About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022  | ജനുവരി 11| 1197 ധനു 27 ആഖിർ 08| ചൊവ്വ | അശ്വതി|



🔳ഇടുക്കി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ  കുത്തിക്കൊന്ന സംഭവത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ധീരജിന്റെ കൊലപാതകത്തില്‍ ജെറിന്‍ ജോജോ ഉള്‍പെടെ അഞ്ചുപേരെകൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ എന്‍ജിനീയറിംഗ്  കോളജ് വിദ്യാര്‍ത്ഥികളായ കെഎസ്യു പ്രവര്‍ത്തകരാണ്.
🔳എസ്എഫ്ഐപ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ മൃതദേഹം ഇന്നു പോസ്റ്റുമോര്‍ട്ടത്തിനുശേഷം കണ്ണൂര്‍ തളിപ്പറമ്പ് പട്ടപ്പാറയിലെ വീട്ടിലേക്കു കൊണ്ടുപോകും. വീടിനോട് ചേര്‍ന്ന് അന്ത്യവിശ്രമസ്ഥലം ഒരുക്കാന്‍ സിപിഎം  എട്ട് സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി. ഇവിടെയാണു മൃതദേഹം സംസ്‌കരിക്കുക. ഇവിടെ സ്മാരകവും പണിയും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നു നാലുമുതല്‍ തളിപ്പറമ്പില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ധീരജിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്നും സിപിഎം അറിയിച്ചു.
🔳എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ സംസ്ഥാനത്തുടനീളം ജാഥകളും സംഘര്‍ഷാവസ്ഥയും. ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എസ്എഫ്ഐ. പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് എസ്എഫ്ഐ  ആരോപിച്ചു.
🔳ആഭ്യന്തര യാത്രക്കും സംസ്ഥാനാന്തര യാത്രക്കും പരിശോധന വേണ്ടെന്ന് ഐസിഎംആര്‍. കോവിഡ് പരിശോധനാ ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പരിശോധന നടത്തേണ്ടതില്ല. അന്താരാഷ്ട്ര യാത്രക്കാര്‍ക്കു മാത്രം പരിശോധന മതി. അടിയന്തര ശസ്ത്രക്രിയകള്‍ക്ക്  കൊവിഡ് പരിശോധന നിര്‍ബന്ധമാക്കരുത്. ലക്ഷണങ്ങള്‍ ഇല്ലാത്ത മറ്റ് രോഗികള്‍ പരിശോധന നടത്തേണ്ടതില്ല.
🔳സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ സമയമായിട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി റാവു സാഹിബ് പട്ടീല്‍ ദാന്‍വേ. പാര്‍ലിമെന്റില്‍ ശൂന്യ വേളയില്‍ കെ. മുരളീധരന്‍ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ  പ്രസ്താവന. കെ റെയില്‍ റെയില്‍വേയുടെയും കേരളാ സര്‍ക്കാരിന്റെയും സംയുക്ത സംരംഭമാണ്.  51 ശതമാനം കേരളാ സര്‍ക്കാരും 49 ശതമാനം കേന്ദ്ര സര്‍ക്കാരുമാണ് സംരംഭത്തിനായി മുടക്കുന്നത്. പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക സാധ്യതകൂടി പരിശോധിക്കാനുണ്ട്. അലൈന്‍മെന്റ്, നിര്‍മ്മാണ രീതി, ഭൂമിഏറ്റെടുക്കല്‍ എന്നിവയ്ക്കു സമയമായിട്ടില്ലെന്നും മന്ത്രി.
🔳ഇടുക്കിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ചവറയില്‍ എന്‍ കെ. പ്രേമചന്ദ്രന്‍ എംപിയുടെ വാഹനത്തിനുനേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം. മലപ്പുറത്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ചടങ്ങിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരേയും അക്രമമുണ്ടായി. സംസ്ഥാനത്തുടനീളം എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ ജാഥകള്‍. ചിലയിടങ്ങളില്‍ സംഘര്‍ഷാവസ്ഥ.
🔳ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകം അങ്ങേയറ്റം ദുഖകരമാണ്. കലാലയങ്ങളില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല. മുഖ്യമന്ത്രി പറഞ്ഞു.
🔳കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായശേഷം സംസ്ഥാനത്ത് അക്രമ രാഷ്ട്രീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുധാകരന്‍ പ്രകോപനമുണ്ടാക്കുന്നു. ഇതുവരെ 21 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ്  കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതാണ് കോണ്‍ഗ്രസിന്റെ സെമി കേഡറെങ്കില്‍ കേരളത്തിന്റെ അവസ്ഥയെന്താകുമെന്നും കോടിയേരി ചോദിച്ചു.
