About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 മാർച്ച് 26 ശനി|1197 മീനം 12   പൂരാടം| ശഅബാൻ 23


◼️കേരള ബാര്‍ കൗണ്‍സില്‍ ക്ഷേമനിധി ക്രമക്കേടില്‍ സിബിഐ കേസെടുത്തു. അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ടില്‍ 7.6 കോടി രൂപയുടെ തിരിമറി നടത്തിയ സംഭവത്തിലാണ് അന്വേഷണം. ബാര്‍ കൗണ്‍സില്‍ അക്കൗണ്ടന്റ് അടക്കം എട്ടു പ്രതികള്‍ക്കെതിരേയാണ് കേസ്. സ്റ്റാമ്പുകള്‍ വിറ്റതിലും ക്രമക്കേടുണ്ട്. കേസില്‍ നേരെത്തെ നാലു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

◼️സില്‍വര്‍ ലൈന്‍ കല്ലിടല്‍ മുഖ്യമന്ത്രിയുടെ വസതിയായ ക്ളിഫ് ഹൗസ് വരെ എത്തിയ സാഹചര്യത്തില്‍ ക്ളിഫ് ഹൗസിനും മുഖ്യമന്ത്രിക്കും സുരക്ഷ വര്‍ധിപ്പിക്കുന്നു. സുരക്ഷയുടെ മേല്‍നോട്ടത്തിന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കും. ക്ളിഫ് ഹൗസിന്റെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനു കൈമാറും.

◼️തുടര്‍ച്ചയായ നാലാം ദിവസും രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കൂട്ടി. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ ഇന്ധന വില എണ്ണക്കമ്പനികള്‍ ദിവസേനെ കൂട്ടുകയാണ്. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന്  81 പൈസയും പെട്രോളിന് 84 പൈസയും വര്‍ദ്ധിച്ചു.

◼️തെക്കുകിഴക്കന്‍ അറബിക്കടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മിന്നലോടു കൂടിയ മഴക്കു സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

◼️തൃശൂര്‍ ചേര്‍പ്പില്‍ മദ്യപിച്ചു ശല്യം ചെയ്തിരുന്ന യുവാവിനെ സഹോദരന്‍ മര്‍ദിച്ചു കുഴിച്ചു മൂടിയത് ജീവനോടെയെന്ന് പോലീസ്. കൊല്ലപ്പെട്ട ചേര്‍പ്പ് സ്വദേശി കെ.ജെ. ബാബുവിന്റെ ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം കണ്ടെത്തിയെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനോടെയാണു ബാബുവിനെ സാബു കുഴിച്ച് മൂടിയതെന്ന നിഗമനത്തിലെത്താന്‍ ഇതാണു കാരണം. തലയില്‍ ആഴത്തിലുള്ള മുറിവും കണ്ടെത്തിയിട്ടുണ്ട്.

◼️തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പൊതുപണിമുടക്കായതിനാല്‍ ആ ദിവസങ്ങളിലെ കേരള ലോട്ടറി നറുക്കെടുപ്പ് ഏപ്രില്‍ മൂന്ന്, 10 തീയതികളിലേക്കു മാറ്റി. തിങ്കളാഴ്ചത്തെ വിന്‍വിന്‍, ചൊവ്വാഴ്ചത്തെ സ്ത്രീശക്തി എന്നീ ഭാഗ്യക്കുറി നറുക്കെടുപ്പുകളാണ് മാറ്റിവച്ചത്.

◼️രണ്ടു ദിവസത്തെ പൊതുപണിമുടക്കില്‍നിന്ന് സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. കൊവിഡ് വ്യാപനത്തിനുശേഷം തിയേറ്ററുകള്‍ പൂര്‍ണമായി തുറന്ന വരുന്ന സമയമാണിതെന്നും ഈ ഘട്ടത്തില്‍ തീയേറ്ററുകള്‍ അടച്ചിടുന്നത് വന്‍ നഷ്ടമാകുമെന്നും ഫിയോക് പറഞ്ഞു.

