ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | ഫെബ്രുവരി 16| 1197 കുംഭം 04| റജബ് 15| ബുധൻ| ആയില്യം
🔳28 ബാങ്കുകളില്‍നിന്നായി 22,842 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയ എബിജി ഷിപ് യാര്‍ഡിന്റെ സിഎംഡി ഋഷി അഗര്‍വാള്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ സന്താനം മുത്തുസ്വാമി, ഡയറക്ടര്‍മാര്‍ എന്നിവരെ പിടികൂടാന്‍ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. 2012 നും 2017 നും ഇടയിലാണ് രാജ്യം കണ്ടതില്‍വച്ച് ഏറ്റവും വലിയ വായ്പാ തട്ടിപ്പു നടത്തിയത്. പണവും സ്വത്തുക്കളും പ്രതികള്‍ വിദേശത്തേക്കു കടത്തിയെന്നു വിവരം ലഭിച്ചിട്ടുണ്ട്.
🔳സംസ്ഥാനത്ത് ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഏപ്രില്‍ പത്തിനകം നടത്തും. മാര്‍ച്ച് 31 നകം പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കും. അടുത്ത മൂന്നാഴ്ച മാത്രമേ ശനിയാഴ്ച ക്ലാസ് ഉണ്ടാകൂ. ക്ലാസുകള്‍ പൂര്‍ണായി ആരംഭിക്കുമ്പോള്‍ അധ്യാപകര്‍ക്കു ഭാരമാകുന്ന വിധത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരേണ്ടതില്ല. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യാപക സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
🔳വയനാട് തുരങ്കപാത അടക്കം സംസ്ഥാനത്തു 44 വികസന പദ്ധതികള്‍ക്കു കിഫ്ബി 6,943.37 കോടി രൂപ അനുവദിച്ചു. കോഴിക്കോട് മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതക്ക് 2134.5 കോടി രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിനു കീഴില്‍ 4397.88 കോടി രൂപയുടെ 28 പദ്ധതികള്‍ക്കും, ജലവിഭവ വകുപ്പിന് കീഴില്‍ 273.52 കോടി രൂപയുടെ നാലു പദ്ധതികള്‍ക്കും, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ 392.14 കോടി രൂപയുടെ ഏഴു പദ്ധതികള്‍ക്കും അനുമതി നല്‍കി. വെസ്റ്റ്കോസ്റ്റ് കനാല്‍ വിപുലീകരണത്തിന് മൂന്നു പദ്ധതികളിലായി 915.84 കോടി രൂപയുടെ പദ്ധതിക്കും, കൊച്ചി ബാംഗ്ളൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി എറണാകുളം അയ്യമ്പുഴയില്‍ ഗിഫ്റ്റ് സിറ്റിയുടെ സ്ഥലമേറ്റെടുപ്പിനായി 850 കോടി രൂപയുടെ പദ്ധതിയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ ബോര്‍ഡ് യോഗമാണു തുക അനുവദിച്ചത്. ഇതോടെ ആകെ 70,762.05 കോടി രൂപയുടെ 962 പദ്ധതികള്‍ക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയത്.
🔳മോഷണക്കേസില്‍ പിടിയിലായയാളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് കൊലക്കേസ്. ഒറ്റപ്പാലം പാലപ്പുറത്തെ പ്രതി ഫിറോസിനെ ചോദ്യം ചെയ്തപ്പോഴാണ് മദ്യപാനത്തിനിടെ സുഹൃത്ത് ആഷിക്കിനെ കൊലപ്പെടുത്തിയെന്നു സമ്മതിച്ചത്. പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെടുത്തു. 2015 ല്‍ മൊബൈല്‍ കടയില്‍ മോഷണം നടത്തിയ കേസിലാണ് ഫിറോസിനെ പിടികൂടിയത്. ചങ്ങാതിയായ ആഷിക്കിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഡിസംബര്‍ 17 ന് പാലപ്പുറം മിലിട്ടറിപറമ്പില്‍ കൊലപ്പെടുത്തിയ കാര്യം പറഞ്ഞത്. സ്വന്തം പെട്ടി ഓട്ടോറിക്ഷയില്‍ അഴിക്കലപ്പറമ്പിലെത്തിച്ച് മൃതദേഹം കുഴിച്ചിട്ടെന്നും വെളിപ്പെടുത്തി.
