About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 | മാർച്ച് 02 ബുധൻ|1197 കുംഭം 18 ചതയം| റജബ് 29

◼️റഷ്യയും യുക്രെയിനും തമ്മിലുള്ള രണ്ടാം വട്ട സമാധാന ചര്‍ച്ച ഇന്നു നടക്കും. ഇതേസമയം, കീവില്‍ താമസിക്കുന്ന നഗരവാസികളോട് ഉടന്‍ സ്ഥലംവിടണമെന്നു റഷ്യ. യുദ്ധം കനത്തതോടെ ഇന്ത്യക്കാര്‍ ഇന്നലെത്തന്നെ കീവ് വിടണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു.

◼️യുക്രെയിനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ മൂന്നു ദിവസത്തിനകം 26 വിമാനങ്ങള്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വ്യോമസേന വിമാനം ഇന്നു രാവിലെ റൊമാനിയയിലേക്ക് പോകും. ഫ്രാന്‍സ്, പോളണ്ട് പ്രസിഡന്റുമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. കാര്‍ഖീവിലും സുമിയിലുമായി നാലായിരം ഇന്ത്യക്കാരുണ്ട്. റഷ്യന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ എത്തിയെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

◼️യുക്രെയിനിലെ കര്‍ഖീവില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കര്‍ണാടക സ്വദേശിയും കര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ നവീന്‍ ജ്ഞാനഗൗഡര്‍ ആണ് കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. ഗവര്‍ണര്‍ ഹൗസ് ലക്ഷ്യമിട്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു.

◼️യുറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനായി വൈകാരികമായി അപേക്ഷിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കി. യുറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിലായിരുന്നു സെലന്‍സ്‌കി വികാരാധീനനായത്. യുക്രൈനെ തോല്‍പ്പിക്കാനാവില്ലെന്നും, യൂറോപ്പ് സത്യത്തിനും തങ്ങള്‍ക്കും ഒപ്പമാണെന്നു തെളിയിക്കണമെന്നും സെലന്‍സ്‌കി പ്രസംഗത്തില്‍ പറഞ്ഞു. എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് പാര്‍ലമെന്റ് സെലന്‍സ്‌കിയുടെ പ്രസംഗത്തിനു പിന്തുണ നല്‍കിയത്. എന്നാല്‍ യുക്രെയിന്‍ നാറ്റോയിലും യൂറോപ്യന്‍ യൂണിയനിലും ചേരരുതെന്നാണ് റഷ്യയുടെ ഭീഷണി.

◼️പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ സംസ്ഥാനത്ത് വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്ന് സിപിഎം നയരേഖ. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും വന്‍കിട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ വേണം. വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണമെന്നും സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖയില്‍ പറയുന്നു. സിഐടിയു  തൊഴിലാളികളില്‍ അവകാശബോധം മാത്രം പഠിപ്പിച്ചാല്‍ പോരാ, ഉത്തരവാദിത്ത ബോധം കൂടി വളര്‍ത്തണം. നയരേഖയില്‍ പറയുന്നു.

◼️ജമാ അത്തെ ഇസ്ലാമി കലാപത്തിനും വര്‍ഗ്ഗീയ ധ്രുവീകരണത്തിനും ശ്രമിക്കുന്നുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിലെ ഭിന്നിപ്പ് പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിര്‍ദേശിച്ചു. പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കണം. ലോക്സഭാ തെരഞ്ഞെടുപ്പു ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കാനും സിപിഎം സമ്മേളനത്തില്‍ തീരുമാനമായി.

◼️ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോപണങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളം കമ്മ്യൂണിസ്റ്റുകാരുടെ അവസാന കച്ചിത്തുരുമ്പാണ്. അധികം വൈകാതെ കേരളത്തിലും കമ്മ്യൂണിസം അസ്തമിക്കുമെന്നും സുരേന്ദ്രന്‍.

◼️തിരുവല്ലം പൊലിസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഹൃദയാഘാതമാണു മരണകാരണമെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം.

