സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം: നാല് പേർ പിടിയിൽ
തിരുവല്ല:
സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പി.ബി സന്ദീപ് കുമാറിനെ (36) കുത്തിക്കൊന്ന കേസിൽ നാലുപേർ പിടിയിൽ. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ ജിഷ്‌ണു, പ്രമോദ്, നന്ദു, കണ്ണൂർ സ്വദേശി ഫൈസല്‍ (ഫൈസി ) എന്നിവരാണ് പൊലീസ് പിടികൂടിയത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റായ ജിഷ്‌ണു ജയിലിൽ കഴിഞ്ഞപ്പോൾ പരിചയപ്പെട്ടയാളാണ് ഫൈസി. കൊലപാതകത്തിനായി ജിഷ്‌ണു കൊണ്ടുവന്നതാണ് ഇയാളെയെന്നും പോലീസ്. കരുവാറ്റയിൽ നിന്നാണ് ഇവരെ പിടികൂടിയത്.
വീട്ടിലേക്ക് ബൈക്കിൽ പോകുമ്പോൾ രണ്ട് ബൈക്കിലെത്തിയ അഞ്ചംഗ സംഘം വഴിയിൽ തടഞ്ഞാണ് ആക്രമിച്ചത്. നിലതെറ്റി റോഡിൽ വീണ് എഴുന്നേൽക്കുന്നതിനിടെ കുത്തിവീഴ്‌ത്തി. നെഞ്ചത്തും പുറത്തുമായി നിരവധി കുത്തേറ്റു. കൈയ്‌ക്കും കാലിനും വെട്ടുമുണ്ട്. വ്യാഴം രാത്രി എട്ടോടെ വീടിന് അടുത്ത് ചാത്തങ്കേരി എസ്എൻഡിപി ഹൈസ്‌കൂളിന് സമീപത്തെ കലുങ്കിനടുത്തായിരുന്നു ആക്രമണം. രാഷ്‌ട്രീയ സംഘർഷം തീരെയില്ലാത്ത പ്രദേശത്താണ് ആസൂത്രിത ആക്രമണം നടന്നത്.