About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022  | ജനുവരി 02| 1197 ധനു 18| അവ്വൽ 28| ഞായർ | മൂലം|


വിദേശ ഫണ്ടു സ്വീകരിക്കുന്നതിനുള്ള ലൈസന്‍സുകള്‍ കേന്ദ്ര സര്‍ക്കാര്‍ കൂട്ടത്തോടെ റദ്ദാക്കി. ആറായിരത്തോളം സന്നദ്ധ സംഘടനകളുടേയും എന്‍ജിഒകളുടേയും ലൈസന്‍സാണ് റദ്ദാക്കിയത്. മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ലൈസന്‍സ് പുതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചത് രണ്ടാഴ്ച മുമ്പു വിവാദമായിരുന്നു.
🔳സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ നാളെ ആരംഭിക്കും. വാക്സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നലെ ആരംഭിച്ചു. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ മുതല്‍ ജില്ലാ, ജനറല്‍ ആശുപത്രികള്‍ വരെയുള്ളിടങ്ങളില്‍ കുട്ടികള്‍ക്കു വാക്‌സിന്‍ നല്‍കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കും. കര്‍മപദ്ധതി രൂപീകരിച്ചതായി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്.
🔳ആലപ്പൂഴയില്‍ ബിജെപി നേതാവ് രഞ്ജിത്ത് ശ്രിനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ നാലുപേര്‍കൂടി അറസ്റ്റിലായി. വലിയമരം സ്വദേശി സൈഫുദീന്‍, പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷ എന്നിവരടക്കം നാലു പേരാണു പിടിയിലായത്. ഗൂഡാലോചനയ്ക്കാണു സൈഫുദീന്‍ കുടുങ്ങിയത്. സിംകാര്‍ഡ് നല്‍കിയതിനാണ് മുഹമ്മദ് ബാദുഷയ്ക്കെതിരേ കേസ്.
🔳പാര്‍ട്ടിക്കു വഴങ്ങാതെ നേതാക്കള്‍ സ്വയം ആളാകാന്‍ നോക്കിയാല്‍ നേതൃത്വം സ്വന്തം നിലയില്‍ തീരുമാനമെടുക്കമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് ഇങ്ങനെ പറഞ്ഞത്. സിപിഎമ്മില്‍ വിഭാഗീയത അംഗീകരിക്കില്ല. അദ്ദേഹം ഓര്‍മിപ്പിച്ചു.
🔳കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് താത്കാലിക ആശുപത്രികള്‍ സജ്ജമാക്കണമെന്നും നിര്‍ദേശമുണ്ട്.
🔳വിപണിയില്‍ കുതിച്ചുയരുന്ന അരിവില പിടിച്ചു നിര്‍ത്താന്‍ റേഷനരി വിഹിതം വര്‍ധിപ്പിച്ചെന്ന്  ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. പച്ചരിവിഹിതം 50 ശതമാനമായി ഉയര്‍ത്തി.  ആന്ധ്ര അരി എല്ലാ വിഭാഗത്തിനും ലഭ്യമാക്കും. പൊതുവിഭാഗത്തിന് പത്തു കിലോ അരി വീതം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
🔳പശ്ചിമ ഘട്ട സംരക്ഷണത്തിന് കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കരടു വിജ്ഞാപനത്തിന്റെ കാലാവധി ആറു മാസത്തേക്കുകൂടി നീട്ടി. ജൂണ്‍ 30 വരെയാണു കാലാവധി നീട്ടിയത്.
🔳ഒരേ നമ്പരില്‍ കാരുണ്യ ലോട്ടറിക്കു രണ്ടു ടിക്കറ്റുകള്‍. അച്ചടിയിലെ പിഴവാണു കാരണമെന്നാണു പ്രാഥമിക നിഗമനം. ടിക്കറ്റ് അച്ചടിച്ച കെബിപിഎസിനോട് വിശദീകരണം തേടുമെന്ന് ലോട്ടറി ഡയറക്ടര്‍ ഏബ്രഹാം റെന്‍.
