍ച്ച ചെയ്തിട്ടുമതി എന്ന് തീരുമാനിച്ചത്. സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും ഇതിനെ അംഗീകരിച്ചു. ലീഗിന് മാത്രം ഇത് അംഗീകരിക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
🔳ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. അതേസമയം, രണ്‍ജീത്ത് വധക്കേസില്‍ പ്രതികളില്‍ എത്താവുന്ന നിര്‍ണായക തെളിവുകള്‍ കൈവശമുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. രണ്‍ജീത് ശ്രീനിവാസിനെ വധിച്ചശേഷം സംസ്ഥാനം വിട്ട പ്രതികള്‍ക്ക് വേണ്ടി തമിഴ്നാട്ടിലാണ് അന്വേഷണം ആദ്യം തുടങ്ങിയത്. പിന്നീട് കര്‍ണാടകയിലേക്ക് നീണ്ടു. എസ്ഡിപിഐക്കാരായ പ്രതികള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടിനെ സഹായം ഇവിടങ്ങളില്‍ ലഭിക്കുന്നുണ്ടെന്നും അന്വേഷണം ഇപ്പോള്‍ ഏത് സംസ്ഥാനത്താണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എഡിജിപി പറഞ്ഞു.
🔳വിമര്‍ശനങ്ങളെ നേരിട്ട് കെ റെയിലുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഇടതു നിരയില്‍ ഭിന്നത ശക്തമാകുന്നു.ജനങ്ങളുമായി ചര്‍ച്ചചെയ്യാതെ മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വിമര്‍ശിച്ചു. പരിഷത്തിന്റെ ആശങ്കകള്‍ പരിഹരിക്കുമെന്ന് കോടിയേരി ഉറപ്പ് നല്‍കുമ്പോഴാണ് തുടര്‍ വിമര്‍ശനങ്ങള്‍.
🔳അന്തരിച്ച എംഎല്‍എ പി ടി തോമസിനോട് പുരോഹിതര്‍ മാപ്പ് പറയണമെന്ന് സിനിമാ നിര്‍മാതാവ്ആന്റോ ജോസഫ്. ജീവിച്ചിരിക്കെ പി ടിയുടെ പ്രതീകാത്മക ശവ ഘോഷ യാത്ര നടത്തിയതിനാണ് പുരോഹിതര്‍ മാപ്പ് പറയണമെന്ന് പി ടിയുടെ സുഹൃത്തും നിര്‍മാതാവുമായ ആന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചത്്. മതത്തിന്റെ പേരിലുള്ള സീറ്റ് വീതം വെപ്പ് നിര്‍ത്തി കോണ്‍ഗ്രസ് പി ടിയോട് നീതി പുലര്‍ത്തണമെന്നും ആന്റോ ജോസഫ് ആവശ്യപ്പെട്ടു.
🔳ക്രിസ്മസ് ദിനത്തിലും കുര്‍ബാന പരിഷ്‌കരണത്തില്‍ പ്രതിഷേധം ഒഴിയാതെ എറണാകുളം അങ്കമാലി അതിരൂപത. സിനഡ് നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികരും വിശ്വാസികളും ബിഷപ് ഹൗസില്‍ ഉപവാസ പ്രാര്‍ത്ഥന നടത്തി . നിധി പോലെ സൂക്ഷിക്കുന്ന അനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമം പുതിയ പരിഷ്‌കാരത്തിന് പിന്നിലുണ്ടെന്ന് വൈദികര്‍ പറഞ്ഞു.
🔳മലയോര മേഖലയുടെ സ്വപ്ന പദ്ധതിയായ കോഴിക്കോട് - വയനാട് തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുക്കാന്‍ വിജ്ഞാപനം ഇറങ്ങി. 2200 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്ടു നിന്ന് ചുരം കയറാതെ, വെറും എട്ടുകിലോമീറ്റര്‍ യാത്രകൊണ്ട് വയനാട്ടിലെത്താം. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ നിന്ന് മറിപ്പുഴ, സ്വര്‍ഗ്ഗംകുന്ന് വഴി വയനാട്ടിലെ കളളാടിയിലെത്തുന്നതാണ് നിര്‍ദ്ദിഷ്ട തുരങ്കപാത.