🔳വിമാനത്താവളത്തിലെ പ്ലസ് മാക്സ് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് ജോര്‍ജ് അറസ്റ്റില്‍. തിരുവനന്തപുരം രാജ്യന്താര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ മദ്യം അടക്കമുള്ള ഉത്പന്നങ്ങള്‍ യാത്രക്കാരുടെ പാസ്പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് നികുതി നല്‍കാതെ പുറത്തേക്കു കടത്തിയെന്നാണ് കേസ്. 2017 ലാണ് കേസെടുത്തതെങ്കിലും ലൂക് സര്‍വീസില്‍ തുടരുകയായിരുന്നു. കേസില്‍ ഒന്‍പത് തവണ കസ്റ്റംസ് പ്രിവന്റീവ് ചോദ്യം ചെയ്യാന്‍ സമന്‍സ് നല്‍കിയെങ്കിലും ഹാജരായില്ല. മറ്റൊരു കേസില്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിയ ഇയാളെ പ്രിവന്റീവ് വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു.
🔳കണ്ണൂര്‍ തോട്ടടയിലെ കല്യാണ വീട്ടില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. ഏച്ചൂര്‍ സ്വദേശി ഗോകുലിനെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്ന് ആയി. കേസില്‍ പൊലീസ് അന്വേഷിച്ച മിഥുന്‍ ഇന്നലെ കീഴടങ്ങിയിരുന്നു.
🔳പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രാത്രിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. സബ് രജിസ്ട്രാറുടെ കയ്യില്‍ നിന്ന് 28,600 രൂപ പിടിച്ചെടുത്തു. പ്യൂണിന്റെ കൈവശമുണ്ടായിരുന്ന 2800 രൂപയും കണ്ടെടുത്തു. ഓഫീസ് സമയം കഴിഞ്ഞ് ആധാരം ഏജന്റുമാര്‍ വഴി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന.
🔳കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ വ്യാജ ചെലാന്‍ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഉപസമിതിയെ ചുമതലപെടുത്താന്‍ സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന യു.ഡി.എഫ് അംഗങ്ങളുടെ ആവശ്യം സിന്‍ഡിക്കറ്റ് തള്ളി.
🔳കാസര്‍കോട് ചിറ്റാരിക്കലില്‍ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിക്കാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2014 മാര്‍ച്ച് മുതല്‍ പ്രാര്‍ഥനയുടെ മറവില്‍ പ്രതിയുടെ വീട്ടില്‍വച്ചും പരാതിക്കാരിയുടെ വീട്ടില്‍വച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
🔳അനധികൃത മണല്‍ ഖനനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന് ജാമ്യം. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. സഭയുടെ 300 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തയാള്‍ താമരഭരണി നദിയില്‍നിന്ന് 27,774 ക്യുബിക് മീറ്റര്‍ മണല്‍ കടത്തിയെന്ന കേസിലാണ് ബിഷപ്പും വൈദികരും അറസ്റ്റിലായത്. മണല്‍ കടത്തിയതിന് 9.57 കോടി രൂപ ജില്ലാ ഭരണകൂടം പിഴ ചുമത്തിയിരുന്നു.
🔳സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയതിനെ പദ്ധതിക്ക് കോടതിയുടെ അനുമതി ലഭിച്ചെന്ന മട്ടില്‍ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള പ്രചാരണമാണു സര്‍ക്കാരും സിപിഎമ്മും നടത്തുന്നതെന്ന് പ്രതിക്ഷനേതാവ് വി.ഡി സതീശന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനു സര്‍വ്വേ നടത്താന്‍ മാത്രമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയതെന്ന് സതീശന്‍ ചൂണ്ടികാട്ടി.
