പ്ലാൻ്റ് മാറ്റാൻ തീരുമാനം: കൊട്ടാരക്കോത്ത് കോഴി അറവ് മാലിന്യപ്ലാൻറിനെതിരെയുള്ള സമരം, സംഗമം നടത്തി അവസാനിപ്പിച്ചു
കൊട്ടാരക്കോത്ത് ഞാറ്റുംപറമ്പിൽ പ്രദേശത്ത് ആരംഭിക്കാൻ തയ്യാറെടുത്തിരുന്ന ഭാരത് ഓർഗാനിക് ഫെർടിലൈസർ അൻ്റ് പ്രോട്ടീൻ പൗഡർ നിർമ്മാണ യൂണിറ്റ് എന്ന കോഴി അറവ് മാലിന്യപ്ലാൻ്റ് മാറ്റാൻ തീരുമാനം. ഇതോടെ രണ്ടര വർഷമായ നടത്തിവന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചതായി സമരസമിതി.
തിരുവമ്പാടി എം.എൽ.എ. ലിൻ്റോ ജോസഫിൻ്റെ സാന്നിധ്യത്തിൽ കോഴിക്കോട് ജില്ലാ കലക്റ്റർ ഗീതയുടെ അധ്യക്ഷതയിൽ പ്ലാൻ്റ് അധികൃതരുമായും സമരസമിതിയുമായും നടത്തിയ ചർച്ചയെ തുടർന്നാണ് പ്ലാൻ്റ് ഈ പ്രദേശത്ത് നിന്നും മാറ്റാൻ തീരുമാനമായത്. അനുകൂല കോടതി വിധിയുമായി പ്ലാൻ്റ് തുറക്കാൻ ശ്രമിച്ചത് പ്രദേശവാസികൾ കൂട്ടമായെത്തി തടഞ്ഞിരുന്നു. പലപ്പോഴും പ്ലാൻ്റ് അധികൃതരും സമരസമിതിയും തമ്മിൽ സംഘർഷവും ഉണ്ടായിരുന്നു. പ്ലാൻ്റ് പ്രവർത്തിക്കാൻ ഒരു തരത്തിലും അനുവദിക്കില്ലെന്ന് ഉറച്ച നിലപാടിലായിരുന്നു എല്ലാ രാഷ്ട്രീയ പാർട്ടികളും അടങ്ങിയ സമരസമിതി. ജൂലൈ 10 മുതൽ മുഴുനീള ഇരുപ്പ് സമരവും തുടർന്ന് 28 ദിവസം പൂർത്തിയാക്കിയപ്പോഴാണ് പ്ലാൻ്റുടമകൾ പിൻമാറുന്നത്. അനുരഞ്ജന ചർച്ചയിൽ സമരസമിതിയെ പ്രതിനിധികരിച്ച് പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഷംസീർ പോത്താറ്റിൽ, ഗ്രാമ പഞ്ചായത്ത് അംഗം കെ.ജി. ഗീത, എം.ഇ. ജലീൽ, ഷാഫി വളഞ്ഞപ്പാറ, ചരൺകുമാർ, രാജൻ നമ്പൂരിക്കുന്ന്, പ്ലാൻ്റ് മാനേജ്മെൻ്റിനെ പ്രതിനിധീകരിച്ച് അബ്ദുൽ സലാം, ഇർഷാദ്, മുഹമ്മദ് കോയ, താമരശ്ശേരി തഹസിൽദാർ സുബൈർ, താമരശ്ശേരി ഡി.വൈ.എസ്.പി: ടി.കെ. അഷ്റഫ്, സി.ഐ: സത്യനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
സമരം വിജയം കണ്ടതിനാലാണ് അവസാനിപ്പിക്കുന്നത് സമരസമിതി ഭാരവാഹികൾ അറിയിച്ചു. തിങ്കളാഴ്ച നടന്ന സംഗമത്തിന് ശേഷമാണ് സമരസമിതി പ്രതിഷേധം അവസാനിപ്പിച്ചത്.
സമരപ്പന്തലിൽ നടന്ന സമരം പിരിച്ച് വിടൽ സംഗമത്തിൽ ഗീത കെ.ജി സ്വാഗതം പറഞ്ഞു. ഷംസീർ പോത്താറ്റിൽ അദ്ധ്യക്ഷനായി. സി പി എം ഏരിയ സെക്രട്ടറി കെ.ബാബു, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് സി.കെ കാസിം, പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഇൻചാർജ്ജ് ആയിഷ ബീവി, ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ബിജു താന്നിക്കാകുഴി, കെ.സി വേലായുധൻ ,ഷാഫി വളഞ്ഞപാറ, എം.ഇ. ജലീൽ, രാജേഷ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബുഷ്റ ഷാഫി, മെഹ്റൂഫ്, ഗ്രാമ പഞ്ചായത്ത് നിയുക്ത പ്രസിഡണ്ട് നജ്മുനിസ ഷരീഫ്, ചരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.