ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
*2021 | ഒക്ടോബർ 27 1197 തുലാം 11| റബീഉൽ അവ്വൽ 20| ബുധൻ | തിരുവാതിര |*
🔳 കാലാവസ്ഥാ വ്യതിയാനം ഇതേ നിലയില്‍ തുടര്‍ന്നാല്‍, അതിവേഗം ഇന്ത്യയും കാലാവസ്ഥാ അഭയാര്‍ത്ഥികളുടെ നാടാവുമെന്ന് മുന്നറിയിപ്പ്. വരള്‍ച്ച, പ്രളയം, ഉഷ്ണതരംഗം എന്നിങ്ങനെ കാലാവസ്ഥയിലുണ്ടാവുന്ന തീവ്രമായ മാറ്റങ്ങള്‍ ഇവിടെയും അഭയാര്‍ത്ഥികളെ സൃഷ്ടിക്കുമെന്നാണ് ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയണ്‍മെന്റ് ആന്റ് ഡവലപ്‌മെന്റ് നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്. ദരിദ്രര്‍ നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്
.🔳കോവിഡ്്വാക്‌സിനേഷന്‍ 100 കോടി ഡോസ് പിന്നിട്ടതിന് പിന്നാലെ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. സമയപരിധി അവസാനിച്ചിട്ടും വാക്സിന്‍ രണ്ടാം ഡോസ് എടുക്കാത്തവരിലും ഇനിയും ആദ്യ ഡോസ് വാക്‌സിനെടുക്കാത്തവരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള നിര്‍ദേശം നല്‍കുന്നതിനാണ് യോഗം. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ഇന്നാണ് യോഗം. സമയപരിധി കഴിഞ്ഞിട്ടും 11 കോടിയോളം ആളുകള്‍ ഇതുവരെ സെക്കന്‍ഡ് ഡോസ് വാക്‌സിന്‍ എടുത്തിട്ടില്ലെന്നാണ് വിവരം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ യഥേഷ്ടം ലഭ്യമായിരിക്കുമ്പോഴാണ് ആളുകള്‍ ഈ വിമുഖത കാണിക്കുന്നതെന്നാണ് ആശങ്കപ്പെടുത്തുന്നത്.
🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 13,472 കോവിഡ് രോഗികളില്‍ 7,163 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 584 മരണങ്ങളില്‍ 482 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 341 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 51 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ 1,56,337 സജീവരോഗികളില്‍ 74,529 രോഗികളും കേരളത്തിലാണുള്ളത്.
🔳ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനെയെന്ന് ലോകാരോഗ്യ സംഘടന. സാങ്കേതിക വിദഗ്ധ സമിതി കൊവാക്സിന്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച് പരിശോധന നടത്തുകയാണെന്ന് ഡബ്യു എച്ച് ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാക്സിന് ഉടന്‍ അംഗീകാരം ലഭിച്ചേക്കുമെന്നും അടിയന്തര ഉപയോഗത്തിനായിരിക്കും വാക്സിന് അനുമതി ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.രേഖകള്‍ കൃത്യമായി സമര്‍പ്പിക്കപ്പെടുകയും വിദഗ്ധസമിതിക്ക് തൃപ്തികരമാവുകും ചെയ്താല്‍ 24 മണിക്കൂറില്‍ അംഗീകാരം ലഭിക്കുമെന്നും ഡബ്ല്യൂ എച്ച ഒ വക്താവ് അറിയിച്ചു.
🔳കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച മന്ത്രിതല യോഗം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ചേരും. ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ശമ്പള പരിഷ്‌കരണം അനിശ്ചിതമായി വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ നവംബര്‍ അഞ്ചിന് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യോഗം ചേരുന്നത്. ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ നവംബര്‍ ഒമ്പത് മുതല്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യവും യോഗം ചര്‍ച്ച ചെയ്യും.
🔳കെ റെയിലിനെതിരെ വിവിധ സംഘടനകളുടെ സംയുക്ത സെക്രട്ടേറിയേറ്റ് മാര്‍ച്ച് ഇന്ന്. സംസ്ഥാന കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുടങ്ങി നിരവധി നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കും. പ്രകടനത്തില്‍ 11 ജില്ലകളില്‍ നിന്നുമുള്ള കുടിയിറക്കപ്പെടുന്നവരുമുണ്ടാകും.
