About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 | ഫെബ്രുവരി 18| 1197 കുംഭം 06| റജബ് 17| വെള്ളി| പൂരം

🔳നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി സര്‍ക്കാര്‍ സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ മാറ്റി. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവച്ചത്. ഗവര്‍ണറുടെ അഡീഷണല്‍ പിഎ ആയി ഹരി എസ് കര്‍ത്തയെ നിയമിച്ച ഉത്തരവില്‍ ജ്യോതിലാല്‍ എഴുതിയ കുറിപ്പാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. രാഷ്ട്രീയക്കാരെ രാജ്ഭവനില്‍ നിയമിക്കുന്നതു ശരിയല്ലെന്നാണു ജ്യോതിലാല്‍ എഴുതിയിരുന്നത്
🔳നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കാതിരുന്ന ഗവര്‍ണര്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ നിയമിക്കുന്നതിനെതിരേയാണ് ആദ്യം പ്രതികരിച്ചത്. പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സര്‍വ്വീസില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പെന്‍ഷന് അര്‍ഹരാവുമെന്ന ചട്ടം റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ചയാക്കണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ സിഎജിയേയും ബന്ധപ്പെട്ടു.
🔳നയപ്രഖ്യാപന പ്രസംഗം ഒപ്പുവയ്പിക്കാന്‍ ഗവര്‍ണറുടെ ഓഫിസുമായി ബന്ധപ്പെട്ട് മാരത്തണ്‍ ചര്‍ച്ചകളാണ്  നടന്നത്. ഒപ്പുവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച വൈകുന്നേരം നിയമസഭാ സ്പീക്കറും ഇന്നലെ ഉച്ചയ്ക്കു മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ വൈകുന്നേരം ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കണ്ടു. ഉച്ചയ്ക്കു ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം ക്ഷുഭിതരായി സംസാരിച്ചെന്നാണു വിവരം.
🔳മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാതിരിക്കുകയും ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ വരാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ നിയമസഭ സമ്മേളനം ഭരണഘടനാ പ്രതിസന്ധിയില്‍ ആകുമായിരുന്നു. എന്തു നടപടി സ്വീകരിക്കണമെന്ന് എകെജി സെന്ററില്‍ സിപിഎം സെക്രട്ടേറിയറ്റില്‍ ചൂടേറിയ ചര്‍ച്ച നടന്നു. ഒടുവില്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ മാറ്റാന്‍ തീരുമാനിച്ചതോടെ ഗവര്‍ണര്‍ ഒപ്പുവയ്ക്കുകയായിരുന്നു.
🔳തന്റെ പേഴ്സണല്‍ സ്റ്റാഫംഗത്തെ നിയമിച്ചതിനെ രാഷ്ട്രീയമായി അപഹസിച്ചതിനുള്ള തിരിച്ചടിയാണ് ഗവര്‍ണര്‍ ഇന്നലെ നല്‍കിയത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ തോന്നുംപടി നിയമിക്കുന്നതിനു നിയന്ത്രണം വേണമെന്ന ചര്‍ച്ച സമൂഹത്തിനും നിയമസഭയ്ക്കും മുന്നിലേക്കു വിട്ടുകൊണ്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചടിച്ചത്. തുടര്‍ന്നും ഇത്തരത്തിലാണ് പ്രതികരണമെങ്കില്‍ തിരിച്ചങ്ങോട്ടും തിരിച്ചടി ഉണ്ടാകുമെന്ന മുന്നറിയിപ്പുകൂടിയാണ് ഗവര്‍ണര്‍ സര്‍ക്കാരിനു നല്‍കുന്നത്.
🔳കെഎസ്ഇബി തര്‍ക്കത്തില്‍ സമര സമിതിയുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്നു ചര്‍ച്ച ചെയ്യും. ഉച്ചക്ക് 12.30 നാണു ചര്‍ച്ച. ട്രേഡ് യൂണിയനുകള്‍ക്ക് കൂടി സ്വീകാര്യമായ ധാരണയിലെത്താന്‍ മുന്നണി തല യോഗത്തില്‍ തീരുമാനമായി. ഇന്നലെ എകെജി സെന്ററില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, വൈദ്യുതി മന്ത്രി കൃഷ്ണന്‍ കുട്ടി, മുന്‍ വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരാണ് പങ്കെടുത്തത്.