🔳കൊട്ടാരക്കരയില്‍ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശി ഷമീര്‍ ആലമിനെയാണ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര കുളക്കടയിലെ ഹോളോബ്രിക്‌സ് കമ്പനിയിലെ തൊഴിലാളിയായിരുന്നു ഷമീര്‍ ആലം. ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന ദമ്പതികളുടെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്
🔳ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ . ഹിജാബ് ഇസ്ലാമിക വസ്ത്രധാരണത്തിന്റെ ഭാഗമാണെന്നും ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുക്കാന്‍ മുസ്ലിം സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
🔳തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘത്തെ വട്ടംകറക്കി പ്രതി രാജേന്ദ്രന്‍. വിനീതയുടെ മാലയുടെ ലോക്കറ്റ് തമിഴ് നാട്ടിലെ കാവല്‍ക്കിണറിലുണ്ടെന്ന രാജേന്ദ്രന്റെ മൊഴിയനുസരിച്ച് പൊലീസ് അവിടെപോയി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടില്ല.
🔳ഇരുചക്ര വാഹനങ്ങളില്‍ രൂപമാറ്റവും സൈലന്‍സര്‍ മാറ്റവും വരുത്തി കാതടപ്പിക്കുന്ന ശബ്ദത്തോടെ ചെത്തി നടക്കുന്ന വിരുതന്മാരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഓപ്പറേഷന്‍ സൈലന്‍സ് എന്നു പേരിട്ട പദ്ധതിയിലൂടെ സംസ്ഥാനത്തുടനീളം പരിശോധനയും വേട്ടയും ആരംഭിച്ചു. ഹോണ്‍, ഹാന്‍ഡില്‍ എന്നിവ മാറ്റിയാലും നടപടിയുണ്ടാകും. അയ്യായിരം രൂപയാണു പിഴ.
🔳വാടകയ്ക്കെടുത്ത കാറില്‍ ജിപിഎസ് ഘടിപ്പിച്ച് വിറ്റശേഷം പിന്തുടര്‍ന്ന് മോഷണം നടത്തുന്ന സംഘം അറസ്റ്റിലായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശികളായ ഇക്ബാല്‍ (24), മുഹമ്മദ് ഫാഹില്‍ (26), ശ്യാം മോഹന്‍ (230 എന്നിവരെയാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്. ഒഎല്‍എക്സില്‍ പരസ്യം നല്‍കിയാണ് വാഹനങ്ങള്‍ വിറ്റിരുന്നത്.
🔳കേരളത്തില്‍ ഇന്നലെ 71,411 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 20 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇന്നലെ രേഖപ്പെടുത്തിയ 284 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 62,681 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32,027 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,23,825 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584, മലപ്പുറം 557, പാലക്കാട് 552, കണ്ണൂര്‍ 514, വയനാട് 301, കാസര്‍ഗോഡ് 109.
🔳രാജ്യത്ത് ഇന്നലെ 29,898 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 2,831, കര്‍ണാടക- 1,405, തമിഴ്‌നാട്- 1,325, ഡല്‍ഹി- 756.
🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഒരു ലക്ഷത്തിനടുത്ത്. ബ്രസീല്‍ - 1,17,921, റഷ്യ- 1,66,631, തുര്‍ക്കി - 94,730, ജര്‍മനി - 1,77,515. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 41.57 കോടിപേര്‍ക്ക്. നിലവില്‍ 7.17 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 9,436 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1871, ഇന്ത്യ - 515, ബ്രസീല്‍ - 776, റഷ്യ- 704. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58.54 ലക്ഷമായി.
🔳മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ആറാട്ടിന്റെ തീം സോംഗ് പുറത്തെത്തി. രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും ഫെജോ യും ചേര്‍ന്നാണ്. ഫെജോയും ബി കെ ഹരിനാരായണനും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. മാസ് അപ്പീലില്‍ മോഹന്‍ലാലിനെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് ഈ വെള്ളിയാഴ്ചയാണ്. നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍.