താമരശ്ശേരിയിൽ ഹൈടെക് മാലിന്യ സംസ്ക്കരണ കേന്ദ്രം സ്ഥാപിക്കുന്നു.
അമ്പലമുക്ക് പൂവറഎസ്റ്റേറ്റിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ള സ്ഥലം |
താമരശ്ശേരി:
മാലിന്യ സംസ്ക്കരണത്തിന് താമരശ്ശേരിയിൽ ഹൈടെക് സംസ്ക്കരണ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്. താമരശ്ശേരി ഗ്രാമപഞ്ചായത്ത് നേരിട്ട് തന്നെ പദ്ധതി ആവിഷ്കരിച്ച് ജൈവ - അജൈവ മാലിന്യം വേർതിരിച്ച് ജൈവ മാലിന്യം വളമാക്കുകയും അജൈവ മാലിന്യം കയറ്റി അയയ്ക്കുകയുമാണ് ലക്ഷ്യമെന്ന് പ്രസിഡൻ്റ് ജെ.ടി.അബ്ദുറഹിമാൻ. ഇതിനായി അത്യാധുനിക യന്ത്രസാമാഗ്രികൾ അടങ്ങുന്ന കോംപ്ലക്സ് സ്ഥാപിക്കും. അമ്പലമുക്ക് പൂവറ എസ്റ്റേറ്റിൽ ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ള നാലര ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക.
പദ്ധതിയിലൂടെ തൊഴിലവസരങ്ങളും സാമ്പത്തിക വരുമാനവും ഗ്രാമപഞ്ചായത്ത് പ്രതീക്ഷിക്കുന്നുണ്ട്. 11 വർഷമായി അമ്പലമുക്ക് പൂവറ എസ്റ്റേറ്റിനുള്ളിലെ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ കെട്ടി കിടന്നിരുന്ന മാലിന്യം പൂർണ്ണമായും താമരശ്ശേരി ഗ്രാമ പഞ്ചായത്ത് നീക്കം ചെയ്തിരുന്നു. മാലിന്യ നിർമ്മാർജ്ജനത്തിനായി ഗ്രാമ പഞ്ചായത്ത് "ഹരിതം സുന്ദരം താമരശ്ശേരി " എന്ന പേരിൽ പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണ്. പദ്ധതി നടപ്പാക്കുമ്പോൾ ഗ്രാമ പഞ്ചായത്തിന് ഏറെ വെല്ലുവിളി നിറഞ്ഞ പ്രശ്നമായിരുന്നു ട്രഞ്ചിങ് ഗ്രൗണ്ടിൽ കെട്ടി കിടക്കുന്ന മാലിന്യങ്ങൾ സംസ്ക്കരിക്കുക എന്നുള്ളത്. ഇവിടെ കെട്ടി കിടന്ന 358 ടൺ മാലിന്യമാണ് ഗ്രാമപഞ്ചായത്ത് ശാസ്ത്രീയമായി സംസ്ക്കരണത്തിനയച്ചത്. ഗ്രീൻവേർമ്സ് കോഴിക്കോടിൻ്റെ സഹകരണത്തോടെയാണ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിതം സുന്ദരം താമരശ്ശേരി പദ്ധതി നടപ്പിലാക്കുന്നത്.
നാലര ഏക്കർ വരുന്ന ട്രഞ്ചിംങ്ങ് ഗ്രൗണ്ടിൻ്റെ മനോഹാരിത നില നിർത്തികൊണ്ട് മാലിന്യ സംസ്കരണത്തിന് പ്രത്യേക കോപ്ലക്സ് പണിയുന്നതിന് രൂപ രേഖ തയ്യാറാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി. അബ്ദുറഹിമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ എ.അരവിന്ദൻ എന്നിവർ പറഞ്ഞു.