About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 | ഫെബ്രുവരി 19 ശനി| 1197 കുംഭം 07 ഉത്രം| റജബ് 18|


🔳സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ സര്‍ക്കാര്‍ നാലരക്കോടി രൂപ ചെലവഴിച്ച് കൈപ്പുസ്തകം പുറത്തിറക്കുന്നു. സില്‍വര്‍ ലൈന്‍, അറിയേണ്ടതെല്ലാം എന്ന പേരില്‍ 50 ലക്ഷം പ്രിന്റ് ചെയ്ത കൈപ്പുസ്തകങ്ങളാണ് ജനങ്ങളിലേക്ക് എത്തിക്കുക.

🔳കെ റെയില്‍ പദ്ധതിക്കെതിരെ രണ്ടാം ഘട്ട സമരവുമായി കോണ്‍ഗ്രസ്. കര്‍ഷക സമരത്തിന്റെ മാതൃകയില്‍ മഹാപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പദ്ധതിക്ക് അനുമതി നല്‍കില്ലെന്ന് കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് ഉറപ്പ് പറയാനാകുമോ? കുറ്റിയടിക്കുന്നത് സര്‍വ്വേയ്ക്കല്ല, ഭൂമി ഏറ്റെടുക്കാനാണ്. സര്‍വ്വേ തടയില്ല. പക്ഷേ കുറ്റിയടിക്കാന്‍ സമ്മതിക്കില്ല. സുധാകരന്‍ പറഞ്ഞു.

🔳കെഎസ്ഇബിയിലെ ഇടതു യൂണിയനുകളുടെ അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പിലേക്ക്. സമര സമിതി നേതാക്കളും വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. കെഎസ്ഇബി ചെയര്‍മാന്‍ ഡോ. ബി. അശോകുമായി ഇന്നു ചര്‍ച്ച നടത്തിയശേഷം തീരുമാനമുണ്ടാകും.  വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്തിന് എസ്ഐഎസ്എഫ് സുരക്ഷ വേണ്ടെന്ന യൂണിയനുകളുടെ തീരുമാനം നടപ്പാക്കാനാണു നീക്കം.

🔳വിഭാഗീയത അവസാനിച്ചെങ്കിലും ചില ജില്ലകളില്‍ പ്രശ്നങ്ങളുണ്ടെന്ന് സിപിഎം കരട് റിപ്പോര്‍ട്ട്. ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് സംഘടനാ പ്രശ്നങ്ങള്‍. സിപിഎം സംസ്ഥാന സമ്മേളത്തില്‍ അവതരിപ്പിക്കേണ്ട കരട് റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റ് അംഗീകരിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവര്‍ത്തനം വിലയിരുത്തുന്ന റിപ്പോര്‍ട്ട് ഇന്ന് ആരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിക്കും. സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രേഖയും റിപ്പോര്‍ട്ടിലുണ്ട്.

🔳പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ചവരില്‍നിന്ന് പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ ഈടാക്കിയ പിഴത്തുക തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി. ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടാണ് കോടതിയുത്തരവ്. 274 പേര്‍ക്കെതിരേ നല്‍കിയ നോട്ടീസ് പിന്‍വലിച്ചെന്ന് യുപി സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.



🔳ഭാരതീയ ജനതാപാര്‍ട്ടി അംഗങ്ങള്‍ക്ക് കുവൈറ്റില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് കുവൈറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍. സാലിഹ് അല്‍ ദിയാബ് ഷലാഹി എംപിയുടെ നേതൃത്വത്തിലുള്ള 12 എംപിമാരാണ് ഈ ആവശ്യം ഉന്നയിച്ച് കുവൈറ്റ് പാര്‍ലമെന്റ് സ്പീക്കര്‍ക്കു കത്ത് നല്‍കിയത്. ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷത്തെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. 

🔳ബലാത്സംഗക്കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ ദിലീപാണെന്ന് ബാലചന്ദ്രകുമാര്‍ ആരോപിക്കുന്നു. ദിലീപിനെതിരായ വെളിപ്പെടുത്തലുകളുടെ പ്രതികാരമായാണ് ആരോപണം.

