കോഴിക്കോട് ചിൽഡ്രൻസ് ഹോം കേസ്: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി ഒന്നര മണിക്കൂറിനുള്ളിൽ പിടിയിൽ
കോഴിക്കോട്:
വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതെ പോയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ. കൊടുങ്ങല്ലൂർ ചേറാടി ഫെബിൻ റാഫി (26)യെയാണ് ഒന്നര മണിക്കൂറിനുള്ളിൽ വെളിമാടുകുന്ന് ലോ കോളേജ് പരിസരത്ത് നിന്നും പോലീസ് പിടികൂടിയത്. ഇയാൾ ഇവിടെത്തെ കുറ്റികാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികൾ കാണാതെപോയത്. കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്.
ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം പിടിയിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ ആണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പൊക്സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്തുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.