🔳കേരളത്തില്‍ കോവിഡ് വ്യാപനം ക്രമാതീതമായാല്‍ നേരിടാന്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആശുപത്രിയില്‍ രോഗിയെ പ്രവേശിപ്പിക്കല്‍, മൊത്തം രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍, നിരീക്ഷണ കംവിധാനം, പരിശോധനാ സൗകര്യങ്ങള്‍, ഓക്സിജന്‍ സ്റ്റോക്ക് എന്നിവ വര്‍ധിപ്പിക്കാനും നിരീക്ഷിക്കാനും കഴിയുന്ന കര്‍മപദ്ധതിയാണെന്നും ആരോഗ്യമന്ത്രി. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് അടുത്ത ഘട്ടത്തെ നേരിടാവുന്ന സംവിധാനങ്ങള്‍ ആശുപത്രികളില്‍ ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
🔳കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതിരോധ ഉപകരണങ്ങളും മരുന്നും മറ്റും വാങ്ങിയതില്‍ നടന്ന ക്രമക്കേടിനെക്കുറിച്ചു വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എം.കെ മുനീര്‍ എംഎല്‍എ. ഒരുദിവസം തന്നെ മൂന്നിരട്ടിവരെ വ്യത്യസ്ത നിരക്കില്‍ പിപിഇ കിറ്റുകളും എന്‍ 95 മാസ്‌കുകളും വാങ്ങിയെന്ന് എംഎല്‍എ ആരോപിച്ചു.
🔳മോറിസ് കോയിന്‍ ക്രിപ്റ്റോ കറന്‍സി തട്ടിപ്പു കേസിലെ പ്രധാന പ്രതിയും മലപ്പുറം സ്വദേശിയുമായ നിഷാദ് കിളിയിടുക്കിലിന്റെയും കൂട്ടാളികളുടെയും ആസ്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 36 കോടി 72 ലക്ഷത്തിലധികം രൂപയുടെ വസ്തുവകകളാണ്  കണ്ടുകെട്ടിയതെന്നു ഇഡി  അറിയിച്ചു.
🔳അക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യവുമായി മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരടക്കം മലയാള സിനിമയിലെ കൂടുതല്‍ താരങ്ങള്‍. ടൊവീനോ തോമസ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, നീരജ് മാധവ്, അന്ന ബെന്‍, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയന്‍, ബാബുരാജ്, ആര്യ, സംവിധായകന്‍ ആഷിക് അബു ഡബ്യുസിസി അംഗങ്ങളായ പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, അഞ്ജലി മേനോന്‍ തുടങ്ങിയവര്‍ നടി പങ്കുവച്ച കുറിപ്പു ഷെയര്‍ ചെയ്തു. അഞ്ച് വര്‍ഷമായി താന്‍ നടത്തുന്ന അതിജീവന യാത്രയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവച്ച കുറിപ്പാണ് ഇവര്‍ ഷെയര്‍ ചെയ്തത്. നടിയുടെ കുറിപ്പ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറല്‍ ആയി.
🔳കൊച്ചിയില്‍ 14 കാരിയെ പീഡിപ്പിച്ച കേസില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപികയടക്കം നാലു പേരെ കോടതി 12 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. കിഴക്കമ്പലം സ്വദേശി അനീഷ, പട്ടിമറ്റം സ്വദേശി ബേസില്‍, കിഴക്കമ്പലം സ്വദേശി ബിജിന്‍, തൃക്കാക്കര തേവയ്ക്കല്‍ സ്വദേശി ജോണ്‍സ് മാത്യു എന്നിവരെയാണ് ശിക്ഷിച്ചത്. പിഴയും ഒടുക്കണം. 2015 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. അനീഷ പരിചയപ്പെടുത്തിക്കൊടുത്ത പെണ്‍കുട്ടിയെ പ്രതികള്‍ പീഡിപ്പിച്ചെന്നും ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചെന്നുമാണു കേസ്.
🔳കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ പെര്‍മിറ്റ് ഇല്ലാത്ത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് ഇന്നും തുടരും. വഴിയോരക്കച്ചവടക്കാരില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വെന്‍ഡിംഗ് ലൈസന്‍സ് ഉള്ളവരെ മാത്രമേ വഴിയോരകച്ചവടത്തിന് അനുവദിക്കാവൂവെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് കോപ്പറേഷന്‍ നടപടി തുടങ്ങിയത്.
🔳കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങി വീടുനിര്‍മിച്ചശേഷം സ്വകാര്യതയ്ക്കു തടസമായ ഷാപ്പ് മാറ്റണമെന്നു വാദിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. ഷാപ്പു മാറ്റി സ്ഥാപിക്കണമെന്ന സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. വൈക്കം റേഞ്ചിലുള്ള കള്ളുഷാപ്പു മാറ്റണമെന്ന ഹര്‍ജിയിലാണ് ഈ ഉത്തരവ്.
