ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 മാർച്ച് 14 തിങ്കൾ|1197 കുംഭം 30 പൂയം| ശഅബാൻ 11
◼️കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാഗാന്ധി തന്നെ തുടരും. പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തവര്‍ ഗാന്ധി കുടുംബത്തില്‍ വിശ്വാസം പ്രഖ്യാപിച്ചു. സ്ഥാനമൊഴിയാന്‍ തയ്യാറെന്ന് സോണിയ യോഗാരംഭത്തില്‍ത്തന്നെ പറഞ്ഞു. എന്നാല്‍ എല്ലാവരും അവരില്‍ വിശ്വാസം പ്രകടിപ്പിക്കുകയാണു ചെയ്തത്. ഏപ്രിലില്‍ ചിന്തന്‍ ശിബിര്‍ നടത്താന്‍ തീരുമാനിച്ചു. പ്രവര്‍ത്തക സമിതി യോഗം അഞ്ചു മണിക്കൂറാണ് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്.
◼️സംസ്ഥാനത്ത് ഇന്നും കൊടും ചൂടും വരണ്ട കാലാവസ്ഥയും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറു ജില്ലകളില്‍ ജാഗ്രത വേണമെന്നു കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. ഉച്ചയ്ക്കു പുറം ജോലികള്‍ക്കുള്ള വിലക്ക് തുടരുകയാണ്. നാളെ വേനല്‍മഴ കിട്ടിയേക്കും.
◼️സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാസൗജന്യം അവകാശമാണെന്നും ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പരാമര്‍ശം അപക്വമാണെന്നും എസ്എഫ്ഐയും കെഎസ് യുവും. ബസിലെ യാത്രാ സൗജന്യം സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ്. വിദ്യാര്‍ഥികളുടെ ബസ് യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന ഗതാഗതമന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാര്‍ഹമാണെന്ന് എസ്എഫ്ഐയും കെഎസ് യുവും വെവ്വേറെ പ്രസ്താവനകളില്‍ പറഞ്ഞു.
◼️സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറുകളിലേക്ക് രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം. ശശി തരൂര്‍ എംപി, കെ.വി തോമസ് എന്നിവരെയാണ് ക്ഷണിച്ചത്. മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന സെമിനാറിലേക്കാണ് തരൂരിനു ക്ഷണം. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സെമിനാറിനാണ് കെ.വി തോമസിനെ ക്ഷണിച്ചത്. കണ്ണൂരില്‍ ഏപ്രില്‍ ആറു മുതല്‍ 10 വരെയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്.
◼️വാക്കുതര്‍ക്കത്തിനിടെ യുവാവിനെ വെടിവച്ച പാങ്ങോട് സ്വദേശി വിനീതിന്റെ വീട്ടില്‍ നിന്നു പൊലീസ് എയര്‍ ഗണ്‍ കണ്ടെടുത്തു. പ്രതിയെ ഇന്നലെ കടയ്ക്കല്‍ പോലിസ് അറസ്റ്റു ചെയ്തിരുന്നു. കടയക്കല്‍ തിരുവാതിര ഉത്സവം കഴിഞ്ഞ മടങ്ങിവരികയായരുന്നു റഹിമും സുഹൃത്തായ ഷിനുവും. വര്‍ക്ക് ഷോപ്പ് നടത്തുന്ന വിനീതിന്റെ കടയില്‍ ഷിനു ഒരു കാര്‍ നല്‍കിയിരുന്നു. ഇതു സംബന്ധിച്ച തര്‍ക്കത്തിനിടെ പെട്ടെന്ന് അരയില്‍നിന്നു തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു.
◼️മറിയപ്പള്ളി പാറമടക്കുളത്തില്‍ മറിഞ്ഞ ലോറിയിലെ ഡ്രൈവര്‍ അജികുമാറിന് ഹൃദയാഘാതം സംഭവിച്ചതുകൊണ്ടാകാം ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞതെന്ന് നിഗമനം. ശ്വാസകോശത്തില്‍ ചളി കയറിയാണ് അജികുമാര്‍ മരിച്ചതെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
◼️സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ ചെങ്ങന്നൂരില്‍ നടന്ന പ്രതിഷേധത്തിനിടെ വൈദികനെതിരേ പൊലീസ് നടപടി. ഓര്‍ത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനത്തിലെ വൈദികനും മുളക്കുഴ സെന്റ് മേരിസ് ഇടവകാംഗവുമായ ഫാ. മാത്യു വര്‍ഗീസിനെയാണ് പൊലീസ് കൈകാര്യം ചെയ്തത്. പുരോഹിതരോടുപോലും കരുണ കാണിക്കാത്ത പിണറായി വിജയന്റെ പൊലീസ് ആത്മപരിശോധന നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു.