🔳വയനാട്ടില്‍ മാവോവാദി കീഴടങ്ങിയതായി പൊലീസ്. കബനി ദളത്തിലെ ഡെപ്യൂട്ടി കമാന്‍ഡന്റായിരുന്ന ലിജേഷ് എന്ന രാമു രമണയാണ് കീഴടങ്ങിയതെന്ന് കോഴിക്കോട് നോര്‍ത്ത് സോണ്‍ ഐജി അശോക് യാദവ് മാധ്യമങ്ങളെ അറിയിച്ചു. കേരള സര്‍ക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രകാരമുള്ള ആദ്യ കീഴടങ്ങലാണിത്. മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടെന്ന് ലിജേഷ് പറഞ്ഞു.
🔳മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയില്‍ നിലനിര്‍ത്തുന്നതിന് തമിഴ്‌നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഡാമിലെ വെള്ളം 138 അടിയെത്തിയാല്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കിവിടാം എന്ന് ഇന്നലെ നടന്ന ഉന്നതതല സമിതി യോഗത്തില്‍ തമിഴ്‌നാട് സമ്മതിച്ചതായി മന്ത്രി പറഞ്ഞു. ഇന്നലെ ചേര്‍ന്ന ഉന്നതതല സമിതി യോഗം സംബന്ധിച്ച് വിശദീകരിക്കുന്നതിന് നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
🔳കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെയും അജിത്തിന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥയായ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടിവി അനുപമയുടെ മുന്നില്‍ ഇന്ന് വൈകീട്ട് നാല് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കുട്ടിയെ കിട്ടാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി കിട്ടിയ രസീതുകളും മറ്റ് രേഖകളും ഹാജരാക്കാനും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് അനുപമയില്‍ നിന്ന് ശിശുവികസനവകുപ്പ് വിവരങ്ങള്‍ തേടുന്നത്.
🔳നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന് എതിരെ വിവാദ പരാമര്‍ശം നടത്തിയ കെ മുരളീധരന്‍ എംപിക്ക് എതിരെ മ്യൂസിയം പോലിസ് കേസെടുത്തു. ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നികുതിവെട്ടിപ്പില്‍ പ്രതിഷേധിച്ച് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് കെ മുരളീധരന്‍ എംപി മേയര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. ആര്യ രാജേന്ദ്രനെ കാണാന്‍ ഭംഗിയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാള്‍ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്റെ ആക്ഷേപം.
🔳ആര്യാ രാജേന്ദ്രന്‍ വിഷയത്തില്‍ കെ മുരളീധരന്‍ എംപിക്കെതിരെ രൂക്ഷപ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം. ആര്യ കടന്നുവന്നത് സമരങ്ങളിലൂടെയും, സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയുമാണെന്നും സ്വന്തമായി ഇപ്പോഴും ഒരു വീടുപോലുമില്ലാത്ത, ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ജീവിത വഴികളിലൂടെയാണ് ആര്യയുടെ യാത്രയെന്നും കെ മുരളീധരനെപ്പോലെ കമ്മിറ്റിക്കിടെ അച്ഛന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ നേതാവായി വന്നതുമല്ലെന്നും പറഞ്ഞ റഹീം മുരളീധരനെ നിലയ്ക്ക് നിര്‍ത്താന്‍ പുതിയ 'സെമികേഡര്‍ പാര്‍ട്ടി'യില്‍ ആരുമില്ലേയെന്നും ചോദിച്ചു.
🔳ആര്യാ രാജേന്ദ്രനെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ.മുരളീധരനെതിരെ കേസെടുത്ത പശ്ചാത്തലത്തില്‍ വ്യത്യസ്ത അഭിപ്രായവുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. രമ്യഹരിദാസിനും, കെ.കെ.രമ എംഎല്‍എയ്ക്കും, എംജി യൂണിവേഴ്സിറ്റിലെ എഐഎസ്എഫ് വനിതാ നേതാവിനും വാളയാറിലെ അമ്മയ്ക്കും ഒരു നീതി. മേയര്‍ ആര്യാ രാജേന്ദ്രനും സിപിഐഎം അംഗങ്ങള്‍ക്കും പാര്‍ട്ടിയെ പുകഴ്ത്തിയും അനുകൂലിച്ചും പാര്‍ട്ടിയുടെ നെറികേടുകള്‍ക്ക് മൗനം പാലിക്കുകയും ചെയ്യുന്ന വനിതകള്‍ക്ക് മറ്റൊരു നീതിയും. കേരളം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്.. പാര്‍ട്ടിയുടെ, കൊടിയുടെ നിറം നോക്കിയാണ് നീതി എന്നാണ് രമ്യാ ഹരിദാസ് ആരോപിക്കുന്നത്.