🔳ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറച്ചതില്‍ പ്രതിഷേധിച്ച് പുതുവത്സര ദിനത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ക്ലിനിക്ക് നടത്തി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ നേതൃത്വത്തിലാണ് നില്‍പ്പ് സമരവേദിയില്‍ രോഗികളെ പരിശോധിച്ച് പ്രതിഷേധിച്ചത്.
🔳കോവളത്ത് വിദേശിയെക്കൊണ്ടു മദ്യം ഒഴുക്കിക്കളഞ്ഞ സംഭവത്തില്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്തതിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍. ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്നു നിര്‍ദ്ദേശിച്ചതിനാണ് വിരമിക്കാന്‍ അഞ്ചു മാസമുള്ള എസ് ഐ ഷാജിയെ ശിക്ഷിച്ചതെന്ന് അസോസിയേഷന്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഡിജിപിയേയും അസോസിയേഷന്‍ പ്രതിഷേധം അറിയിച്ചു. എന്നാല്‍ ബീച്ചിലേക്കല്ല, സുഹൃത്ത് താമസിച്ചിരുന്ന ഹോട്ടലിലേക്കു പോകുമ്പോഴാണ് കോവളം ജ്ഗ്ഷനില്‍ പോലീസ് നടപടിയുണ്ടായതെന്ന് സ്വീഡിഷ് പൗരന്‍ സ്റ്റീവന്‍ ആസ്ബര്‍ഗിൻ്റെ വെളിപ്പെടുത്തൽ.
🔳കോഴിക്കോട് ജില്ലയില്‍ വീണ്ടും ചെള്ളുപനി. വടകര സ്വദേശിയായ അന്‍പതുകാരനാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇക്കഴിഞ്ഞ വര്‍ഷം ആകെ 20 പേര്‍ക്ക് ചെള്ളുപനി ബാധിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.
🔳കേരള ഹൈക്കോടതിയും സ്മാര്‍ട്ടാകുന്നു. കോടതിയിലെ കേസുകള്‍ പൂര്‍ണ്ണമായും ഇ ഫയലിംഗിലേക്ക്.  നിയമസംവിധാനത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് സുപ്രീംകോടതി  ജഡ്ജി ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഇ ഫയലിംഗിന് ഒപ്പം പേപ്പര്‍ രഹിത കോടതി മുറികളും ഓഫീസുകളും കേരള ഹൈക്കോടതിയില്‍ സജ്ജമായി. കീഴ്കോടതികളിലും പദ്ധതി തുടങ്ങും.
🔳പി.വി. അന്‍വര്‍ എംഎല്‍എ പ്രതിയായ 50 ലക്ഷത്തിന്റെ ക്രഷര്‍ തട്ടിപ്പു കേസിന് സിവില്‍ സ്വഭാവമെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. എംഎല്‍എ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയെന്ന മുന്‍ റിപ്പോര്‍ട്ട് തിരുത്തിയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി വിക്രമന്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിശദമായി വാദം കേള്‍ക്കാന്‍ കേസ് അഞ്ചാം തിയതിയിലേക്കു കോടതി മാറ്റി.
🔳പുതുവത്സരാഘോഷത്തോടനുന്ധിച്ച് എറണാകുളം റൂറല്‍ ജില്ലയില്‍ നടന്ന പരിശോധനയില്‍ 171 പേര്‍ കരുതല്‍ തടങ്കലിലായി. ഗുണ്ടകളും മയക്കുമരുന്ന് കടത്തുകാരും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമടക്കമുള്ളവരാണു പിടിയിലായത്. ആലുവയില്‍ നിന്നും പെരുമ്പാവൂരില്‍ നിന്നുമാണു കൂടുതല്‍ പേരെ പിടികൂടിയത്.
