റവന്യൂ വകുപ്പിലെ കൂട്ട സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് എൻജിഒ യൂണിയൻ
താമരശ്ശേരി
കോഴിക്കോട് ജില്ലയിലെ റവന്യൂ വകുപ്പിൽ കൂട്ട സ്ഥലം മാറ്റം നടത്തിയ ജില്ലാ കലക്ടറുടെ ഉത്തരവിൽ എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു.
പൊതു സ്ഥലം മാറ്റം നടത്തുന്നതിന് മാനദണ്ഢം നിശ്ചയിച്ച് സർക്കാർ ഉത്തരവ് നിലനിൽക്കെ ആവശ്യമുള്ളവരിൽ നിന്നും അപേക്ഷ സ്വീകരിച്ച് കരട് പ്രസിദ്ധീകരിക്കുകയും ജീവനക്കാരുടെ ആക്ഷേപം സ്വീകരിച്ച് ഉത്തരവിറക്കുന്നതിന് പകരം തല്പര കക്ഷികളുടെ താല്പര്യത്തിനനുസരിച്ചാണ് കലക്ടർ ഉത്തരവിറക്കിയിരിക്കുന്നത്. സർക്കാർ തീരുമാനത്തിന് വിരുദ്ധമായി നടന്ന സ്ഥലം മാറ്റം റദ്ദ് ചെയ്യുന്നത് വരെ പ്രക്ഷോഭം നടത്താൻ എൻ ജി ഒ യൂണിയൻ തീരുമാനിച്ചു.
താമരശ്ശേരി താലൂക്കിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയിൽ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി അനൂപ് തോമസ്, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.ജി. രാജൻ, താമരശ്ശേരി ഏരിയാ സെക്രട്ടറി എൻ. ലിനീഷ്, ജോയിന്റ് സെക്രട്ടറി ലാൽ ജു കുമാർ , സംസ്ഥാന കൗൺസിൽ അംഗം ടി.കെ. സുന്ദരൻ എന്നിവർ സംസാരിച്ചു.