About

News Now

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് സുപ്രീം കോടതി

  


ന്യൂഡല്‍ഹി

വിവാദമായ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ആർ.വി രവീന്ദ്രന്‍റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് സുപ്രീം കോടതി. കോടതിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. അലോക് ജോഷി സമിതിയിൽ അംഗമാകും. സൈബര്‍ സെക്യൂരിറ്റി, ഫോറന്‍സിക് രംഗത്തെ വിദഗ്ധരും സമിതിയില്‍ അംഗങ്ങളാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ല. ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് കോടതി ശ്രമിക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലും സ്വകാര്യത പരമപ്രധാനമാണ്. നിയന്ത്രണങ്ങള്‍ ഭരണഘടനാ പരിധിയില്‍ നിന്നുകൊണ്ടാകണം. ദേശ സുരക്ഷ പറഞ്ഞ് കേന്ദ്രസര്‍ക്കാരിന് എല്ലാത്തിലും നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി പറഞ്ഞു.

ഇസ്രായേല്‍ സ്ഥാപനമായ എന്‍എസ്ഒയുടെ സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ച് പ്രമുഖ പൗരന്മാരുടെയും രാഷ്ട്രീയക്കാരുടെയും അടക്കം വിവരങ്ങള്‍ ചോര്‍ത്തിയതാണ് കേസ്. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍, പെഗാസസ് ചോര്‍ത്തലിന് ഇരയായ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍, എഡിറ്റേഴ്‌സ് ഗില്‍ഡ്, മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ, അഡ്വ. എം.എല്‍. ശര്‍മ തുടങ്ങിയവരാണ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. അന്വേഷണത്തിനായി വിദഗ്ധസമിതിയെ വെക്കുമെന്ന് സുപ്രീം കോടതി മുമ്പ് സൂചന നല്‍കിയിരുന്നു.