🔳തിരുവനന്തപുരത്തെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റില്‍ അതിക്രമം നടത്തിയതിനു തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റിലായി. വെള്ളനാട് സഹകരണ ബാങ്ക് പ്രസിഡന്റുകൂടിയാണ് ശശി. ബാങ്കിന്റെ കെട്ടിടത്തിലാണ് ത്രിവേണി പ്രവര്‍ത്തിക്കുന്നത്. കരാര്‍ കാലാവധി കഴിഞ്ഞിട്ടും സ്ഥലമൊഴിയാത്തതിന് ശശി ത്രിവേണി സ്റ്റോറിന്റെ ഷട്ടറുകള്‍ അടച്ചു താഴിട്ടുപൂട്ടിയിരുന്നു.
🔳റോഡ് വികസനത്തിനു കണ്ണൂരില്‍ മരങ്ങള്‍ മുറിച്ചു മാറ്റിയതില്‍ അഴിമതിയെന്ന് വിജിലന്‍സ്. കണ്ണപുരം മുതല്‍ ചന്തപുരം വരെയുള്ള ഭാഗങ്ങളിലെ മരങ്ങള്‍ മുറിച്ചതില്‍ എട്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. റോഡ് വികസനത്തിനായി ഇരു വശങ്ങളിലുമുള്ള 86 മരങ്ങള്‍ മുറിക്കാന്‍ അനുമതിയായെങ്കിലും മുറിച്ച മരത്തിന്റെ പണം ഇതുവരെയും പൊതുമരാമത്ത് വകുപ്പ് സര്‍ക്കാരിന് നല്‍കിയിട്ടില്ല.
🔳പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛന് ആജീവനാന്തം തടവുശിക്ഷ. ലക്ഷം രൂപ പിഴയടയ്ക്കുകയും വേണം. കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയാണു ശിക്ഷ വിധിച്ചത്.
🔳കേരളത്തില്‍ പോലീസ് വഴിവിട്ടു സഞ്ചരിക്കുകയാണെന്നും മേലുദ്യോഗസ്ഥരെ അനുസരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്ലായിടത്തും ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം നേതാക്കളാണ്. അദ്ദേഹം ആരോപിച്ചു.
🔳സര്‍ക്കാരിനെ നാണം കെടുത്തുന്ന നടപടികളാണു പോലീസിന്റെ ഭാഗത്തുനിന്ന് പലപ്പോഴും സംഭവിക്കുന്നതെന്ന് സിപിഎം സമ്മേളനത്തില്‍ ആരോപണം. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് പ്രതിനിധികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
🔳അഖിലേന്ത്യാതലത്തില്‍ മികച്ച ഐഎംഎ ബ്രാഞ്ച്  പ്രസിഡന്റിനുള്ള ദേശീയ പുരസ്‌കാരം തൃശൂര്‍ ശാഖ പ്രസിഡന്റ് ഡോ. ജോയ് മഞ്ഞിലയ്ക്കും മികച്ച സെക്രട്ടറിക്കുള്ള ദേശീയ പുരസ്‌കാരം ഡോ. പവന്‍ മധുസൂധനനും ലഭിച്ചു.
🔳പ്രതികൂല കാലാവസ്ഥ തിരിച്ചറിയുന്നതിനു പൈലറ്റിനു വീഴ്ച സംഭവിച്ചതാണ് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിനു കാരണമെന്ന് അന്വേഷണ സമിതി. മൂന്നു സേനകളുടെ പ്രതിനിധികള്‍ ഉള്‍പെട്ട അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കുന്നതിനു മുമ്പ് നിയമോപദേശത്തിനു നല്‍കി.
🔳ഹരിയാനയിലെ ബിവാനി ജില്ലയില്‍ പാറമടയിലുണ്ടായ മണ്ണിടിച്ചലില്‍ നാലു മരണം. ഇരുപതിലേറെ പേര്‍ മണ്ണിനടിയില്‍ കുടങ്ങികിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ടോട്ടന്‍ഹാമിനും ജയം. സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിന് ആഴ്‌സനലിനെ തോല്‍പ്പിച്ചു. ടോട്ടന്‍ഹാം എതിരില്ലാത്ത ഒരു ഗോളിന് വാറ്റ് ഫോര്‍ഡിനെ തോല്‍പ്പിച്ചു. ജയത്തോടെ ടോട്ടനത്തിന് 18 മത്സരങ്ങളില്‍ 33 പോയിന്റായി. ആറാം സ്ഥാനത്താണ് അവര്‍. 20 മത്സരങ്ങളില്‍ 35 പോയിന്റുള്ള ആഴ്‌സനല്‍ നാലാമതാണ്. 21 മത്സരങ്ങളില്‍ 53 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാമത് തുടരുന്നു.
