വധശ്രമക്കേസ്: പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും
കോഴിക്കോട്:
വധശ്രമ കേസിൽ പുൽപ്പള്ളി സ്വദേശിക്ക് പത്ത് വർഷം കഠിന തടവും പിഴയും. പുൽപ്പള്ളി അത്തിക്കുനി വയൽ ചിറയിൽ വീട്ടിൽ സി. അബ്ദുൾനാസറി(47) നെയാണ് കോഴിക്കോട് ജില്ല അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് (ഒന്ന്) കെ. അനിൽകുമാർ ശിക്ഷിച്ചത്. കായണ്ണ നരിനട തയ്യുള്ള പറമ്പിൽ ഷാജി(46)യെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് വിധി. 2017 ജൂൺ 25ന് പുലർച്ചെ ഒന്നിനായിരുന്നു സംഭവം.
കഠിനതടവിനുപുറമേ 50000 രൂപ പിഴയും അടയ്‌ക്കണം. ഇതിനുപുറമേ 326 വകുപ്പ് പ്രകാരം മൂന്നു വർഷം കഠിന തടവും 10000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴ സംഖ്യ പരിക്കേറ്റ ഷാജിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്ന് മാസവും അധികതടവ് അനുഭവിക്കണം.
സലീം എന്നയാൾ നടത്തുന്ന ബീഫ് സ്റ്റാളിനോട് ചേർന്ന ഷെഡിന്റെ വശത്തുള്ള മുറിയിൽവച്ചാണ് ഷാജിയെ കുത്തിയത്. ഇരുവരും ബീഫ് സ്റ്റാളിലെ ജീവനക്കാരായിരുന്നു. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിച്ചു. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ കെ.പി. സുനിൽകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്, അഡ്വ. നിതിത ചക്രവർത്തിനി എന്നിവർ ഹാജരായി.