യഥാർത്ഥ വികസിത രാജ്യമായി ഈ സമൂഹം മാറാൻ മതനിരപേക്ഷത അനിവാര്യം: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്:
യഥാർത്ഥ വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്ക് ഈ സമൂഹം മാറണമെങ്കിൽ മതനിരപേക്ഷത അനിവാര്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പതാക ഉയർത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയാണ് നമ്മുടെ നാടിൻ്റെ മുഖമുദ്ര. അതു തകർക്കാൻ ഒരു ശക്തിയേയും അനുവദിക്കരുത്. സംഭവങ്ങളെ മതത്തിൻ്റെയും ജാതിയുടേയും അടിസ്ഥാനത്തിൽ വിലയിരുത്തുന്ന പ്രവണത സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. അത് ആശാവഹമല്ല. മത സാഹോദര്യം തകർക്കാനേ ഇത് വഴി വെക്കൂ. യുവജനങ്ങൾ മതനിരപേക്ഷതയുടെ കാവലാളുകളാവണം. കലർപ്പില്ലാത്ത മതസാഹോദര്യം പുലരേണ്ടത് രാജ്യത്തിൻ്റെ പുരോഗതിയ്ക്ക് അനിവാര്യമാണ്. ജനാധിപത്യ സമൂഹമെന്ന നിലയിൽ എന്തു വില കൊടുത്തും നാം ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചേ തീരൂ. ഫെഡറലിസത്തിനും ഊന്നൽ നൽകുമ്പോഴേ ഈ സങ്കൽപ്പം സുന്ദരമാവുകയുള്ളൂ. അത് അർത്ഥവത്തായ രീതിയിൽ പ്രായോഗികമാകുമ്പോൾ രാജ്യം പുരോഗതിയിലേക്ക് നീങ്ങും.
ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യമോ ജനാധിപത്യമോ പൊടുന്നനെ ഒരു ദിവസം ഉണ്ടായതല്ല. കാലങ്ങൾ നീണ്ട സഹന സമരങ്ങളിലൂടെയാണ് നാമത് നേടിയത്. ശ്രീ നാരായണ ഗുരുവിനെപ്പോലെയുള്ള മഹാന്മാരായ സാമൂഹ്യ പരിഷ്കർത്താക്കളും സ്വാതന്ത്യ സമര ഭടന്മാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ അടിയുറച്ചു പ്രവർത്തിച്ചവരുമെല്ലാം ചേർന്നാണ് ഈ നാടിനെ രൂപപ്പെടുത്തിയത്. ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾക്കായി അവർ സധൈര്യം നിലകൊണ്ടു. മലബാറിൻ്റെ മണ്ണിൽ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ട മഹദ് വ്യക്തിത്വങ്ങളായ കെ.കേളപ്പൻ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, കെ.പി.കേശവമേനോൻ, എ.വി.കുട്ടിമാളു അമ്മ, കെ.എ.ദാമോദര മേനോൻ, ഇഎംഎസ്, കെ.മാധവൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, പി.കൃഷ്ണപിള്ള, എ.കെ.ജി. തുടങ്ങിയവർ അവരിൽ ചിലർ മാത്രം. അവരുടെ ഓർമകളെ മനപ്പൂർവ്വം അവഗണിക്കുന്നത് നമ്മുടെ ഭരണഘടന മുന്നോട്ടു വെക്കുന്ന ആശയത്തിന് കടകവിരുദ്ധമാണ്. ലോകത്തെയാകെ പിടിച്ചുലച്ച കോവിഡ് മഹാമാരി ഇപ്പോഴും നമ്മെ വിടാതെ പിൻതുടരുകയാണ്. അതു സൃഷ്ടിച്ച പ്രത്യാഘാതങ്ങളിൽ നിന്നും ലോകം ഇനിയും മോചനം നേടിയിട്ടുമില്ല. പല മേഖലകളും തകർച്ച നേരിടുകയാണ്. നമ്മുടെ സംസ്ഥാനത്തെയും അത് പല രൂപത്തിൽ ബാധിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രതിസന്ധികളെയെല്ലാം സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് മറികടക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനെ ഒരുമിച്ച് നമുക്ക് നേരിടാനാകണം. ഐക്യത്തിൻ്റെയും മാനവികതയുടേയും മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്ന ഭരണഘടനയുടെ സന്ദേശം കെടാതെ സൂക്ഷിക്കുമെന്ന് ഓരോരുത്തർക്കും പ്രതിജ്ഞ ചെയ്യാമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരേഡ് സംഘടിപ്പിച്ചത്. മാർച്ച് പാസ്റ്റ് ഉണ്ടായിരുന്നില്ല. കോഴിക്കോട് സിറ്റി ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെയും റൂറല്‍ ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെയും സായുധ സേന പ്ലാറ്റൂണുകളും എക്‌സൈസ്, ഫോറസ്റ്റ് പ്ലാറ്റൂണുകളുമാണ് പരേഡിൽ അണി നിരന്നത്. സിറ്റി ട്രാഫിക് പോലീസ് ഇൻസ്പെക്ടർ വി.ജയചന്ദ്രൻ പിള്ളയായിരുന്നു പരേഡ് കമാൻ്റർ. ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് സബ് ഇൻസ്പെക്ടർ മുരളീധരൻ സെക്കൻ്റ് കമാൻ്റർ ആയിരുന്നു.
എം.കെ.രാഘവൻ എം പി, എം എൽ എ മാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ.എം.സച്ചിൻ ദേവ്, മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവിമാരായ എ.വി.ജോർജ്ജ്, ഡോ.എ.ശ്രീനിവാസ്, സബ് കലക്ടർ വി.ചെൽസാസിനി, അസിസ്റ്റൻറ് കലക്ടർ മുകുന്ദ് കുമാർ, വിവിധ വകുപ്പ് മേധാവിമാർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.