About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 മാർച്ച് 20  ഞായർ|1197 മീനം 6  ചിത്തിര| ശഅബാൻ 17| 



◼️നടപ്പാക്കാനാവുന്ന കാര്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ പറയൂവെന്നും പറയുന്നതു നടപ്പാക്കുകയും ചെയ്യുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. ജനത്തോട് കള്ളം പറയുന്ന സര്‍ക്കാരല്ല ഇടതുപക്ഷ സര്‍ക്കാര്‍. ആര് എതിര്‍ത്താലും കെ റെയില്‍ നടപ്പാക്കുമെന്ന സൂചന നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന് കീഴില്‍  വില്ലേജ് ജനകീയ സമിതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്ത് കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിലും മുഖ്യമന്ത്രി ഇതുതന്നെയാണു പ്രസംഗിച്ചത്.

◼️സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ ഇന്ധനവിതരണം തടസപ്പെടും. നാളെമുതല്‍ അറുന്നൂറോളം ലോറികള്‍ പണിമുടക്കുന്നതിനാലാണ് ഇന്ധനവിതരണം തടസപ്പെടുന്നത്. 13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കാനാകില്ലെന്ന നിലപാടുമായാണ് ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികള്‍ സര്‍വീസ് നിര്‍ത്തി വയ്ക്കുന്നത്.

◼️രാജ്യസഭാ സീറ്റ് സിപിഐ വിലപേശി വാങ്ങിയതാണെന്ന് എല്‍ജെഡി അധ്യക്ഷന്‍ എം.വി. ശ്രേയംസ്‌കുമാര്‍. സില്‍വര്‍ ലൈന്‍, ലോകായുക്ത, മദ്യനയം തുടങ്ങിയ വിഷയങ്ങളില്‍ തുടക്കത്തില്‍ എല്‍ഡിഎഫിനു വിരുദ്ധമായ നിലപാടെടുത്ത സിപിഐയുടെ വിലപേശല്‍ തന്ത്രമാണു ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനവും രാജ്യസഭ സീറ്റും കിട്ടാത്തതിനെക്കുറിച്ചുള്ള അതൃപ്തി മുന്നണിയില്‍ അറിയിച്ചെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

◼️സിപിഐ രാജ്യസഭാസീറ്റ് വിലപേശി വാങ്ങിയെന്ന എല്‍ജെഡിയുടെ ആരോപണം ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐ വില പേശുന്ന പാര്‍ട്ടിയല്ല. എല്‍ഡിഎഫ് തീരുമാനമനുസരിച്ചാണ് സീറ്റ് നല്‍കിയതെന്നും കോടിയേരി പറഞ്ഞു.

◼️ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിന്റെ  ഭാര്യ എസ്സയെ ചോദ്യം ചെയ്തു. എസ്സയുടെ ലോഗിന്‍ ഐഡി ഉപയോഗിച്ച് ഐ മാക് കംപ്യൂട്ടര്‍ വഴിയാണ് ഫോണിലെ വിവരങ്ങള്‍ മായ്ച്ചതെന്ന വിവരത്തെത്തുടര്‍ന്നാണ് നടപടി. കോഴിക്കോട്ടെ വീട്ടില്‍വച്ചാണ് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സായ് ശങ്കര്‍ ഹാജരാകാതെ പത്തു ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിരുന്നു.

◼️കൈവശാവകാശ രേഖയ്ക്കു പണവും മദ്യവും കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും സ്വീപ്പറും പിടിയിലായി. കാസര്‍കോട് നെട്ടണിഗെ വില്ലേജ് ഓഫീസര്‍ എസ്.എല്‍. സോണി, സ്വീപ്പര്‍ ശിവപ്രസാദ് എന്നിവരാണു പിടിയിലായത്.

◼️കെ റെയിലിനെ ന്യായീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൗരപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചക്കു ബദലായി യുഡിഎഫ് ജനകീയ സദസ് സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ അബദ്ധ പഞ്ചാംഗമാണ്. സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യിലുള്ള കെ റെയില്‍ രേഖ വ്യാജമാണ്. വ്യാജരേഖ ക്രിമിനല്‍ കുറ്റമാണ്. സതീശന്‍ പറഞ്ഞു.

