താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിലും 'ആ' ശങ്ക തീർക്കാം: ആധുനിക പൊതു ശൗചാലയം ഉദ്ഘാടനം ഇന്ന്
താമരശ്ശേരി:
പരാതികൾക്കും പരിഭവങ്ങൾക്കും വിട, താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിലും ഇനി 'ആ' ശങ്ക തീർക്കാം. ആധുനിക പൊതു ശൗചാലയം ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. 20 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച ശൗചാലയം ഉദ്ഘാടനം രാവിലെ പത്തിന് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെ.ടി. അബ്ദുറഹ്മാൻ നിർവഹിക്കും..
വനിതകൾക്കും പുരുഷന്മാർക്കും രണ്ട് വീതം ടോയ്ലെറ്റുകളും ആറ് യൂറിനൽസും നാല് വാഷ് ബെയിസിനുകളും അടങ്ങുന്നതാണ് ശൗചാലയ സമുച്ചയം. നിലവും ഭിത്തിയും ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്. കെട്ടിട പെയിൻ്റിങ് ചെയ്ത് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റ് പരിസരത്തായി പൊതു ശൗചാലയം കാലങ്ങളായി ഇല്ലാത്തത് യാത്രക്കാർക്കും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇത് വിവാദമാകുകയും ചെയ്തിരുന്നു. തുടർന്നാണ് ഗ്രാമപഞ്ചായത്ത് പൊതു ശൗചാലയം പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കിയത്.