🔳ബംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പെടെ ആറു പേര്‍ മരിച്ചു. ബംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ ജിതിന്‍ ബി ജോര്‍ജ് ആണ് മരിച്ച മലയാളി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ലോറി ഇടിക്കുകയായിരുന്നു. ലോറി രണ്ട് കാറുകളുമായി കൂട്ടിയിടിച്ചു. ഒരു കാറിലുണ്ടായിരുന്നത് ബംഗളൂരുവിലെ നാലംഗ കുടുംബമാണ്. രണ്ടാമത്തെ കാറിലാണ് ജിതിന്‍ ഉണ്ടായിരുന്നത്.
🔳കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സാമൂഹിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. രാത്രികാല കര്‍ഫ്യൂ ഈ മാസം 31 വരെ നീട്ടി. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ തുടരും. ഈ മാസം 14 മുതല്‍ 18 വരെ ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. കടകളില്‍ എയര്‍കണ്ടീഷണര്‍ ഉപയോഗിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി.
🔳കൊവിഡ് വ്യാപനത്തിനിടെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പദയാത്ര. നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഡി.കെ. ശിവകുമാര്‍, സിദ്ധരാമ്മയ്യ എന്നിവരടക്കം നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. പദയാത്ര വേദിയില്‍ കൊവിഡ് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഡി.കെ ശിവകുമാര്‍ മടക്കി അയച്ചു. സംസ്ഥാനം ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷത്തെ കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയപ്പോര് രൂക്ഷമായിരിക്കുകയാണ്.
🔳ഡല്‍ഹിയില്‍ രോഗവ്യാപനം ക്രമാതീതമായി വര്‍ധിച്ചതോടെ ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനു വിലക്ക്. ബാറുകള്‍ക്കും വിലക്കു ബാധകമാണ്.
🔳തെലുങ്കാനയില്‍ നരബലി. ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ പാദങ്ങളില്‍ യുവാവിന്റെ തല അറുത്ത നിലയില്‍. നല്‍ഗോണ്ട ജില്ലയിലെ ചിന്തപ്പള്ളി മണ്ടലിലുള്ള ഗൊല്ലപ്പള്ളിയിലെ മഹാകാളി ക്ഷേത്ര വിഗ്രഹത്തിന്റെ കാല്‍ക്കീഴിലാണ് യുവാവിന്റെ അറുത്തെടുത്ത ശിരസ് കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ ബാക്കിയുള്ള മൃതദേഹ ഭാഗങ്ങളും കണ്ടെത്താനുണ്ട്.
🔳കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനു കോവിഡ്. അദ്ദേഹംതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടില്‍ ക്വാറന്റൈനിലാണ്.
🔳കഴിഞ്ഞ നവംബറില്‍ പത്താന്‍കോട്ട് വ്യോമകേന്ദ്രത്തിനു പുറത്ത് ത്രിവേണി കവാടത്തിനരികിലുണ്ടായ സ്ഫോടനത്തിന് ഉത്തരവാദികളായ ആറുപേരെ പഞ്ചാബ് പോലീസ് അറസ്റ്റു ചെയ്തു. ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്റെ നേതാക്കളാണ് അറസ്റ്റിലായവര്‍. ഇവരില്‍നിന്നു തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.
🔳കര്‍ണാടകയില്‍ ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടിയ ഭര്‍ത്താവ് അറസ്റ്റിലായി. ഭാര്യയെ കാണാനില്ലെന്നു ഭര്‍ത്താവു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചിത്രദുര്‍ഗ കൊനനേരു സ്വദേശി സുമയാണ് കഴിഞ്ഞ മാസം 26 ന് കൊല്ലപ്പെട്ടത്. രണ്ടം വിവാഹത്തിനായാണ് നാല്‍പ്പതുകാരനായ കരിയപ്പ ഭാര്യയെ കൊന്നത്.  മൃതദേഹം സ്വീകരണ മുറിയില്‍ ആഴത്തില്‍ കുഴിയെടുത്ത് മറവു ചെയ്തശേഷം തറ ടൈലിട്ട് മനോഹരമാക്കിയിരുന്നു. മുകളില്‍ ഫര്‍ണീച്ചറുകളും നിരത്തി. കരിയപ്പയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകകഥ പുറത്തായത്. ആറ് വര്‍ഷം മുമ്പു വിവാഹിതാരയ ഇവര്‍ക്ക് അഞ്ചു വയസ്സുള്ള മകനുണ്ട്.