🔳ഓര്‍ത്തഡോക്സ്- യാക്കോബായ പള്ളിത്തര്‍ക്ക കേസുകളില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. നിയമപോരാട്ടം അവസാനിക്കരുതെന്നാണ് ചിലരുടെ നിലപാടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഹൈക്കോടതിയ്ക്കെതിരെ ചെളിവാരിയെറിഞ്ഞ് ആളാകാനാണ് ഇത്തരക്കാരുടെ ശ്രമം. കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ ഭയപ്പെടുത്തി പിന്‍മാറ്റിക്കുവാനാണ് ശ്രമിക്കുന്നതെന്നും എന്ത് സംഭവിച്ചാലും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
🔳സിറോ മലബാര്‍ സഭയില്‍ കുര്‍ബാന ഏകീകരണം നടപ്പാക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ വീണ്ടും എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍. സിനഡ് തീരുമാനം ചതിയിലൂടെ നടപ്പാക്കിയതാണെന്നും തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്നും വൈദികര്‍ കൊച്ചിയില്‍ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി. നവംബര്‍ അവസാന വാരം മുതല്‍ പരിഷ്‌കരിച്ച ആരാധനാക്രമം നടപ്പാക്കാനാണ് സിനഡ് സര്‍ക്കുലര്‍.
🔳ഇന്ധന വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. നവംബര്‍ 9 മുതലാണ് അനിശ്ചിത കാല സമരം. ഇതുസംബന്ധിച്ച് ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നോട്ടീസ് നല്‍കി. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണമെന്നതുമാണ് പ്രധാന ആവശ്യങ്ങള്‍. കൊവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടു.
🔳ബസുടമകളുടെ സമരം മുഖ്യമന്ത്രി വിളിച്ച ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ഉടമകളുമായും ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാവും. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് പറഞ്ഞ മന്ത്രി പക്ഷേ സ്‌കൂള്‍ തുറക്കുന്ന സമയത്ത് സമരം പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തില്‍ ചാര്‍ജ്ജ് വര്‍ധന എന്ന ആവശ്യം എത്രത്തോളം നടപ്പാക്കാന്‍ ആകുമെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
🔳കൊണ്ടോട്ടിക്കടുത്ത് കൊട്ടൂക്കരയില്‍ പട്ടാപ്പകല്‍ 21-കാരിയെ ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പത്താംക്ലാസുകാരന്‍ പോലീസിന്റെ പിടിയിലായി. കൊണ്ടോട്ടി സ്വദേശിതന്നെയായ പതിനഞ്ചുകാരനെയാണ് 24 മണിക്കൂറിനകം പോലീസ് പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി മലപ്പുറം ജില്ലാ പോലീസ് ചീഫ് എസ്. സുജിത് ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
🔳2020-ലെ കലാമണ്ഡലം ഫെലോഷിപ്പുകളും അവാര്‍ഡ്-എന്‍ഡോവ്‌മെന്റുകളും പ്രഖ്യാപിച്ചു. അമ്മന്നൂര്‍ പരമേശ്വരന്‍ ചാക്യാര്‍ക്കും ചേര്‍ത്തല തങ്കപ്പ പണിക്കര്‍ക്കുമാണ് ഫെലോഷിപ്പുകള്‍. 50000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഫെലോഷിപ്പ്.
🔳കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള 13 വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി സ്വകാര്യമേഖലയ്ക്ക് നല്‍കാന്‍ തീരുമാനം. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്രസര്‍ക്കാരിന് കൈമാറി.
🔳തമിഴ്‌നാട്ടില്‍ പടക്കക്കടയില്‍ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു പേര്‍ മരിച്ചു. കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് അപകടം നടന്നത്. നിരവധി പേര്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്.
🔳ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ശ്രമിക്കുന്നതായി നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആരോപിച്ചു. കേസില്‍ എന്‍സിബി കസ്റ്റഡിയിലുള്ള ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ ഇല്ലാതാക്കുമെന്നും ആര്യന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍സിബി കോടതിയില്‍ വാദിച്ചു. കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാന്‍ ഷാരൂഖ് ഖാന്‍ ശ്രമിക്കുന്നുവെന്നാണ് എന്‍സിബി ആരോപണം. അതേസമയം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും.
