About

News Now

നൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 | ഫെബ്രുവരി ഫെബ്രുവരി 27 | ഞായർ|1197 കുംഭം 15 പൂരാടം| റജബ് 26| 


🔳യുക്രെയിനെതിരേ ചെച്നിയന്‍ സൈന്യവും. യുക്രെയിനിന്റെ സൈനിക കേന്ദ്രങ്ങള്‍ പിടിച്ചെടുത്തെന്ന് ചെച്നിയന്‍ പ്രസിഡന്റ് അവകാശപ്പെട്ടു. ഇതേസമയം, യുക്രെയിന് ആയുധങ്ങളുമായി ബെല്‍ജിയം, ജര്‍മനി, പോളണ്ട്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ രംഗത്ത്. യുക്രൈന്‍ സൈന്യത്തിന് ബെല്‍ജിയം 2,000 മെഷീന്‍ ഗണ്ണുകളും 3,800 ടണ്‍ ഇന്ധനവും നല്‍കും. ജര്‍മ്മനിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 400 റോക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍ യുക്രൈനിനു കൈമാറാന്‍ നെതര്‍ലാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
🔳കൂസാത്ത യുക്രെയിനെതിരേ ആക്രമണം രൂക്ഷമാക്കാന്‍ റഷ്യ സൈനികര്‍ക്കു നിര്‍ദ്ദേശം നല്‍കി. എല്ലാ വശങ്ങളില്‍ നിന്നും ആക്രമിക്കാനാണ് റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ബെലാറസില്‍ ചര്‍ച്ച നടത്താമെന്ന റഷ്യയുടെ നിര്‍ദ്ദേശം യുക്രെയിന്‍ ഗൗനിക്കാത്തതിനാലാണ് ആക്രമണം ശക്തമാക്കാന്‍  നിര്‍ദേശം നല്‍കിയത്.
🔳രാജ്യം സ്വതന്ത്രമാവുന്നതുവരെ പോരാടുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലെന്‍സ്‌കി. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളില്‍ കുട്ടികള്‍ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തില്‍ ശത്രുക്കള്‍ക്ക് സാധ്യതയില്ല- സെലെന്‍സ്‌കി പോസ്റ്റ് ചെയ്തു.
🔳റഷ്യന്‍ അധിനിവേശത്തില്‍ സാധാരണ പൗരന്‍മാരുമായ 198 പേര്‍ കൊല്ലപ്പെട്ടെന്നു യുക്രൈന്‍. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റെന്നും യുക്രൈന്‍. റഷ്യ 24 മണിക്കൂറിനിടെ 34 ജനവാസകേന്ദ്രങ്ങള്‍ ആക്രമിച്ചെന്നും യുക്രൈന്‍ കുറ്റപ്പെടുത്തി. എന്നാല്‍ റഷ്യയുടെ മൂവായിരത്തിലേറെപേരെ വകവരുത്തിയെന്നാണ് യുക്രെയിന്റെ അവകാശവാദം. 1.20 ലക്ഷം യുക്രെയിന്‍ പൗരന്‍മാര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം പ്രാപിച്ചെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.  
🔳യുക്രൈന്‍ തലസ്ഥാനമായ കീവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്നു രാത്രിയോടെ അതിര്‍ത്തി അടയ്ക്കുമെന്നും യുക്രെയിന്‍ പ്രഖ്യാപിച്ചു. റഷ്യന്‍ പട്ടാളം നഗരവും ഭരണസിരാ കേന്ദ്രവും പിടിച്ചെടുക്കാന്‍ വന്‍ ആക്രമണം നടത്തുമെന്ന സംശയത്തോടെയാണ് പ്രത്യാക്രമണത്തിനു തയാറെടുത്തുകൊണ്ട് നിശാനിയമം പ്രഖ്യാപിച്ചത്. അതിര്‍ത്തി അടയ്ക്കുന്നതോടെ പൗരന്മാരെ മാത്രമേ രാജ്യത്തിനകത്തേക്കു പ്രവേശിപ്പിക്കൂവെന്ന് യുക്രെയിന്‍ അറിയിച്ചു.
🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രെയിന്‍ പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കി ടെലിഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയോട് ആവശ്യപ്പെടണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്രസഭയിലും ഇന്ത്യയുടെ പിന്തുണ വേണമെന്ന് സെലന്‍സ്‌കി അഭ്യര്‍ഥിച്ചു. ഇതേസമയം, യുഎന്‍ രക്ഷാസമിതിയിലെ വോട്ടെടുപ്പില്‍നിന്ന് മാറിനിന്ന ഇന്ത്യയുടെ നിലപാടില്‍ റഷ്യ നന്ദി പ്രകടിപ്പിച്ചു.
🔳യുക്രൈനില്‍നിന്ന് റൊമേനിയന്‍ അതിര്‍ത്തി കടന്ന 27 മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ആദ്യ സംഘം ഇന്ത്യയിലെത്തി. 219 പേരുടെ ആദ്യ സംഘം മുംബൈയിലാണ് വിമാനമിറങ്ങിയത്. മുംബെ മേയര്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചു. എല്ലാവരെയും തിരികെ എത്തിക്കുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. യുക്രൈന്‍ രക്ഷാദൗത്യത്തിന്  'ഓപ്പറേഷന്‍ ഗംഗ' എന്നാണ് കേന്ദ്രസര്‍ക്കാര്‍ പേര് നല്‍കിയത്. 29 മലയാളികള്‍ അടക്കം 251 യാത്രക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഡല്‍ഹിയില്‍ ഇന്നു പുലര്‍ച്ചെ എത്തി. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യയും വി. മുരളീധരനും ചേര്‍ന്നു സ്വീകരിച്ചു.
🔳ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ 20 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്ന നയ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. എല്‍ഐസി പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ മാര്‍ച്ച് മാസത്തോടെ 800 കോടി ഡോളര്‍ സമാഹരിക്കാന്‍ പദ്ധതിയിട്ടിരിക്കേയാണ് വിദേശ നിക്ഷേപത്തിനും അനുമതി നല്‍കിയത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ 74 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദനീയമാണ്.
🔳സംസ്ഥാനത്തെ റെയില്‍വേ വികസനത്തോടു കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരേ പാര്‍ലമെന്റില്‍ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്കമാലി-ശബരി പാത, നേമം ടെര്‍മിനല്‍, കോച്ചുവേളി ടെര്‍മിനല്‍, തലശ്ശേരി-മൈസൂര്‍ പാത, കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍ പാത എന്നീ കാര്യങ്ങളിലൊന്നും അനുകൂല പ്രഖ്യാപനമുണ്ടായിട്ടില്ല. എറണാകുളത്തിനും ഷൊര്‍ണ്ണൂരിനും ഇടയിലുള്ള ഓട്ടോമാറ്റിക്  സിഗ്നലിംഗ് സംവിധാനത്തിന്റെ കാര്യത്തിലും അവഗണനയാണ്. അമൃത എക്സ്പ്രസ് രാമേശ്വരം വരെ  നീട്ടുന്ന കാര്യത്തിലും എറണാകുളം- വേളാങ്കണ്ണി റൂട്ടില്‍ പുതിയ ട്രെയിന്‍  അനുവദിക്കുന്നതിലും ഇതേ  സമീപനമാണ് റെയില്‍വേക്കുള്ളത്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനെതിരേ എംപിമാരെ ഇറക്കി കെ റെയില്‍ പദ്ധതിക്ക് അനുമതി വേഗത്തിലാക്കാനുള്ള സമ്മര്‍ദംകൂടിയാണ് ഈ നീക്കം.
🔳മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനു പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍ക്കു ചീഫ് സെക്രട്ടറി മറുപടി നല്‍കി. പെന്‍ഷന്‍ നല്‍കുന്നതിനെ ഗവര്‍ണര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ഒരു മാസത്തിനകം പെന്‍ഷന്‍ വിതരണം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
🔳സിപിഎം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി എറണാകുളം. ഒന്നാം തീയതിയാണ് സമ്മേളനം ആരംഭിക്കുന്നത്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ സമ്മേളനത്തില്‍ പങ്കെടുക്കില്ല.