🔳മലപ്പുറം എടച്ചലം കുന്നുംപുറത്തെ നിരോധിത പുകയില ഉത്പന്ന കേന്ദ്രം നടത്തിപ്പുകാരായ നാലു പേരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. രാങ്ങാട്ടൂര്‍ സ്വദേശികളായ ഫൈസല്‍ ബാബു (32), ഇബ്‌റാഹീം (25), മേലേതില്‍ സുബൈര്‍ (29), പട്ടാമ്പി കൊടുമുണ്ട സ്വദേശി മുഹമ്മദ്(32) എന്നിവരാണ് പിടിയിലായത്. നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് വ്യാജമായി നിര്‍മിക്കുന്ന കുന്നുംപുറത്തെ നിര്‍മാണ കേന്ദ്രം നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് റെയ്ഡ് ചെയ്തത്.

🔳ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി നടന്‍ പ്രേം കുമാറിന് നിയമനം. ബീന പോള്‍ സ്ഥാനമൊഴിഞ്ഞതോടെയാണു നിയമനം. അക്കാദമി ചെയര്‍മാനായി രഞ്ജിത്തിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

🔳പാലക്കാട് ചെറാട് മലയില്‍ ബാബു എന്ന യുവാവ് കുടുങ്ങിയ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് അഗ്‌നിശമന സേനയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി. ജില്ലാ ഫയര്‍ ഓഫീസര്‍ ഉള്‍പ്പടെ മൂന്നുപേരെ  സ്ഥലം മാറ്റി.

🔳സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസ്സ് എന്ന സന്നദ്ധസംഘടനയില്‍ സിഎസ്ആര്‍ ഡയറക്ടറായി നിയമിച്ചതു വിവാദത്തില്‍. നിയമനത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന് സംഘടനയുടെ ചെയര്‍മാനും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാര്‍ പറഞ്ഞു. നിയമനം നടത്തിയ സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും സ്വപ്നയുടെ നിയമനത്തിനു നിയമസാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണകാരണം ലിവര്‍ സിറോസിസ് ആയിരിക്കാമെന്ന പിവി ശ്രീനിജന്‍ എംഎല്‍എയുടെ പ്രതികരണത്തിനെതിരെ ട്വന്റി 20 പ്രവര്‍ത്തകര്‍. പട്ടിയെപ്പോലെയാണ് ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചതെന്ന് അവര്‍ പറഞ്ഞു. ജനങ്ങളില്‍നിന്ന് പിരിവെടുത്ത് തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന ട്വന്റി 20-യുടെ പദ്ധതിക്കെതിരെ പി.വി ശ്രീനിജന്‍ എംഎല്‍എ രംഗത്തുവന്നിരുന്നു. ഇതിനെതിരേ ട്വന്റി 20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിലും കഴിഞ്ഞ ശനിയാഴ്ച വിളക്കണയ്ക്കല്‍ സമരം നടത്തി. സമരത്തിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിച്ചത്. നാല് സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

🔳തൃശൂര്‍ ചീയാരത്ത് നടുറോഡില്‍ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി പെണ്‍കുട്ടി വീണ സംഭവത്തില്‍ ബൈക്കോടിച്ചിരുന്ന യുവാവിനെ ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടി. ബൈക്ക് സ്റ്റണ്ടിനിടെ അപകടമുണ്ടായതോടെ നാട്ടുകാരുമായി അടിയുണ്ടാക്കിയ അമലിനെ സുഹൃത്ത് അനുഗ്രഹിനൊപ്പമാണ് പിടികൂടിയത്. നെല്ലായിയില്‍ 30 ലക്ഷം രൂപ വില മതിക്കുന 300 ഗ്രാം ഹാഷിഷ് ഓയിലുമായാണ് ഇവര്‍ പിടിയിലായത്.

🔳നടിയെ ആക്രമിച്ച കേസില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചോദ്യം. അതിജീവിതയുടെ നീതിക്കായുള്ള പോരാട്ടത്തിന് പിന്തുണ നല്‍കാന്‍ സിനിമ വ്യവസായം എന്ത് ചെയ്തെന്നും ഡബ്ല്യുസിസി ചോദിച്ചു. നടി ആക്രമിക്കപ്പെട്ട് അഞ്ചു വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ പ്രതികരണം.