🔳മദ്യപിച്ചു വാഹനമോടിച്ച പൊലീസുകാരന്റെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. ഡല്‍ഹിയിലെ ബുധവിഹാര്‍ മേഖലയിലെ രോഹിണിയിലാണ് സംഭവം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സേവനമായ സൊമാറ്റോയുടെ ഡെലിവെറി ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. കാറോടിച്ച ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിളായ മഹേന്ദ്രയെ അറസ്റ്റുചെയ്തിട്ടുണ്ട്.
🔳രാജ്യത്ത് ഇന്നലെ 1,56,411 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 33,470 പേര്‍ക്കും കര്‍ണാടകയില്‍ 11,698 പേര്‍ക്കും തമിഴ്നാട്ടില്‍ 13,990 പേര്‍ക്കും പശ്ചിമബംഗാളില്‍ 19,286 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 8,334 പേര്‍ക്കും  ഡല്‍ഹിയില്‍ 19,166 പേര്‍ക്കും രാജസ്ഥാനില്‍ 6,095 പേര്‍ക്കും ഗുജറാത്തില്‍ 6,097 പേര്‍ക്കും ഹരിയാനയില്‍ 5,736 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു,
🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ അഞ്ച് ലക്ഷത്തിനടുത്തും ഇംഗ്ലണ്ടില്‍ 1,42,224 പേര്‍ക്കും ഫ്രാന്‍സില്‍ 93,896 പേര്‍ക്കും തുര്‍ക്കിയില്‍ 65,236 പേര്‍ക്കും ഇറ്റലിയില്‍ 1,01,762 പേര്‍ക്കും സ്പെയിനില്‍ 97,464 പേര്‍ക്കും അര്‍ജന്റീനയില്‍ 88,352 പേര്‍ക്കും ആസ്ട്രേലിയയില്‍ 71,302 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 31.01 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 4.43 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 3,886 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 595 പേരും റഷ്യയില്‍ 741 പേരും  ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55.10 ലക്ഷമായി.
🔳2021 ഏഷ്യന്‍ രാജ്യങ്ങളിലെ സ്വര്‍ണ ഇടിഎഫ് ആസ്തികളുടെ മൂല്യത്തില്‍ 20 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. മൊത്തം 25.4 ടണ്‍ ഇടിഎഫ് കളുടെ ആസ്തിയിലേക്ക് ചേര്‍ക്കപ്പെട്ടു. മൊത്തം ആസ്തികളുടെ മൂല്യം 8.4 ശതകോടി ഡോളര്‍. ഏഷ്യന്‍ മേഖലയില്‍ പുതുതായി നിക്ഷേപം വന്നതില്‍ 60 ശതമാനം ചൈനയുടെ സ്വര്‍ണ്ണ ഇടിഎഫുകളിലാണ്. ഇന്ത്യന്‍ സ്വര്‍ണ ഇടിഎഫുകളുടെ ആസ്തിയില്‍ 30.70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2021ല്‍ അധികമായി എത്തിയത് 9.3 ടണ്‍ സ്വര്‍ണ്ണം. മൊത്തം ഇടിഎഫ് മൂല്യം 2.4 ശതകോടി ഡോളര്‍. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലാണ് കണക്കുകള്‍ പുറത്തുവിട്ടത്.
🔳ഉല്‍പ്പാദനച്ചെലവ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുതുവര്‍ഷം ഇലക്ട്രിക് ഗൃഹോപകരണങ്ങള്‍ക്ക് വില ഉയര്‍ന്നിരുന്നു. ചെലവ് ഉയരുന്ന സാഹചര്യത്തില്‍ വീണ്ടും വില ഉയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് നിര്‍മാതാക്കള്‍. വാഷിംഗ് മെഷീനുകള്‍ ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങള്‍ക്ക് അഞ്ച് മുതല്‍ 10 ശതമാനം വരെ വില ഉയരും.  ജനുവരി- മാര്‍ച്ച് കാലയളവില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 5-7 ശതമാനം വില വര്‍ധിപ്പിക്കും. ഹയര്‍ എസി, വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്റര്‍ മുതലായവയ്ക്ക് 3-5 ശതമാനം വില വര്‍ധിപ്പിക്കും.
🔳വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വൈറല്‍ സെബി''ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഈജിപ്ഷ്യന്‍ സ്വദേശി മിറ ഹമീദ്, പ്രമുഖ യൂട്യൂബര്‍ സുദീപ് കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജിത മഠത്തില്‍, ആനന്ദ് ഹരിദാസ് എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഇര്‍ഷാദ്, നമിത പ്രമോദ്, സിദ്ധാര്‍ത്ഥ് ശിവ, ജോയ് മാത്യു, വെങ്കിടേഷ്, അനുമോള്‍, കുട്ടിയേടത്ത് വിലാസിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.