◼️കസ്റ്റഡിയില്‍ മരിച്ച സുരേഷ് അടക്കമുള്ള അഞ്ചംഗ സംഘം ജഡ്ജികുന്നില്‍ സദാചാര ഗുണ്ടായിസമാണു നടത്തിയതെന്ന് മര്‍ദനമേറ്റ ദമ്പതികള്‍. സ്ഥലം സന്ദര്‍ശിക്കാനെത്തിയ തന്നെയും ഭാര്യയെയും സുഹ്യത്തിനെയും മദ്യപ സംഘം ബന്ദിയാക്കി. മുക്കാല്‍ മണിക്കൂറോളം മര്‍ദ്ദിച്ചു. സ്ത്രീകളെ ഉപദ്രവിച്ചു. ഫോണ്‍ വിളിക്കാന്‍ പോലും അനുവദിച്ചില്ല. അവര്‍ പറഞ്ഞു.

◼️വീട് നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മത പുരോഹിതന്‍ പിടിയില്‍. മലപ്പുറം കുഴിമണ്ണ സ്വദേശി അബ്ദുല്‍ മജീദ് സഖാഫിയെയാണ് സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റു ചെയ്തത്. മൂന്നു ലക്ഷം രൂപ നല്‍കിയാല്‍ ഏഴു ലക്ഷം രൂപയുടെ വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വയനാട്, മലപ്പുറം ജില്ലകളിലെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്.

◼️പ്രായപൂര്‍ത്തിയാവാത്ത മകന്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകര്‍ത്താവിന് 25,000 രൂപ പിഴയും കോടതിപിരിയുംവരെ തടവും ശിക്ഷ വിധിച്ച് കോടതി. കാസര്‍കോട് സ്വദേശി അബൂബക്കര്‍ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. കേരള പൊലീസാണ് വിവരങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്. തനിക്ക് ശിക്ഷ ലഭിച്ച കാര്യം ജനത്തെ അറിയിക്കാനായി അബുബക്കര്‍ തയാറാക്കിയ ശബ്ദ സന്ദേശത്തിലെ വിവരങ്ങളും പൊലീസ് പങ്കുവച്ചു.


◼️ഫോര്‍ട്ട് കൊച്ചി മുതല്‍ ചെല്ലാനം വരെയുള്ള കടലാക്രമണത്തിനു പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തില്‍ മനുഷ്യ കടല്‍ ഭിത്തി തീര്‍ത്തു. തീര സംരക്ഷണ പദ്ധതിയില്‍നിന്ന് ചെറിയകടവു മുതല്‍ ബീച്ച് റോഡുവരെയുള്ള പ്രദേശങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് മാനാശ്ശേരി സമരപന്തല്‍ കേന്ദ്രീകരിച്ച് മനുഷ്യ കടല്‍ ഭിത്തി  സമരം നടത്തിയത്.  തീരം കാക്കാനുള്ള ചെല്ലാനത്തുകാരുടെ സമരം 856 ദിവസം പിന്നിട്ടിരിക്കുകയാണ്.

◼️വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിനെ (20) ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദുബൈ ജാഫിലിയയിലെ താമസസ്ഥലത്താണ് മരിച്ചത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്. ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബൈയില്‍ എത്തിയത്. ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, സംസ്‌കാരങ്ങള്‍ എന്നിവയായിരുന്നു റിഫയുടെ വ്ളോഗ്.

◼️തൃശൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച രണ്ടു യുവതികള്‍ അറസ്റ്റില്‍. മണ്ണുത്തി കറപ്പം വീട്ടില്‍ നൗഫിയ( 27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ് പിടികൂടിയത്. വാട്‌സ് ആപ്പിലൂടെ അയച്ച സന്ദേശങ്ങള്‍ ചൂണ്ടിക്കാണിച്ച് ഡോക്ടറില്‍നിന്ന് മൂന്നു ലക്ഷം രൂപ തട്ടാനാണു പ്രതികള്‍ ശ്രമിച്ചത്.

◼️പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കേസില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. തൃശൂര്‍ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ  അശുതോഷ്, ജോയല്‍, ഷിനാസ് എന്നിവരെയാണ് പിടികൂടിയത്. തൃശൂര്‍ മതിലകത്ത് സഹപാഠിയോടു പ്രണയം നടിച്ചു   പ്രതികളില്‍ ഒരാള്‍ കൈക്കലാക്കിയ നഗ്നചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണു കേസ്.