◼️ഒരു ഊഞ്ഞാലു കെട്ടിത്തരാന്‍ പറയുമോയെന്നു കുട്ടികള്‍. അതു കേട്ട മന്ത്രി വീണ ജോര്‍ജ് ഉടനേ അധികാരികള്‍ക്കു നിര്‍ദേശം നല്‍കി. ഉടനേ കുട്ടികള്‍ക്ക് ഊഞ്ഞാല്‍ ഒരുക്കി. കോഴിക്കോട് വെള്ളിമാടുകുന്നിലെ ആണ്‍കുട്ടികള്‍ക്കുള്ള ബാലസദനത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയതായിരുന്നു മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ വരവുകണ്ട് കുട്ടികള്‍ അടക്കമുള്ളവരാണു മന്ത്രിയെ സ്വീകരിച്ചത്. മന്ത്രി ഹോം പരിസരവും സൗകര്യങ്ങളും അടുക്കളയിലുള്ള ഭക്ഷണവുമെല്ലാം പരിശോധിച്ചു. അതിനിടയിലാണ് ചില കുട്ടികള്‍ ഊഞ്ഞാല്‍ കെട്ടിത്തരുമോയെന്നു മന്ത്രിയോട് ആവശ്യപ്പെട്ടത്.
◼️തിരുവനന്തപുരം മഠവൂര്‍പാറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് 38 അടി താഴ്ചയില്‍ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. സന്തോഷ് എന്ന തൊഴിലാളിയെ ഫയര്‍ ഫോഴ്സ് എത്തിയാണു രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തനം നടക്കുമ്പോഴും മണ്ണിടിയുന്നുണ്ടായിരുന്നു.
◼️ഒമാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് അമ്മ പ്രേമ. കേസില്‍ ഇനിയും അപ്പീലിന് സാധ്യതയുണ്ട്. സര്‍ക്കാര്‍ സഹായം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
◼️യുക്രെയിന്‍-റഷ്യ യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അതിര്‍ത്തികളിലെയും സമുദ്ര, വ്യോമ മേഖലകളിലെയും ഇന്ത്യയുടെ സുരക്ഷാ സജ്ജീകരണങ്ങള്‍ വിലയിരുത്തി. ഇന്ത്യന്‍ പൗരന്മാരെ യുക്രെയിനില്‍നിന്ന് ഒഴിപ്പിക്കാനുള്ള ഓപ്പറേഷന്‍ ഗംഗയുടെ വിശദാംശങ്ങളും ചര്‍ച്ചയായി.
◼️കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി പതിമ്മൂന്നു വയസുള്ള ബാലന്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് വലിയമല സ്വദേശി സിന്ധുവിന്റെ മകന്‍ സൂരജാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
◼️മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്കു കോവിഡ്. രണ്ടാം തവണയാണ് രോഗബാധിതനാകുന്നത്.
◼️രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ആരംഭിക്കുന്നതിനുമുമ്പാണ് അദ്ദേഹം നിലപാട് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് ഐക്യത്തിന് ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു. അശോക് ഗെഹ്ലോട്ടിനെ എഐസിസി പ്രസിഡന്റാക്കാനുള്ള നീക്കങ്ങള്‍ എഐസിസി നേതാക്കള്‍ക്കിടയില്‍ പുരോഗമിക്കവേയാണ് അദ്ദേഹം ഇങ്ങനെ നിലപാടെടുത്തത്.
◼️ഗാന്ധി കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് അല്‍ഖാ ലാംബയുടെ നേതൃത്വത്തില്‍ എഐസിസി ആസ്ഥാനത്തിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കോണ്‍ഗ്രസിനായി രക്തസാക്ഷികളായവരാണ് ഗാന്ധി കുടുംബമെന്ന് അല്‍ഖാ ലാംബ പറഞ്ഞു.
◼️വിമര്‍ശനങ്ങള്‍ പോസിറ്റീവായി കാണുന്നുവെന്നും തനിക്കെതിരേ എന്തു നടപടിയും സ്വീകരിക്കാമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ പ്രവര്‍ത്തകര്‍ക്കു വിഷമമുണ്ടാകും. കോണ്‍ഗ്രസ് നന്നായി കാണാന്‍ ആഗ്രഹിക്കുന്നവരുടെ വിമര്‍ശനം നല്ല ചിന്തയായിട്ടാണു കാണുന്നത്. തനിക്കെതിരേ പോസ്റ്റര്‍ പതിച്ചതില്‍ പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
◼️ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വര്‍ഗീയ പ്രചാരണം നടത്തിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തിയ പ്രചാരണത്തിലൂടെയാണ് യുപിയില്‍ ബിജെപി ഭൂരിപക്ഷം നേടിയത്. ജനാധിത്യപത്യ മതേതര പാര്‍ട്ടികള്‍ ഒന്നിക്കേണ്ട സമയമാണിത്. കോണ്‍ഗ്രസ് സ്വയം വിലയിരുത്തണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
◼️ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. അഞ്ചുവര്‍ഷം ജനങ്ങള്‍ക്കായി യോഗി അക്ഷീണം അധ്വാനിച്ചെന്നും അടുത്ത അഞ്ചുവര്‍ഷവും വികസനത്തിനായി യോഗി പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായും യോഗിചര്‍ച്ച നടത്തി.
◼️ഗോവയിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ബിജെപിയിലെ തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷകരായ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ബി.എല്‍ സന്തോഷും ഇന്നു ഗോവയിലെത്തും. മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടരാനാണു സാധ്യത. വിശ്വജിത്ത് റാണെയുടെ പേരും പരിഗണനയിലുണ്ട്. സമവായം ഉണ്ടാക്കാനാണ് നേതാക്കള്‍ എത്തുന്നത്.