🔳കെഎസ്ഇബി ഭൂമി കൈമാറ്റത്തില്‍ തീരുമാനമെടുത്തത് താനല്ല, വൈദ്യുതി ബോര്‍ഡാണെന്ന് മുന്‍ വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ മന്ത്രി കൃഷ്ണന്‍കുട്ടിയോടു ചോദിക്ക്, ഞാനിപ്പോ മന്ത്രി അല്ല. പക്ഷേ അന്ന് ചെയ്തതിന്റെ എല്ലാം ഉത്തരവാദിത്തം എനിക്കുണ്ട്. ആര്യാടന്‍ മുഹമ്മദ് ചെയ്ത അഴിമതി സതീശന്‍ പോയി അന്വേഷിക്കട്ടെ. മണി പറഞ്ഞു.
🔳കോഴിക്കോട് ബാലികാ സദനത്തില്‍നിന്ന് ഏതാനും ദിവസംമുമ്പു ചാടിപ്പോയശേഷം പിടിയിലായ അഞ്ചു പെണ്‍കുട്ടികളില്‍ ഒരാള്‍ വീണ്ടും ചാടിപ്പോയി. സ്വന്തം വീട്ടിലേക്കു മടങ്ങിയപോയ പെണ്‍കുട്ടിയെ ആണ് കാണാതായത്. വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു.
🔳പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിക്ക് 20 വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ. മണ്ണാര്‍ക്കാട് സ്വദേശി ഹനീഫ (33) യ്ക്കാണ് മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ്( കോടതി ശിക്ഷ വിധിച്ചത്.
🔳പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളിലൊരാളായ അഞ്ജലി റീമ ദേവിനെതിരെ പുതിയ കേസ്. പോക്സോ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.
🔳സ്വപ്ന സുരേഷിന് സ്വകാര്യ എന്‍ജിഒ യില്‍ നിയമനം. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ് ആര്‍ ഡയറക്ടര്‍ആയാണ് നിയമനം. വന്‍കിട കമ്പനികളില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ഏകോപിപ്പിക്കുന്ന ചുമതലയാണ്. ആദിവാസി മേഖലകളില്‍ വീട് നിര്‍മാണം ഉള്‍പ്പടെ ചെയ്യുന്ന സാമൂഹ്യ സംഘടനയാണ് എച്ച്ആര്‍ഡിഎസ്. ബിജെപി നേതാവ് ഡോ. എസ്. കൃഷ്ണകുമാര്‍ ഐഎഎസിന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തില്‍ 44,000 രൂപയാണു ശമ്പളം.
🔳കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 22 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പൊലീസിന്റെ പിടിയിലായി. മലപ്പുറം കരുവാരക്കുണ്ട് കുരിശ് സ്വദേശികളായ കെ റഷാദ് (28), അബ്ദുല്‍ ഗഫൂര്‍ (31)എന്നിവരെയാണ് മലപ്പുറം കടുങ്ങൂത്ത് അറസ്റ്റ് ചെയ്തത്.
🔳വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്ന രണ്ടു പേരെ വണ്ടൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. തിരുവാലി എറിയാട് സ്വദേശി താഴത്തേവീട്ടില്‍ ഷിബില്‍ (25), കാരാട് വെള്ളാമ്പ്രം സ്വദേശി കാവുങ്ങല്‍ ഷബീര്‍ എന്ന കുട്ടിമാന്‍ (36) എന്നിവരാണ് അറസ്റ്റിലായത്.
🔳സര്‍ക്കാരും ബിജെപിയും തമ്മിലുള്ള അവിഹിത രാഷ്ട്രീയ ബന്ധത്തിന്റെ ദല്ലാളാണ് ഗവര്‍ണറെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കൊടുക്കല്‍ വാങ്ങലും ഒത്തുകളിയുമാണെന്ന പ്രതിപക്ഷ നിലപാട് ശരിയാണെന്ന് അടിവരയിടുന്ന നാടകമാണു നാം കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇവര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടനിലക്കാരുണ്ട്. കൊടുക്കല്‍ വാങ്ങലുകളല്ല നടത്തുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള നാടകമാണെന്നും അദ്ദേഹം പ്രതികരിച്ചു.