◼️ഹരിപ്പാട് തെങ്ങുകയറ്റത്തൊഴിലാളി താമല്ലാക്കല്‍ പുത്തന്‍പുരയില്‍ ഷാജി (54) കൊല്ലപ്പെട്ട കേസില്‍ പ്രതിയേയും നിര്‍ണായക തെളിവും കണ്ടെത്തിയെന്നു പൊലീസ്. ഷാജിയെ ആക്രമിച്ച കൊച്ചുവീട്ടില്‍ രാജീവിനെ (രാജി -48) കസ്റ്റഡിയിലെടുത്ത പോലീസ് കൊലയ്ക്ക് ഉപയോഗിച്ച കൊന്നപ്പത്തല്‍ കണ്ടെടുത്തു. കൊല്ലപ്പെട്ട ഷാജിയുടെ മുടിയും രക്തവും കൊന്നത്തടിയിലുണ്ടെന്നു പൊലിസ്.

◼️തൃക്കാക്കരയില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടര വയസുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍. സംസാരശേഷി വീണ്ടെടുക്കാനായിട്ടില്ലെങ്കിലും പ്രതികരിച്ചു തുടങ്ങി. ആഹാരം കഴിക്കുന്നുണ്ട്. ഇടതു കൈക്കള്ള ഒടിവിനു ശസ്ത്രക്രിയ നടത്തേണ്ടി വരും.

◼️മുഖ്യമന്ത്രി പിണറായി വിജയന് മലയാളത്തില്‍ നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ . സ്റ്റാലിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പിണറായി വിജയന്‍ തമിഴില്‍ ട്വീറ്റ് ചെയ്തിരുന്നു. സ്റ്റാലിനെ നേരില്‍ക്കണ്ടാണ് പിണറായി ആശംസ അറിയിച്ചത്. പിന്നീട് ട്വിറ്ററിലും ഫേസ്ബുക്കിലും ആശംസയും നേര്‍ന്നു.

◼️കേരളത്തില്‍ ഇന്നലെ 40,523 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2,846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 24,912 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 7,818 കോവിഡ് രോഗികള്‍. നിലവില്‍ 84,258 കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ ഇന്നലെ പന്ത്രണ്ട് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. നിലവില്‍ 6.18 കോടി കോവിഡ് രോഗികള്‍.

◼️ഒക്ടോബര്‍ഡിസംബര്‍ ത്രൈമാസത്തില്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 5.4% വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 0.7%  വര്‍ധന. വരുന്ന സാമ്പത്തിക വര്‍ഷം രാജ്യം 8.9% വളര്‍ച്ച നേടുമെന്നാണ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ വിലയിരുത്തല്‍. ജനുവരിയിലെ വിലയിരുത്തല്‍ അനുസരിച്ച് ഇത് 9.2 ശതമാനമായിരുന്നു.

◼️ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പിന്തള്ളിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇന്‍സ്റ്റഗ്രാമില്‍ ഒരു കോടി ഫോളോവര്‍മാരെയാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.  മോഹന്‍ലാലിനും, മമ്മൂട്ടിക്കും വളരെ ദൂരം മുന്നിലാണ് ദുല്‍ഖര്‍. 4.4 മില്യണ്‍ ഫോളോവര്‍മാരാണ് മോഹന്‍ലാലിനുള്ളത്. 3 മില്യണാണ് മമ്മൂട്ടിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവര്‍മാരുടെ എണ്ണം. തെന്നിന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് താരം. അല്ലു അര്‍ജുനാണ് ഒന്നാം സ്ഥാനത്ത്. 15 മില്ല്യണ്‍ പേരാണ് അല്ലുവിനെ ഇന്‍സ്റ്റയില്‍ പിന്തുടരുന്നത്. വിജയ് ദേവരകൊണ്ട മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ അല്ലുവിന് തൊട്ടടുത്തുള്ളത്. 14.2 മില്യണ്‍ ഫോളോവേഴ്സാണ് വിജയ് ദേവരകൊണ്ടയ്ക്കുള്ളത്.

◼️ഷെയ്ന്‍ നിഗവും വിനയ് ഫോര്‍ട്ടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ബര്‍മുഡ' മെയ് 6ന് തിയേറ്ററുകളിലെത്തും. മെയ് 6ന് ഇന്ദുഗോപന്‍ വരുന്നു എന്ന വാചകങ്ങളോടെ എത്തിയ പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ബാദുഷ സിനിമാസ് ആണ് വിതരണത്തിന് എത്തിക്കുന്നത്. കൃഷ്ണ ദാസ് പങ്കിയാണ് കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. കാശ്മീരിയായ ശെയ്ലീ കൃഷ്ണയാണ് നായിക. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.