🔳ആഗോളതലത്തില്‍ ഇന്നലെ പന്ത്രണ്ട് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,60,940 പേരും  ഫ്രാന്‍സില്‍ 2,19,126 പേര്‍ക്കും ഇംഗ്ലണ്ടില്‍ 1,62,572 പേര്‍ക്കും ഇറ്റലിയില്‍ 1,41,262 പേര്‍ക്കും തുര്‍ക്കിയില്‍ 36,731 പേര്‍ക്കും അര്‍ജന്റീനയില്‍ 20,020 പേര്‍ക്കും കാനഡയില്‍ 35,567 പേര്‍ക്കും ഗ്രീസില്‍ 30,009 പേര്‍ക്കും പേര്‍ക്കും പോര്‍ച്ചുഗലില്‍ 23,290 പേര്‍ക്കും അയര്‍ലണ്ടില്‍ 23,281 പേര്‍ക്കും ആസ്ട്രേലിയയില്‍ 35,320 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 28.96 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 3 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 3,815 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 257 പേരും റഷ്യയില്‍ 847 പേരും പോളണ്ടില്‍ 505 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54.56 ലക്ഷമായി.
🔳ഡിസംബര്‍ മാസത്തെ ജിഎസ്ടി പിരവില്‍ ഇടിവ്. 1.29,780 കോടിയാണ് ഡിസംബറില്‍ ജിഎസ്ടിയായി പിരിച്ചെടുത്തത്. നവംബര്‍ 1.31 ലക്ഷം കോടിയാണ് ജിഎസ്ടിയായി പിരിച്ചെടുത്തത്. ഇ-വേ ബില്ലുകളില്‍ 17 ശതമാനം കുറവുണ്ടായിട്ടും 1.30 ലക്ഷം കോടിക്കടുത്ത് ജിഎസ്ടി പിരിച്ചെടുക്കാന്‍ സാധിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ ശരാശരി 1.30 ലക്ഷം കോടി പ്രതിമാസ ജിഎസ്ടിയായി പിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 1.10 ലക്ഷം കോടിയായിരുന്നു പ്രതിമാസ ശരാശരി ജിഎസ്ടി പിരിവ്. രണ്ടാം പാദത്തില്‍ 1.15 ലക്ഷം കോടിയും ജിഎസ്ടിയായി പിരിച്ചെടുത്തു.
🔳നിശ്ചിത പരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകള്‍ക്ക്  ജനുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ തുക നല്‍കണം. ഓരോ ബാങ്കും ഇടപാടുകാര്‍ക്ക് നല്‍കിയിട്ടുള്ള അനുവദനീയമായ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടുകള്‍ക്കും 21 രൂപ വീതം ഈടാക്കാമെന്ന് റിസര്‍വ് ബാങ്ക ഓഫ് ഇന്ത്യ കഴിഞ്ഞ ജൂണില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പണം പിന്‍വലിക്കുന്നതിന് മാത്രമല്ല, എടിഎം പിന്‍ മാറ്റല്‍, ബാലന്‍സ് അറിയല്‍ തുടങ്ങിയവും ഇടപാടുകളായി തന്നെയാണ് കണക്കാക്കുക. മെട്രോ നഗരങ്ങളില്‍ സ്വന്തം ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം അഞ്ചും ഇതര ബാങ്ക് എടിഎമ്മുകളില്‍ മൂന്നും സൗജന്യ ഇടപാടുകളാണ് അനുവദിച്ചിരിക്കുന്നത്. മറ്റിടങ്ങളില്‍ ഏത് എടിഎമ്മുകളിലും അഞ്ച് സൗജന്യ ഇടപാടുകള്‍ അനുവദിക്കുന്നുണ്ട്.