🔳ഗവര്‍ണറും മുഖ്യമന്ത്രിയും ടോം ആന്റ് ജെറി കളിക്കുകയാണെന്നു രമേശ് ചെന്നിത്തല. അധികാരത്തുടര്‍ച്ചക്ക് ബിജെപിയുമായി ഉണ്ടാക്കിയ ധാരണയാണ് കഴിഞ്ഞ കുറെ നാളായി കണ്ടുവരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
🔳മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനു പെന്‍ഷന്‍ നല്‍കുന്നതിനെ വിമര്‍ശിച്ച ഗവര്‍ണര്‍ക്കെതിരേ സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം.എം. മണി. 'അയാളുടെ കുടുംബത്തില്‍നിന്നു കൊണ്ടുവന്നല്ല പേഴ്‌സണല്‍ സ്റ്റാഫിനു പെന്‍ഷന്‍ കൊടുക്കുന്നത്' എന്നായിരുന്നു എം എം മണിയുടെ പരാമര്‍ശം. ഗവര്‍ണര്‍ സര്‍ക്കാരിനല്ല തലവേദനയെന്നും നാടിനാകെ തലവേദനയാണെന്നും അദ്ദേഹം പറഞ്ഞു.
🔳മുഖ്യമന്ത്രി രാജ്ഭവന്‍ ഭരിക്കാന്‍ നോക്കേണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഗവര്‍ണറുടെ അധികാരത്തെ മുഖ്യമന്ത്രിയുടെ ഉദ്യോഗസ്ഥനു ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്നും മുരളീധരന്‍.
🔳ലൈംഗിക പീഡന കേസില്‍ വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റു രേഖപ്പെടുത്തിയശേഷം ശ്രീകാന്തിനെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു.
🔳എഴുപതാം വയസില്‍ അധികാര രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് എംപി ടി.എന്‍. പ്രതാപന്‍. മരിക്കുന്നതുവരെ, പാര്‍ട്ടിയുടെ അമരത്തുള്ള കസേരകളിലും അധികാര മാളികകളിലും കഴിയാന്‍ ശ്രമിക്കില്ലെന്നും എംപി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
🔳ദേശീയ അവാര്‍ഡ് ജേതാവായ സിനിമാ സംവിധായകന്‍ സുവീരന്റെ കോഴിക്കോട് വേളത്തുള്ള വീട്ടില്‍ അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്ത 20 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ  കേസ്. കുറ്റ്യാടി  പൊലീസാണ് കേസെടുത്തത്.
🔳പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്ത സംഭവത്തില്‍ രണ്ടുപേരെ കൊയിലാണ്ടി പൊലീസ് അറസ്റ്റുചെയ്തു. പേരാമ്പ്ര ചേര്‍മലയില്‍ വരുണ്‍രാജ് (26), മുയിപ്പോത്ത് ഉരുണി കുന്നുമ്മല്‍ ശ്യാംലാല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. വാലന്റൈന്‍ ദിനമായ ഫെബ്രുവരി 14 ന്  പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
🔳എറണാകുളത്തു സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ചുകയറി ജീവനക്കാരിയെ മര്‍ദിച്ചയാള്‍ അറസ്റ്റില്‍. കളമശേരി കണ്ണംകുളങ്ങര കണ്ണാടികോവിലകത്ത് സതീഷ് (43) ആണ് പിടിയിലായത്. പുതിയകാവ് സ്വദേശിനി ഷിജി സുധിലാലിനെ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവായ സതീഷ് ഹെല്‍മെറ്റുകൊണ്ട് മര്‍ദിച്ചതു വിവാദമായിരുന്നു.
🔳കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഉപ്പും വിനാഗിരിയും ചേര്‍ത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവയുടെ വില്‍പ്പന താല്‍ക്കാലികമായി നിരോധിച്ചു. പല കടകളിലും ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ്  മാനദണ്ഡ പ്രകാരമല്ലാതെ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. കോഴിക്കോട് ബീച്ചിലെ 17 കടകളില്‍നിന്ന് 35 ലിറ്റര്‍ ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് പിടിച്ചെടുത്തു നശിപ്പിച്ചു.  17 ബ്ലോക്ക് ഐസും പിടിച്ചെടുത്തു നശിപ്പിച്ചു. 12 കടകള്‍ താല്‍ക്കാലികമായി അടപ്പിച്ചു. എട്ടു കടകള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസ് നല്‍കി.