🔳നാലു കോടി രൂപയുടെ തിമിംഗല ചര്‍ദ്ദിയും മയക്കുമരുന്നുമായി സിവില്‍ എന്‍ജിനീയര്‍ പിടിയില്‍. കഴക്കൂട്ടം സ്വദേശിയായ ഗരീബ് നവാസിനെ തിരുവനന്തപുരം വെമ്പായത്തുനിന്നാണ് പിടികൂടിയത്. എംഡിഎംഎയും ഹാഷിഷ് ഓയിലുമായിരുന്നു കൈയിലുണ്ടായിരുന്ന മയക്കുമരുന്ന്.  
🔳ആന്ധ്രപ്രദേശില്‍നിന്നു വില്പനക്കായി എത്തിച്ച 39 കിലോഗ്രാം കഞ്ചാവുമായി ഒരാളെ പൊലീസ് പിടികൂടി. പൂനൂര്‍ വട്ടപ്പൊയില്‍, ചിറക്കല്‍ റിയാദ് ഹൌസില്‍ നഹാസ് (37)നെയാണ്  അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിലെ വാടക വീട്ടില്‍നിന്നു കഞ്ചാവു സഹിതം പിടികൂടിയത്.
🔳തിരുവനന്തപുരം വെമ്പായത്ത് ഹാര്‍ഡ് വെയര്‍ കടയില്‍ വന്‍ തീപിടുത്തം. വൈകുന്നേരം ഏഴു മണിയോടെയാണ് തീപിടിച്ചത്. നാലു നിലകെട്ടിടത്തിലേക്ക് വേഗത്തില്‍ തീപിടരുകയായിരുന്നു. തീ ഫര്‍ഫോഴ്സ് അണച്ചു.
🔳കോട്ടയത്ത് പത്തൊമ്പതുകാരന്‍ ഷാന്‍ബാബുവിനെ കൊന്ന് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നിട്ട കേസിലെ  പ്രതി ജോമോനെതിരെ കാപ്പ ചുമത്തി. ഷാന്‍വധ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജോമോന് കോടതി ജാമ്യം അനുവദിച്ചാലും ജയിലില്‍നിന്നു പുറത്തുവരാനാവില്ല.
🔳ഇന്ത്യയിലെ അനേകം വിദ്യാര്‍ഥികള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി യുക്രെയിന്‍ പോലുള്ള ചെറുരാജ്യങ്ങളിലേക്കു പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രെയിനില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശം. കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തു കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങണമെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
🔳ഗുജറാത്തില്‍ കോണ്‍ഗ്രസിലെ കൗരവരുടെ പട്ടിക തയാറാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. എയര്‍കണ്ടീഷന്‍ ചെയ്ത മുറികളിലിരുന്ന് ഒന്നും ചെയ്യാതെ മറ്റുള്ളവരെ ശല്യം ചെയ്യുന്ന നേതാക്കളുടെ പട്ടിക തയാറാക്കണമെന്നാണ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ബിജെപിയിലേക്കു പോകാന്‍ അവസരം കാത്തിരിക്കുന്നവരാണ് അവര്‍. രാഹുല്‍ പറഞ്ഞു.
🔳കേരളത്തില്‍ ഇന്നലെ 41,753 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 9 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇന്നലെ രേഖപ്പെടുത്തിയ 172 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 65,161 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7339 പേര്‍ രോഗമുക്തി നേടി. ഇതോടെ 32,980 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155, മലപ്പുറം 128, പാലക്കാട് 127, കണ്ണൂര്‍ 122, വയനാട് 108, കാസര്‍ഗോഡ് 63.
🔳രാജ്യത്ത് ഇന്നലെ 9,459 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 893, കര്‍ണാടക- 514, തമിഴ്നാട്-480.
🔳ആഗോളതലത്തില്‍ ഇന്നലെ പന്ത്രണ്ട് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ 13,907, ബ്രസീല്‍ -72,856, റഷ്യ- 1,22,995, ജര്‍മനി - 1,29,360. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 43.44 കോടി പേര്‍ക്ക്. നിലവില്‍ 6.41 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 5,844 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59.62 ലക്ഷമായി.