🔳മയക്കുമരുന്ന കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. കേസിലെ സാക്ഷികളുമായി തനിക്ക് ഒരു ബന്ധവുമില്ല. ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമം ഉണ്ടായെന്ന ആരോപണവും ആര്യന്‍ ഖാന്‍ നിഷേധിച്ചു.
🔳ഷാരുഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡയെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും. സമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താത്ത ഒരു എന്‍സിബി ഉദ്യോഗസ്ഥന്‍ എഴുതിയ കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു. ആര്യന്‍ ഖാനില്‍ നിന്ന് പിടിച്ച ലഹരി മരുന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ടു വച്ചതെന്നാണ് വെളിപ്പെടുത്തല്‍ വന്നിട്ടുള്ളത്.
🔳നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടറായ സമീര്‍ വാംഖഡെ ആത്മാര്‍ഥതയുള്ള ഉദ്യോഗസ്ഥനാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് ശത്രുക്കളുണ്ടാകുന്നതെന്നും സമീര്‍ വാംഖഡെയുടെ ഭാര്യയും നടിയുമായ ക്രാന്തി രേദ്കര്‍. സമീര്‍ വാംഖഡെയ്‌ക്കെതിരായ കൈക്കൂലി ആരോപണത്തില്‍ യാതൊരു തെളിവുമില്ലെന്നും അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നും ക്രാന്തി രേദ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഭര്‍ത്താവ് തെറ്റുകാരനല്ലെന്നും ഇതൊന്നും തങ്ങള്‍ പൊറുക്കുകയുമില്ലെന്നും സമീര്‍ വാംഖഡെയെ എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റുകയാണെങ്കില്‍ പലര്‍ക്കും പ്രയോജനമുണ്ടാകുമെന്നും അതിനുവേണ്ടിയാണ് ഈ ആരോപണങ്ങളെന്നും ക്രാന്തി രേദ്കര്‍ പറഞ്ഞു.
🔳പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഇന്ന് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. പഞ്ചാബ് ലോക് കോണ്‍ഗ്രസെന്നാകും പാര്‍ട്ടിയുടെ പേരെന്നാണ് സൂചന. ദീപാവലിക്ക് മുന്‍പ് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു. നവംബറോടെ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനാണ് നീക്കം.
🔳കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യസ്നേഹത്തിന്റെ ഏറ്റവും ഉദാത്തവും മഹത്തരവുമായ മാതൃകയാണിതെന്നും രാജ്യത്തെ ബഹുദൂരം മുന്നോട്ട് നയിക്കാന്‍ ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയ രണ്ട് മഹ്ദ്വ്യക്തിത്വങ്ങളാണ് വാത്മീകി മഹര്‍ഷിയും ഡോ അംബേദ്കറുമെന്നും ദില്ലി സംസ്‌കൃത അക്കാദമിയില്‍ വാത്മീകി ജയന്തിയോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ കെജ്രിവാള്‍ പറഞ്ഞു.
🔳ടി20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന് ശേഷം പാക് വിജയം ആഘോഷിച്ച കശ്മീരിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. വീഡിയോ ദൃശ്യങ്ങള്‍ തെളിവായി എടുത്താണ് ജമ്മു കശ്മീര്‍ പൊലീസ് രണ്ട് കേസുകള്‍ റജിസ്ട്രര്‍ ചെയ്തത്.
🔳ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് ടൂറിസം കമ്പനിയായ ബ്ലൂ ഒറിജിന്‍ വാണിജ്യ ബഹിരാകാശ നിലയം ആരംഭിക്കുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 'ഓര്‍ബിറ്റല്‍ റീഫ്' എന്ന് പേരിട്ടിരിക്കുന്ന സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. 32,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ സ്റ്റേഷന്‍ ഉപഭോക്താക്കള്‍ക്ക് 'മൈക്രോ ഗ്രാവിറ്റിയില്‍ ഫിലിം മേക്കിംഗ്' അല്ലെങ്കില്‍ 'അത്യാധുനിക ഗവേഷണം നടത്തുന്നതിന്' അനുയോജ്യമായ സ്ഥലം നല്‍കുമെന്നും അതില്‍ ഒരു 'സ്‌പേസ് ഹോട്ടല്‍' ഉള്‍പ്പെടുമെന്നും ബ്ലൂ ഒറിജിന്‍ പറഞ്ഞു.