🔳മണ്ഡലപൂജയോട് അനുബന്ധിച്ചുള്ള തങ്ക അങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് ഇന്നലെ എത്തി. തുടര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടന്നു. ഇന്നാണ് മണ്ഡലപൂജ.
🔳തിരുവനന്തപുരം നെടുമങ്ങാട് വഴി തര്‍ക്കത്തിനിടെ അയല്‍വാസിയെ ദമ്പതികള്‍ കല്ല് കൊണ്ട് തലക്കടിച്ച് കൊന്നു. സംഭവത്തില്‍ ദമ്പതികള്‍ പിടിയിലായി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ നെടുമങ്ങാട് താന്നിമൂട് പച്ചക്കാട് സ്വദേശികളായ ബാബു (55) വിനെയും ഭാര്യ റെയ്ച്ചല്‍ (54) നെയും ആര്യനാട് പനയ്ക്കോട് ബന്ധുവീട്ടില്‍ നിന്നുമാണ് നെടുമങ്ങാട് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
🔳ക്രിസ്മസ്, പുതുവത്സര കാലത്ത് യാത്രക്കാരെ കൊള്ളയടിച്ച് വിമാന കമ്പനികള്‍. ഗള്‍ഫ് മേഖലയിലേക്ക് ഉള്‍പ്പെടെ ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടിയോളം കൂട്ടിയത് യാത്രക്കാരെ ദുരിതത്തിലാക്കി. കൊവിഡില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് നിരക്ക് വര്‍ധന ഇരുട്ടടിയാണ്. ക്രിസ്തുമസ് - പുതുവത്സര അവധിക്കാലം നാട്ടില്‍ ആഘോഷിക്കാനെത്തിയ പ്രവാസികളാണ് വിമാന നിരക്ക് കൂട്ടിയതോടെ വെട്ടിലായത്. സംസ്ഥാനത്തെ എല്ലാ അന്താരാഷ്ട്ര സര്‍വ്വീസുകളും നിരക്ക് കൂട്ടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ഗള്‍ഫ് മേഖലയിലേക്ക് തിരിച്ച് പോകാന്‍ മൂന്ന് ഇരട്ടിയിലധികം തുക നല്‍കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.
🔳അന്തരിച്ച സിപിഎം നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ പേര് പഞ്ചാബിലെ ഒരു റോഡിന് നല്‍കി കോണ്‍ഗ്രസ് സര്‍ക്കാര്‍. ബാരാ പിന്‍ഡില്‍ നിന്ന് ജാന്‍ഡിയാല വരെ പോകുന്ന 25 കിലോമീറ്റര്‍ റോഡിനാണ് സഖാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത് മാര്‍ഗെന്ന് പേര് നല്‍കിയത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയാണ് പേരിട്ടത്. ആറ് കോടി രൂപ ചെലവിലാണ് റോഡ് അറ്റകുറ്റപ്പണി നടത്തി പുനര്‍നാമകരണം നടത്തിയത്. ബുന്‍ഡാലയിലെ സീനിയര്‍ സെക്കന്‍ഡറി സ്മാര്‍ട്ട് സ്‌കൂളിനും സുര്‍ജിത്തിന്റെ പേരിട്ടു. അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നീക്കമെന്നും ശ്രദ്ധേയം.
🔳പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മത്സരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. സംയുക്ത സമാജ് മോര്‍ച്ച എന്ന പാര്‍ട്ടിയുടെ പേരിലാകും മത്സരം. ബല്‍ബീര്‍ സിങ്ങ് രജേവാളാകും പാര്‍ട്ടിയെ നയിക്കുക. നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 സീറ്റിലും മത്സരിക്കാനാണ് തീരുമാനം. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലാവാനും സാധ്യതയുണ്ട്. 22 കര്‍ഷകസംഘടനകളാണ് സംയുക്ത സമാജ് മോര്‍ച്ചയിലെ അംഗങ്ങള്‍.
