കരിന്തണ്ടൻ സ്മൃതി യാത്ര നടത്തി
പുതുപ്പാടി:
വയനാട്ടിലേക്കുള്ള ചുരം പാത യഥാർത്ഥ്യമാക്കിയ കരിന്തണ്ടൻ മൂപ്പന്റെ അനുസ്മരണാർത്ഥം പീപ്പിൾസ് ആക്ഷൻ ഫോർ എജ്യുക്കേഷൻ ആന്റ് ഇക്കണോമിക്സ് ഓഫ് ട്രൈബൽ പീപ്പിൾ (പീപ്) വർഷങ്ങളായി നടത്തുന്ന കരിന്തണ്ടൻ സ്മൃതി യാത്ര അടിവാരത്തു നിന്നും ആരംഭിച്ച് ലക്കിടിയിലെ ചങ്ങല മരച്ചുവട്ടിൽ അവസാനിച്ചു. പദയാത്രയുടെ മുന്നോടിയായി അടിവാരത്തെ പാലമരച്ചുവട്ടിലെ കൽത്തറയിലെ കരിന്തണ്ടൻ ഛായാചിത്രത്തിനു മുന്നിൽ വട്ടച്ചിറ ആദിവാസി കോളനിയിലെ ചാലൻ മൂപ്പൻ ഭദ്രദീപം തെളിയിച്ചു. മൂപ്പനും സ്വാഗതസംഘം ഭാരവാഹികളും പദയാത്രയിൽ പങ്കെടുക്കാനെത്തിയവരും കരിന്തണ്ടൻ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്നു നടന്ന അനുസ്മരണ യോഗത്തിൽ ടി.പി. അനന്തനാരായണൻ അധ്യക്ഷത വഹിച്ചു. വനവാസി വികാസകേന്ദ്രം, പീപ് ഭാരവാഹികളായ വാസുദേവൻ ചീക്കല്ലൂർ, എ. നാരായണൻ, ടി.എസ്. നാരായണൻ, പ്രദീപ്.പി, രാജു ആറളം, സ്വാഗതസംഘം ഭാരവാഹികളായ രാജൻ കളക്കുന്ന്, ഗിരീഷ് തേവള്ളി, സാബു അടിവാരം എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഊരുകളിൽ നിന്നും പദയാത്രയിൽ പങ്കെടുക്കാനെത്തിയവരെ സാക്ഷിയാക്കി ചാലൻ മൂപ്പന് എ. നാരായണൻ , ടി.എസ്. നാരായണൻ എന്നിവർ പതാക കൈമാറിയാണ് യാത്ര ആരംഭിച്ചത്.