കൃഷി വകുപ്പുദ്യോഗസ്ഥര്‍ മണ്ണിലേക്കിറങ്ങണം: മന്ത്രി പി.പ്രസാദ്
കോഴിക്കോട്:
കൃഷി ഭവനുകള്‍ കൂടുതല്‍ കര്‍ഷക സൗഹൃദമാവണമെന്നും കൃഷി വകുപ്പുദ്യോഗസ്ഥര്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങണമെന്നും കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. കോഴിക്കോട് വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഫീസ്, ഫയല്‍ എന്നതിനപ്പുറം വയല്‍, കൃഷിയിടം എന്നിവക്കും പ്രാധാന്യം വേണം. കൂടുതല്‍ കര്‍ഷക സൗഹൃദമാകുമ്പോഴാണ് സ്മാര്‍ട്ട് കൃഷി ഭവന്‍ യാഥാര്‍ത്ഥ്യമാകുന്നത്. നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തോടു ചേര്‍ന്ന് തരിശു കിടക്കുന്ന മുഴുവന്‍ സ്ഥലത്തും കൃഷി ഇറക്കുന്നതിനും വിപണന കേന്ദ്രത്തിന്റെ പ്രവര്‍ത്തന രീതികള്‍ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും ആവശ്യമായ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ മന്ത്രി ആവശ്യപ്പെട്ടു. വിപണന കേന്ദ്രത്തിലെ പച്ചക്കറിത്തോട്ടം മന്ത്രി സന്ദര്‍ശിച്ചു.
കര്‍ഷകര്‍ക്ക് കൂടുതല്‍ വിളവ് കിട്ടുമ്പോള്‍ അതിനനുസരിച്ചു സംഭരണം, സംസ്‌കരണം, വിപണനം എന്നിവയ്ക്കു പ്രാധാന്യം നല്‍കണം. ഇതിനായി കൃഷിഭവനുകള്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസഷനുകളുടെ (എഫ്.പി.ഒ.) സേവനം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എല്ലാ ഫാമുകളുടെയും പ്രവര്‍ത്തനം വിലയിരുത്തണം. ഒരു ഫാമിലും മണ്ണ് വെറുതെ കിടക്കാന്‍ പാടില്ല. പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തയിലേക്ക് എത്തണം. കടലാസ് സംഘങ്ങള്‍ക്ക് പകരം കൃത്യമായി എഫ്.പി.ഒ.കളെ കണ്ടെത്തി പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായി റിപ്പോര്‍ട്ട് നല്‍കണം. പച്ചക്കറികള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കണം. ആവശ്യമായവര്‍ക്കെല്ലാം പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