🔳ലുധിയാന സ്ഫോടനത്തിന് പിന്നില്‍ ലഹരി മാഫിയയെന്ന് പഞ്ചാബ് ഡിജിപി. ലഹരിക്കേസില്‍ തനിക്കെതിരായ രേഖകള്‍ നശിപ്പിക്കാന്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഗഗന്‍ ദീപ് നടത്തിയതാണ് സ്ഫോടനമെന്നാണ് പൊലീസ് കണ്ടെത്തല്‍. സ്ഫോടനത്തിനായി ഖലിസ്ഥാന്‍ സംഘടനകളുടെ സഹായം കിട്ടിയെന്നും പഞ്ചാബ് ഡിജിപി സിദ്ദാര്‍ത്ഥ് ഛദ്യോപാധ്യായ വ്യക്തമാക്കി. അതേസമയം സ്ഫോടനത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്സ് ആണെന്ന പ്രാഥമിക റിപ്പോര്‍ട്ടും പുറത്തു വന്നു.
🔳ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വേ. ഇന്ത്യ ന്യൂസ്-ജന്‍ കി ബാത് സര്‍വേയിലാണ് ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നും സര്‍വേയില്‍ പറയുന്നു. 70 അംഗ നിയമസഭയില്‍ ബിജെപി 35 മുതല്‍ 38 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ആഭ്യന്തര കലഹമാണെങ്കിലും കോണ്‍ഗ്രസ് 27 മുതല്‍ 31 സീറ്റുകള്‍ വരെ നേടും. ആറ് സീറ്റുകള്‍ ആംആദ്മി പാര്‍ട്ടി നേടുമെന്നും സര്‍വേ പറയുന്നു.
🔳ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. സെഞ്ചൂറിയനില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് കളിതുടങ്ങുക. ട്വന്റി 20- ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം വിരാട് കോലിക്ക് കീഴില്‍ ടീം ഇന്ത്യ ആദ്യമായിറങ്ങുന്നു. കോച്ച് രാഹുല്‍ ദ്രാവിഡിന് കീഴില്‍ ഇന്ത്യയുടെ ആദ്യ വിദേശ പര്യടനമാണിത്. ഇന്ത്യ അഞ്ച് ബൗളര്‍മാരെ കളിപ്പിക്കുമെന്നാണ് വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ നല്‍കുന്ന സൂചന.
🔳ആഗോളതലത്തില്‍ ഇന്നലെ 4,72,103 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 40,458 പേര്‍ക്കും റഷ്യയില്‍ 24,946 പേര്‍ക്കും ഫ്രാന്‍സില്‍ 1,04,611 പേര്‍ക്കും ഇറ്റലിയില്‍ 54,762 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 27.98 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.43 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 3,796 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 108 പേരും റഷ്യയില്‍ 981 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54.12 ലക്ഷമായി.
🔳ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2021 വലിയ നേട്ടങ്ങളുടെ ഭാഗ്യവര്‍ഷമായെന്ന് കണക്കുകള്‍. 36 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സ്റ്റാര്‍ട്ട്അപ്പുകളിലേക്ക് എത്തിയത്. യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്മെന്റ് ഡാറ്റ പ്ലാറ്റ്ഫോമായ പ്രികിനാണ് കണക്കുകള്‍ പുറത്തുവിട്ടത്. കൊവിഡിന്റെ പിടിയിലമര്‍ന്ന 2020 ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് 11 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കിട്ടിയത്. പ്രി ഐപിഒ ഫണ്ടിംഗായി ഒല, സൊമാറ്റോ, പോളിസി ബസാര്‍, നൈകാ, പേടിഎം തുടങ്ങിയ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് എത്തിയത് 5.58 ബില്യണ്‍ ഡോളറായിരുന്നു. ഇതിന് പുറമെ റിസ്‌ക് കാപിറ്റല്‍ ഫണ്ടുകളും വര്‍ധിച്ചു.