ദിലീപിൻ്റെ ഹർജി തള്ളി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്താമെന്ന് ഹൈക്കോടതി
കൊച്ചി:
നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിൽ തുടരന്വേഷണം മുന്നോട്ട് കൊണ്ടുപോകാമെന്ന് ഹൈക്കോടതി. അടുത്ത മാസം 15നകം തുടരന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി നടൻ ദിലീപ് നൽകിയ ഹർജി തള്ളിയാണ് കോടതി ഉത്തരവായത്.
ബാലചന്ദ്രകുമാറിൻ്റെ മൊഴിയുടെ വിശ്വാസ്യതയെ പറ്റി അഭിപ്രായം പറയുന്നില്ലന്ന് കോടതി വ്യക്തമാക്കി. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപിൻ്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്നസംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് നടൻ ദിലീപ്, സഹാേദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് തുടങ്ങി ആറുപേർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. മൂന്നുപേരെയും ചോദ്യം ചെയ്തു. ദിലീപും സംഘവും കോടതിയിൽ നൽകിയ ആറ് മൊബൈൽഫോണുകളുടെ പരിശോധനാ റിപ്പോർട്ടുകളും ഹൈക്കോടതി അന്വേഷകസംഘത്തിന് കൈമാറിയിരുന്നു.