ഒന്നര കിലോയിലധികം കഞ്ചാവുമായി നരിക്കുനി സ്വദേശി പിടിയിൽ
വാടക വീട്ടിൽ സൂക്ഷിച്ച ഒന്നര കിലോഗ്രാമിലധികം കഞ്ചാവും ഒരു ലക്ഷത്തിലധികം രൂപയുമായി നരിക്കുനി സ്വദേശി പോലീസിന്റെ പിടിയിലായി. നരിക്കുനി മനയിൽ തൊടുകയ്യിൽ മുഹമ്മദ് ഷാഫി(30) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ബാലുശ്ശേരി സബ് ഇൻസ്പെക്ടർ പി. റഫീഖ്, സിഐ ഇൻചാർജ് പി. രഞ്ജിത്ത്, എസ്.ഐ സുരേഷ് ബാബു, എ.എസ്.ഐ മുഹമ്മദ് എന്നിവർ ഇയ്യാട് നീലഞ്ചേരിയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുക്കുന്നത്. 1.650 കിലോ ഗ്രാം കഞ്ചാവും 1,07,000 രൂപയുമാണ് പൊലീസ് ഇവിടെ നിന്നും കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഷാഫിയെ റിമാൻഡ് ചെയ്തു.