About

News Now

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

 

ആലപ്പുഴ:
ചാത്തനാട്  സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. അരുൺ കുമാർ  എന്ന ലേഖകണ്ണൻ (30) ആണ് മരിച്ചത്. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണമെന്ന് പോലീസ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അരുൺകുമാർ എന്ന് പൊലീസ് പറയുന്നത്.


ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയൻ പറമ്പിലാണ് സംഭവം. ഏറ്റുമുട്ടൽ  നടന്നതിൻ്റെ തൊട്ടടുത്താണ് കൊല്ലപ്പെട്ട അരുൺകുമാർ താമസിക്കുന്നത്. ചാത്തനാട് സ്വദേശിയായ മറ്റൊരു ഗുണ്ടാ നേതാവുമായി കഴിഞ്ഞ ദിവസങ്ങളിൽ തർക്കം ഉണ്ടായിരുന്നു. ഇതിൻ്റെ പിൻതുടർച്ചയാണ് ആക്രമണം. അരുൺ കുമാറിനെ അന്വേഷിച്ച് ഒരു സംഘം വീടിനടുത്തുള്ള കളിയൻ പറമ്പിലെ വഴിയിൽ കാത്ത് നിൽക്കുകയായിരുന്നു. തുടർന്ന് പ്രത്യാക്രമണം നടത്തുന്നതിനിടയിൽ അരുണിൻ്റെ തന്നെ കയ്യിൽ ഉണ്ടായിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ.

നാടൻ ബോംബാണ്  എന്നാണ് സൂചന. ഇരു വിഭാഗങ്ങളും തമ്മിൽ നിരന്തരം സംഘർഷം നടക്കുന്ന മേഖലയായതിനാൽ തന്നെ അക്രമണം നടന്ന ശേഷം പൊലിസ് എത്തിയ ശേഷം ആണ് ആളുകൾ പുറത്തേക്കിറങ്ങിയത്. ഉച്ചയോടെ അരുണിൻ്റെ  കൂട്ടാളികൾ അലക്സ് എന്ന ഗുണ്ടാ സംഘാംഗത്തെ വെട്ടി പരുക്കേൽപ്പിച്ചിരുന്നു. പകപോക്കലിൻ്റെ ഭാഗമായി സ്ഫോടക വസ്തു എറിഞ്ഞതാണോ എന്നും പൊലിസ് പരിശോധിച്ചു വരുന്നു. 2019 ൽ പോൾ എന്ന പൊലീസുകാരനെ വെട്ടിയ കേസിലും പ്രതിയാണ് മരണപ്പെട്ട അരുൺകുമാർ.