◼️കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷം കേരളത്തെ നന്ദിഗ്രാം പോലെയാക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

◼️സില്‍വര്‍ ലൈനില്‍ അഴിമതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കരിമ്പട്ടികയിലുള്ള ഫ്രഞ്ച് കമ്പനിക്കു കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അഞ്ചു ശതമാനം കമ്മീഷനടിച്ചു. മുഖ്യമന്ത്രി നേരിട്ടാണ് ഇടപാട് നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ തിടുക്കത്തില്‍ ഭൂമി ഏറ്റെടുക്കുന്നത് പണയം വയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

◼️തന്നെ ദ്രോഹിച്ചത് സ്വന്തം  പാര്‍ട്ടിക്കാര്‍ തന്നെയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പദ്മജ വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍. പാര്‍ട്ടി വേദികളില്‍ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. ചില കാര്യങ്ങള്‍ താന്‍ തുറന്നു പറയുമെന്നും പദ്മജ പറയുന്നു.

◼️കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ വിഹിതം നല്‍കാത്തതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ മേഖലയെ അനിവാര്യമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള രേഖയെ ന്യായീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  25 വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലേതുപോലെ ഉയര്‍ത്തണമെന്നും കോടിയേരി പറഞ്ഞു.

◼️പ്രമുഖ നാടക സാംസ്‌കാരിക പ്രവര്‍ത്തകനായ മധു മാഷ് എന്ന കെ.കെ മധുസൂദനന്‍ കോഴിക്കോട് അന്തരിച്ചു. 73 വയസായിരുന്നു. രോഗ ബാധിതനായി ചികിത്സയിലായിരുന്നു. അമ്മ, ഇന്ത്യ 1947, പടയണി, സ്പാര്‍ട്ടക്കസ്സ്, കലിഗുല, ക്രൈം, സുനന്ദ തുടങ്ങിയ നിരവധി നാടകങ്ങളുടെ രചയിതാവാണ്. സംഘഗാനം, ഷട്ടര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

◼️നിലമ്പൂരിനടുത്ത് കുറ്റമ്പാറയില്‍ വന്‍തോതില്‍ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസില്‍ ഒളിവില്‍ പോയ മൂന്നാം പ്രതി നിലമ്പൂര്‍ പോത്ത് കല്ല് സ്വദേശി റഫീഖ് ( 32), ഏഴാം പ്രതി നിലമ്പൂര്‍ കൂറ്റമ്പാറ സ്വദേശി വിഷ്ണു (27) എന്നിവരെ കോഴിക്കോട് എക്‌സൈസ് സംഘവം അറസ്റ്റു ചെയ്തു. ആന്ധ്രയില്‍ നിന്ന് 182 കിലോ കഞ്ചാവ്, ഒരു കിലോ ഹാഷിഷ് ഓയില്‍ എന്നിവ ബൊലേറോ പിക്കപ്പിലും ഹോണ്ട സിറ്റി കാറിലുമായി കടത്തിക്കൊണ്ടു വന്നതായിരുന്നു. മുഖ്യപ്രതി സല്‍മാന്‍ ഇപ്പോഴും ഒളിവിലാണ്. ഈ കേസില്‍ 10 പേര്‍ അറസ്റ്റിലായി.

◼️കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിംഗ് നടത്തിയെന്ന പരാതിയില്‍ പതിനേഴ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെ രണ്ടാഴ്ചത്തേക്ക് സസ്പെന്റ് ചെയ്തു.

◼️ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍ ഒന്നാം പ്രതി നിഖില്‍ പൈലി ഒഴികെയുള്ള പ്രതികള്‍ക്ക് ജാമ്യം. ജെറിന്‍ ജോജോ, ജിതിന്‍ ഉപ്പുമാക്കല്‍, ടോണി തേക്കിലക്കാടന്‍ നിതിന്‍ ലൂക്കോസ്, സോയിമോന്‍ സണ്ണി എന്നിവര്‍ക്കാണ് ഇടുക്കി ജില്ലാ കോടതി ജാമ്യം അനുവദിച്ചത്.