🔳ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ ഔദ്യോഗികമായി അപേക്ഷ നല്‍കി ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്. രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി ദ്രാവിഡിനെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഐപിഎല്ലിനിടെ ദ്രാവിഡുമായി നടത്തിയ ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായിരുന്നു.
🔳ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ സൈബര്‍ ആക്രമണം നേരിടുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് പരോക്ഷ പിന്തുണയുമായി ബിസിസിഐ. വിരാട് കോലിയും മുഹമ്മദ് ഷമിയും ഒന്നിച്ചുള്ള ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തു. കരുത്തോടെ മുന്നോട്ട് എന്നാണ് ട്വീറ്റില്‍ പറയുന്നത്. എന്നാല്‍ സൈബര്‍ ആക്രമണത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശമില്ല.
🔳ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങി നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. ദക്ഷിണാഫ്രിക്കയോട് എട്ടു വിക്കറ്റിന് തോറ്റതോടെ വിന്‍ഡീസിന്റെ സെമി സാധ്യതകളും തുലാസിലായി. വിന്‍ഡീസ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 പന്ത് ബാക്കി നിര്‍ത്തി ദക്ഷിണാഫ്രിക്ക മറികടന്നു. വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഏയ്ഡന്‍ മാര്‍ക്രം ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 51 റണ്‍സെടുത്ത മാര്‍ക്രം പുറത്താകാതെ നിന്നപ്പോള്‍ 51 പന്തില്‍ 43 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ദസ്സനും വിജയത്തില്‍ കൂട്ടായി. സ്‌കോര്‍ വെസ്റ്റ് ഇന്‍ഡീസ് 10 ഓവറില്‍ 143-8, ദക്ഷിണാഫ്രിക്ക 18.2 ഓവറില്‍ 144-2.
🔳ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് പിന്മാറിയത് വര്‍ണവിവേചനത്തിനെതിരെ മുട്ടിലിരുന്ന് പ്രതിഷേധിക്കാന്‍ മടിച്ച്. താരത്തിന്റെ പിന്‍മാറ്റത്തിന് പിന്നാലെ ക്രിക്കറ്റ് സൗത്താഫ്രിക്ക ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മത്സരത്തിന് മുന്‍പ് താരങ്ങള്‍ ഐക്യദാര്‍ഢ്യമര്‍പ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഡികോക്ക് ഇതിനെതിരെ പ്രതിഷേധിച്ച് ടീമില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു
🔳ടി20 ലോകകപ്പിലെ സൂപ്പര്‍ 12 നിര്‍ണായക പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി തുടര്‍ച്ചയായ രണ്ടാം ജയവുമായി സെമി ബെര്‍ത്ത് ഏതാണ്ടുറപ്പിച്ച് പാക്കിസ്ഥാന്‍. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 135 റണ്‍സിന്റെ വിജയലക്ഷ്യം മുഹമ്മദ് റിസ്വാന്റെയും ഷൊയൈബ് മാലിക്കിന്റെയും ആസിഫ് അലിയുടെയും ബാറ്റിംഗ് മികവില്‍ പാക്കിസ്ഥാന്‍ 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച പാക്കിസ്ഥാന് ഇനി സ്‌കോട്‌ലന്‍ഡും അഫ്ഗാനിസ്ഥാനും നമീബിയയുമാണ് എതിരാളികള്‍. സ്‌കോര്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ 134-8, പാക്കിസ്ഥാന്‍ 18.4 ഓവറില്‍ 135-5.
🔳രാജ്യത്ത് ഇന്നലെ 13,472 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 13,984 പേര്‍ രോഗമുക്തി നേടി. മരണം 584. ഇതോടെ ആകെ മരണം 4,55,684 ആയി. ഇതുവരെ 3,42,14,865 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.56 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 1201 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,090 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 3,98,963 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 49,097 പേര്‍ക്കും ഇംഗ്ലണ്ടില്‍ 40,954 പേര്‍ക്കും റഷ്യയില്‍ 36,446 പേര്‍ക്കും തുര്‍ക്കിയില്‍ 29,643 പേര്‍ക്കും ജര്‍മനിയില്‍ 20,955 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.52 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.79 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 7,104 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,214 പേരും റഷ്യയില്‍ 1,106 പേരും ബ്രസീലില്‍ 362 പേരും ഉക്രെയിനില്‍ 734 പേരും റൊമാനിയായില്‍ 511 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49.77 ലക്ഷം.