കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ഗൗരവമായ ഒരു സമീപനവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്
കോഴിക്കോട്:
കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ഗൗരവമായ ഒരു സമീപനവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
എല്ലാവരോടും വീടുകളില്‍ കഴിയാനാണ് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു സൗകര്യങ്ങളുമില്ല. കോവിഡ് ബ്രിഗേഡ് പിരിച്ചുവിടാന്‍ സമയമായില്ലെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും 22000 പേരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. മറ്റു രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് കോവിഡ് വന്നാല്‍ ഗുരുതരമാകുമെന്നതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. നേരത്തെ കാസ്പ പ്രകാരം പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സയുണ്ടായിരുന്നു. അതും റദ്ദാക്കി. ജാഗ്രത പാലിക്കണമെന്ന് പറയുന്നതല്ലാതെ കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ എന്ത് സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണം. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നും രണ്ടും തരംഗത്തിന്റെ സമയത്തുണ്ടായിരുന്ന സൗകര്യങ്ങള്‍ പോലും ഇപ്പോഴില്ല. ആരോഗ്യ വകുപ്പിനെ നോക്കുകുത്തിയാക്കി വിദഗ്ധ സമിതിയും ആരോഗ്യ സെക്രട്ടറിയും എന്‍.ആര്‍.എച്ച്.എം ഡയറക്ടറും ചേര്‍ന്ന് എല്ലാം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും സതീശൻ ആരോപിച്ചു.
ഹൈക്കോടതി വിധി കാസഗോഡിന് മാത്രമാണ് ബാധകമെന്നു വ്യാഖ്യാനിച്ച് നൂറുകണക്കിന് പേരെ പങ്കെടുപ്പിച്ചു കൊണ്ട് സി.പി.എം ഇന്ന് തൃശൂരിലും സമ്മേളനം നടത്തി. സി.പി.എം കോടതിയെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണ്. പരസ്യമായി നിയമലംഘനം നടത്തുകയാണ്. അഞ്ചു പേരെ വച്ചുകൊണ്ട് സമരം നടത്തിയതിന് പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാരാണിത്. ഇന്‍ഡോറായി നടത്തുന്ന യോഗങ്ങള്‍ക്ക് 75 പേര്‍ മാത്രമെ പാടുള്ളെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം സി.പി.എം പരസ്യമായി ലംഘിച്ചാണ് തൃശൂരില്‍ സമ്മേളനം നടത്തിയത്. കോടതി പറഞ്ഞതു കൊണ്ടു മാത്രമാണ് കാസര്‍ഗോട്ടെ സമ്മേളനം ഇന്നലെ അവസാനിപ്പിച്ചത്. തൃശൂരില്‍ കോടതി ഉത്തരവ് ബാധകമല്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ വ്യാഖ്യാനം നിയമസംവിധാനത്തെ പോലും പരിഹസിക്കുന്നതിന് തുല്യമാണ്. സമ്മേളനം നടത്തുക എന്നതല്ലാതെ കോവിഡ് നിയന്ത്രിക്കുന്നതിന് ഒരു നടപടിയുമില്ല. എല്ലാം കൈവിട്ടു പോയി. കോവിഡ് നിയന്ത്രണത്തിന് സര്‍ക്കാരിന്റെ കൈയ്യില്‍ ഒരു സംവിധാനങ്ങളുമില്ല. ആരോഗ്യവകുപ്പ് നിശ്ചലമായിരിക്കുകയാണ്.
രാഷ്ട്രീയമായ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ നേരമില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. അവര്‍ ഇത്ര തിരക്കിട്ട് എന്ത് ജോലിയാണ് കേരളത്തില്‍ ചെയ്യുന്നത്? മന്ത്രിക്കെതിരെ എന്ത് രാഷ്ട്രീയ ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്? ആളുകളോട് വീടുകളില്‍ കഴിയാനാണ് പറയുന്നത്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷവും ചെറിയ വീടുകളിലാണ്. ഒരാള്‍ക്ക് അസുഖം വന്നാല്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കും അസുഖം വരും. കോവിഡ് മൂന്നാം വരവിന്റെ മുന്നറിയിപ്പ് രണ്ടു മാസം മുന്‍പെ വന്നതാണ്. എം.എല്‍.എമാരുടെ 4 കോടി രൂപ വീതം 600 കോടിയോളം രൂപ മാറ്റിവച്ചത് മൂന്നാം തരംഗത്തെ നേരിടാനാണെന്നാണ് പറഞ്ഞത്. എന്നിട്ട് ഒരു സംവിധാനവും ഒരുക്കിയില്ല. മൂന്നാം തരംഗത്തെ നേരിടാന്‍ എന്ത് സംവിധാനം ഒരുക്കിയെന്നതില്‍ സര്‍ക്കാരിന് മറുപടിയുമില്ല. ജനങ്ങളെ അവരവരുടെ വിധിക്ക് വിട്ടു നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്.