കാരന്തൂരിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കാരന്തൂർ:
കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ കാരന്തൂർ ടൗൺ മസ്ജിദിന് സമീപം ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കാരന്തൂർ കോണാട്ട് തേറമ്പത്ത് അബ്ദുറഹിമാന്റെ മകൻ നിഹാൽ (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.
പെയിന്ററായ നിഹാൽ കുന്ദമംഗലം ഭാഗത്തുനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നിഹാലിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഷാഹിദിനെയും മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കൂടരഞ്ഞി കൂമ്പാറബസാറിലെ അർജുൻവിജയനെയും പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർജുൻ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. നിഹാലിൻ്റെ മാതാവ്: നഫീസ. സഹോദരങ്ങൾ: നൂരിയ. പരേതയായ നഹീദ.