◼️കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരായ ദ്വിദിന ദേശീയ പണിമുടക്കിനെതിരെ  കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയാണ് ഹര്‍ജി നല്‍കിയത്. പണിമുടക്കുന്നവര്‍ക്ക് ഡയസ് നോണ്‍ പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

◼️കൊല്ലം ബീച്ചിനെ സുരക്ഷിതവും വിനോദസഞ്ചാര സൗഹൃദവുമായ അന്താരാഷ്ട്ര ബീച്ച് ടൂറിസം കേന്ദ്രമാക്കാനുള്ള പദ്ധതി ഒരുങ്ങുന്നു. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍, ചെന്നൈ ഐ ഐ ടിയുമായി ചേര്‍ന്നാണ് പദ്ധതിരേഖ തയ്യാറാക്കുന്നത്. വിവിധ പങ്കാളികളെ ചേര്‍ത്ത് ഡിപിആര്‍ തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കൊല്ലം തീരത്ത് നാലു മീറ്ററാണ് ആഴം. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഇവിടെ 57 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് ബീച്ചിനെ സുരക്ഷിതമാക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്.

◼️കെ റെയിലിനെതിരായ പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ സിപിഎം വീടു കയറി പ്രചാരണത്തിന്. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് ഇങ്ങനെ തീരുമാനിച്ചിത്. ചെങ്ങന്നൂരിലടക്കം ആലപ്പുഴയില്‍ വീടുകള്‍ കയറി പ്രചരണം നടത്തും.

◼️മൂന്നാറില്‍ കോട്ടേജ് പരിസരത്ത് കഞ്ചാവ് നട്ടുവളര്‍ത്തിയതിന് ഉടമ അറസ്റ്റില്‍. ഇക്കാനഗറില്‍ ലൈറ്റ് ലാന്റ് കോട്ടേജ് ഉടമ ഫ്രാന്‍സീസ് മില്‍ട്ടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

◼️കൊല്ലം പോരുവഴി മലനട ഏലായിയിലെ കുളത്തില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. പോരുവഴി ഇടയ്ക്കാട് അമ്പാടിയില്‍ സുനിലിന്റെ മകന്‍ അശ്വിന്‍ (16), തെന്മല അജിഭവനത്ത് വിഘ്‌നേഷ്(17) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

◼️ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലേബര്‍ മുറിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് മരുന്നു മാറി നല്‍കിയെന്ന പരാതിയുമായി ബന്ധുക്കള്‍. പത്തനംതിട്ട മുത്തുപറമ്പില്‍ നാസറാണ് അമ്പലപ്പുഴ പൊലീസിനും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയത്. നാസറിന്റെ മരുമകള്‍ സിയാനയെ കഴിഞ്ഞ 21 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ സിയാനക്ക് മരുന്ന് കൊടുത്തതിന് ശേഷം അബോധാവസ്ഥയിലായി. മരുന്നു മാറി നല്‍കിയതിനാലാണ് ഇതു സംഭവിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

◼️ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം കോസ്റ്ററിക്കാന്‍ ചലച്ചിത്രമായ ക്ലാസ സോലയ്ക്ക്. നതാലി അല്‍വാരസ് മെസെന്‍ ആണു സംവിധായിക. മികച്ച സംവിധായികയായി കാമില ഔട്ട് ടു നൈറ്റ് എന്ന ചിത്രത്തിന്റെ സംവിധായിക ഐനസ് മരിയ മാറിനോവ തെരഞ്ഞെടുക്കപ്പെട്ടു. നിഷോദ്ധോയാണ് മികച്ച മലയാളം സിനിമ. തമിഴ് സിനിമയായ കുഴങ്കല്‍ ജനപ്രിയ സിനിമയായി തിരഞ്ഞെടുത്തു.

◼️ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഐ എഫ് എഫ് കെ വേദിയില്‍ കഥാകൃത്ത് ടി പത്മനാഭന്‍. സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിന് സാധിക്കുമെന്നും അതു ചെയ്തില്ലെങ്കില്‍ ഭാവികേരളം ഈ സര്‍ക്കാരിന് മാപ്പ് തരില്ലെന്നും ടി പത്മനാഭന്‍ അഭിപ്രായപ്പെട്ടു. സംഭവം ചര്‍ച്ചയായതോടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നിയമം കൊണ്ട് വരുമെന്ന് വേദിയിലുണ്ടായിരുന്ന മന്ത്രി സജി ചെറിയാന്‍ മറുപടി നല്‍കി.