◼️നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആദിവാസി ദളിത് യുവതികളുടെ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു. മൂത്തേടം ഉച്ചക്കുളം കോളനിയിലെ റിദിന്റെ ഭാര്യ രജിത (22), ചുങ്കത്തറ കൈപ്പിനിയിലെ ചേന്നന്‍ രാജുമോന്റെ ഭാര്യ അര്‍ച്ചന (35) എന്നിവരുടെ ഗര്‍ഭസ്ഥ ശിശുക്കളാണ് മരിച്ചത്.

◼️മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍ മത്സരം നടക്കുന്നതിനിടെ ഗ്യാലറി തകര്‍ന്നുവീണ് നിരവധി പേര്‍ക്കു പരിക്ക്. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈനല്‍ മത്സരത്തിനു തൊട്ടുമുന്‍പാണ് ഗ്യാലറി തകര്‍ന്നത്. 2,500 പേര്‍ കളികാണാന്‍ എത്തിയിരുന്നു.

◼️കോഴിക്കോട് പൂളക്കടവില്‍ ഉണങ്ങിയ തെങ്ങിനു തീപിടിച്ച് കടപുഴകി വീണ് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്ക്. വെള്ളിമാടുകുന്ന് സ്വദേശി ഗണേശ് എന്ന അറുപതുകാരനാണ് മരിച്ചത്. ഉണങ്ങിയ തെങ്ങിനോടു ചേര്‍ന്ന് ചവറുകൂട്ടിയിട്ട് തീയിട്ടതാണ് തെങ്ങിനു തീപിടിക്കാന്‍ കാരണം.

◼️സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറില്‍ ഐഎന്‍ടിയുസി നേതാവ്  ആര്‍ ചന്ദ്രശേഖരന്‍ പങ്കെടുക്കാതെ മടങ്ങി. പാര്‍ട്ടി വിലക്കുള്ളതിനാല്‍ സെമിനാറില്‍ പങ്കെടുക്കുന്നില്ലെന്ന് സിപിഎം നേതാക്കളെ കണ്ട് അറിയിച്ചശേഷമാണ് ചന്ദ്രശേഖരന്‍ മടങ്ങിയത്. കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം പരിപാടികളില്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വിലക്കിയിരുന്നു.

◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കുമെന്നും ആരും വിലക്കിയിട്ടില്ലെന്നും ശശി തരൂര്‍ എംപി. വിലക്കിയാല്‍ എഐസിസി അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

◼️യുവാക്കളെയും ടെക്നോപാര്‍ക്ക് ജീവനക്കാരേയും തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചു പണം തട്ടുന്ന രണ്ടു ഗുണ്ടാസംഘങ്ങള്‍ തിരുവനന്തപുരത്ത് പിടിയില്‍. യുവാവിനെ തട്ടിക്കൊണ്ടുപോയി കത്തി കാട്ടി പണം കവര്‍ന്ന കേസിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്. വലിയതുറയില്‍ രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നാലു പേരും പിടിയിലായി. കുറ്റിച്ചല്‍ സ്വദേശി രഞ്ചിത്ത്, കാരയ്ക്കാമണ്ഡപംകാരന്‍ ഡെനോ, കരംകുളത്തുള്ള മാഹീന്‍ എന്നിവരെ വഞ്ചിയൂര്‍ പോലീസാണ് പിടികൂടിയത്. നെയ്യാര്‍ ഡാം സ്വദേശികളായ അനൂപ്, വൈശാഖ്, വിജിന്‍, അരുണ്‍ എന്നിവരാണ് വലിയതുറയില്‍ അറസ്റ്റിലായത്.

◼️ബന്ധുവായ പെണ്‍കുട്ടിയെയും അമ്മയേയും നടുറോഡില്‍ അപമാനിച്ച സഹോദരന്മാര്‍ അറസ്റ്റില്‍. അതിക്രമം ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ അച്ഛനെയും ഇരുവരും മര്‍ദിച്ചിരുന്നു. പരവൂര്‍ ഇടയാടി രാജു ഭവനത്തില്‍ അമല്‍, സഹോദരന്‍ അഖില്‍ എന്നിവരാണ് പിടിയിലായത്