🔳ക്ഷേത്രത്തിലെ ദേശതാലവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തിയ  കേസിലെ ആറു പ്രതികളെ ഹരിപ്പാട് പോലിസ് അറസ്റ്റു ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആയിരുന്ന തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് ശരത് ഭവനത്തില്‍ ചന്ദ്രന്റെ മകന്‍ ശരത് ചന്ദ്രനാണു ബുധനാഴ്ച രാത്രി കൊല്ലപ്പെട്ടത്. ടോം പി. തോമസ്, വിഷ്ണു, കിഷോര്‍കുമാര്‍, ശിവകുമാര്‍, സുമേഷ്, സൂരജ് എന്നിവരാണ് അറസ്റ്റിലായത്.

🔳മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തതിന് തിരുവനന്തപുരത്തെ സ്‌കൂള്‍ ഹോസ്റ്റല്‍ വിട്ടിറങ്ങിയ മൂന്നു പെണ്‍കുട്ടികളെയും കണ്ടെത്തി. ഇന്നലെ രാവിലെ ആറു മണിയോടെ കാണാതായ മൂന്നു പെണ്‍കുട്ടികളെയും ഉച്ചയോടെ കണ്ടെത്തി. കുട്ടികള്‍ വീട്ടിലേക്കു പോകുമ്പോഴാണ് പൊലീസ് കണ്ടെത്തിയത്.

🔳മൂന്നാര്‍ മേഖലയില്‍ നാല് ആനത്തേറ്റയും മ്ലാവിന്റ കൊമ്പുമായി മൂന്നു പേര്‍ പിടിയില്‍. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ദേവികുളത്ത് ഓട്ടോയില്‍ തമിഴ്നാട്ടിലേക്കു കടത്തുകയായിരുന്നു ഇവ. ഓട്ടോ ഉടമയും ചൊക്കനാട് കോളനി സ്വദേശിയുമായ പ്രേംകുമാര്‍ (36) ഇയാളുടെ സഹായി നവരാജ് (41)  ഇവ നല്‍കിയ ഇടനിലക്കാരന്‍ ദേവികുളം കോളനി സ്വദേശി പാണ്ഡിദുരൈ (38) എന്നിവരെ അറസ്റ്റു ചെയ്തു.

🔳രണ്ടര വയസുള്ള മകളെ പീഡിപ്പിച്ചെന്നകേസില്‍ പ്രതിയായ അച്ഛന് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. മുട്ടട സ്വദേശിയായ 34 കാരനെയാണ് ശിക്ഷിച്ചത്. കുഞ്ഞ് ജനിച്ചതു മുതല്‍ കുട്ടി തന്റേതല്ലെന്ന് പറഞ്ഞ് പ്രതി കലഹിച്ചിരുന്നെന്നു ഭാര്യ മൊഴി നല്‍കിയിരുന്നു.

🔳കോണ്‍ഗ്രസ് എംപി ശശി തരൂരിനെ വിമര്‍ശിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസി. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാകിസ്ഥാന്‍ ആദരിച്ച വ്യക്തിയുടെ ഇന്ത്യാ വിരുദ്ധ ഉള്ളടക്കമുള്ള ട്വീറ്റ് ശശി തരൂര്‍ പങ്കുവച്ചെന്ന് ആരോപിച്ചാണ് എംബസിയുടെ വിമര്‍ശനം.

🔳കേരളത്തില്‍ ഇന്നലെ 63,192 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചത് 18 മരണങ്ങള്‍.  ഇന്നലെ രേഖപ്പെടുത്തിയ മുന്‍ മരണങ്ങളടക്കം 173 മുന്‍ മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 63,529 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,134 പേര്‍ രോഗമുക്തി നേടി. ഇതോടെ 85,875 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂര്‍ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ 486, മലപ്പുറം 444, ഇടുക്കി 434, പത്തനംതിട്ട 386, പാലക്കാട് 363, വയനാട് 324, കണ്ണൂര്‍ 282, കാസര്‍ഗോഡ് 97.

🔳രാജ്യത്ത് ഇന്നലെ 25,363 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 2,068 കര്‍ണാടക- 1,333, തമിഴ്നാട്- 1,146.

🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഒരു ലക്ഷത്തിനടുത്ത്. ബ്രസീല്‍ - 1,17,386, റഷ്യ- 1,80,071, ജര്‍മനി - 2,06,037. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 42.18 കോടി പേര്‍ക്ക്. നിലവില്‍ 6.97 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,611 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,631, ഇന്ത്യ - 325, ബ്രസീല്‍ - 1,032, റഷ്യ- 784. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58.91 ലക്ഷമായി.