ഓറഞ്ച് അലേര്‍ട്ട്: കോഴിക്കോട് ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
കോഴിക്കോട്:
ജില്ലയില്‍ വരുന്ന ദിവസങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലും അടിയന്തര സാഹചര്യം നേരിടാനുള്ള നടപടികളും സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി ഉത്തരവ് പുറപ്പെടുവിച്ചു.
ജില്ലാ ദുരന്ത നിവാരണ അടിയന്തര കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ എല്ലാ താലൂക്ക് ഓഫീസുകളിലേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും കണ്‍ട്രോള്‍ റൂം 24 മണിക്കൂര്‍ പ്രവര്‍ത്തനക്ഷമമായിരിക്കും. പോലീസ്, ഫയര്‍ ആന്റ റസ്‌ക്യൂ, ഇറിഗേഷന്‍, വൈദ്യുതി, ബി.എസ്.എന്‍.എല്‍ വകുപ്പുകള്‍ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കണം. ഡാമുകളിലെയും, നദികളിലെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാനും ഓരോ ആറ് മണിക്കൂറിലും ഡിഡിഎംഎ യെ അറിയിക്കാനുമുള്ള നടപടി മേജര്‍ മൈനര്‍ ഇറിഗേഷന്‍, കെ.എസ്.ഇ.ബി, കുറ്റ്യാടി ഇറിഗേഷന്‍, കക്കയം കെ.എസ്.ഇ.ബി സ്വീകരിക്കും. ഇറിഗേഷന്‍ വകുപ്പില്‍നിന്നും ഡി.ഡി.എം.എ കണ്‍ട്രോള്‍ റൂമിലേക്ക് ഒരു പ്രതിനിധിയെ നിയോഗിക്കും.
നദികളില്‍ ജലനിരപ്പ് ഉയരുകയും പ്രദേശിക വെള്ളക്കെട്ട് കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ബോട്ടുകള്‍
ഡയറക്ടര്‍ ഓഫ് ഫിഷറീസിന്റെ നേതൃത്വത്തില്‍ സജ്ജമാക്കും. അത്യാവശ്യഘട്ടങ്ങളില്‍ വേണ്ടിവരുന്ന വാഹനങ്ങള്‍ ഏര്‍പ്പാടാക്കാന്‍ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ നടപടി സ്വീകരിക്കും. നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഡ്രെയിനേജിലെ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ കോര്‍പറേഷന്‍ സെക്രട്ടറി നടപടി സ്വീകരിക്കും.
റോഡുകളിലെ അപകടകരമായ കുഴികളും തടസങ്ങളും നീക്കാന്‍ ആവശ്യമായ ജോലിക്കാരുടെ ടീമിനെ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, പി ഡബ്ലു ഡി റോഡ്‌സ് തയ്യാറാക്കി നിര്‍ത്തുകയും ബന്ധപ്പെടാനുള്ള നമ്പര്‍ ഡി.ഡി.എം.യെ അറിയിക്കണം. നദികള്‍, വെള്ളവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍, പാറക്കെട്ടുകള്‍, വെള്ളപ്പൊക്കം നേരിടുന്ന പ്രദേശങ്ങള്‍ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് മഴയുടെ കാഠിന്യം കുറയുന്നത് വരെ പ്രവേശനം ടൂറിസം വകുപ്പ് നിയന്ത്രിക്കും. പതിവായി അപകടങ്ങള്‍ ഉണ്ടാകുന്ന മലയോര മേഖലയിലെ നദീതീരങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചു. പോലീസും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും കര്‍ശനമായും നിരോധനം നടപ്പാക്കും.
കനത്ത മഴയെത്തുടര്‍ന്ന് വൈദ്യുത വിതരണത്തിലുണ്ടാകുന്ന തടസങ്ങള്‍ നീക്കാനും വൈദ്യുതി ലൈനുകളിലെ തടസങ്ങള്‍, അപകടങ്ങള്‍ ഒഴിവാക്കാനും എമര്‍ജന്‍സി ടീമിനെ കെ.എസ്.ഇ.ബി നിയോഗിക്കും.മത്സ്യത്തൊഴിലാളികള്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പുവരുത്തണം. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ അടിയന്തര യാത്രകളല്ലാത്തവ ഒഴിവാക്കണം. അടിയന്തര ഘട്ടങ്ങളില്‍ സഹായത്തിനായി താലൂക്ക്, കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമുകളിലേക്ക് ബന്ധപ്പെടാം. പുനരധിവാസ കേന്ദ്രങ്ങളില്‍ ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികള്‍ തഹസില്‍ദാര്‍മാര്‍ ഉറപ്പാക്കണം.ക്യാമ്പുകളില്‍ വൈദ്യസഹായം ലഭ്യമാക്കാനുള്ള നടപടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പു വരുത്തും. ക്യാമ്പുകളില്‍ ഡോക്ടര്‍ സന്ദര്‍ശനം നടത്തും.
ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍, സുരക്ഷ എന്നിവ അതത് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം. ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും മറ്റും ആവശ്യത്തിനനുസരിച്ച് വിതരണം നടത്താന്‍ ജില്ലാ സപ്ലൈ ഓഫീസര്‍, സിവില്‍ സപ്ലൈസ് റീജ്യണല്‍ മാനേജര്‍ നടപടി സ്വീകരിക്കണം. ആവശ്യം വരുന്ന മുറയ്ക്ക് സര്‍ക്കാര്‍ വകുപ്പുകളുടെ വാഹനങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് വിട്ട് നല്‍കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.