About

News Now

മുല്ലപ്പെരിയാർ അണക്കെട്ടിന്‌ ഘടനാപരമായ ബലക്ഷയമെന്ന് ഐക്യരാഷ്ട്ര സംഘടന സർവകലാശാല പഠന റിപ്പോർട്ട്‌

 


തിരുവനന്തപുരം:

മുല്ലപ്പെരിയാർ അണക്കെട്ടിന്‌ ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകരാനുള്ള സാധ്യത അവഗണിക്കാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടന സർവകലാശാല പഠന റിപ്പോർട്ട്‌. അണക്കെട്ട്‌ തകർന്നാൽ മഹാദുരന്തമാകും. കേരളത്തിലെ 35 ലക്ഷം ജനങ്ങളെ ബാധിക്കും.  സജീവ ഭൂചലന സാധ്യത മേഖലയിലാണ്‌ അണക്കെട്ടുള്ളത്‌. 1979ലെ   ഭൂചലനം അണക്കെട്ടിൽ വിള്ളലുണ്ടാക്കി. 2011ലെ ഭൂചലനം ഇത്‌ കൂടുതലാക്കി. ചോർച്ച സാധ്യത ആശങ്കാജനകമാണ്‌.  അണക്കെട്ടിന്റെ നിർമാണവിദ്യ കാലഹരണപ്പെട്ടു.

നിർമിക്കുമ്പോൾ 50 വർഷം ആയുസ്സ്‌ നിശ്ചയിച്ച അണക്കെട്ടിന്‌ നൂറുവർഷമായി.  പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട്‌ എതിർത്തെന്നും റിപ്പോർട്ടിലുണ്ട്‌. ജലനിരപ്പ്‌ താഴ്‌ത്താനും തമിഴ്‌നാട്‌ സമ്മതിക്കുന്നില്ല. സർവകലാശാലയിലെ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ വാട്ടർ എൻവയോൺമെന്റ്‌ ആൻഡ്‌ ഹെൽത്ത്‌ ആണ്‌ പഠനം നടത്തിയത്‌. ഇന്ത്യ, ഫ്രാൻസ്‌, അമേരിക്ക, ജപ്പാൻ,  ക്യാനഡ, സിംബാബ്‌വേ, സാംബിയ എന്നിവിടങ്ങളിലെ പഴക്കം ചെന്ന ഡാമുകളെ കുറിച്ചായിരുന്നു പഠനം.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയരുന്നു. ഞായർ രാവിലെ ആറിന് 136.8 അടി ആയിരുന്ന ജലനിരപ്പ് വൈകിട്ട് ആറോടെ 136.9 ആയി.  അണക്കെട്ട് പ്രദേശത്ത് മണിക്കൂറിൽ 71.4 മില്ലീമീറ്ററും തേക്കടിയിൽ 16.4 മില്ലീമീറ്ററും മഴപെയ്‌തിരുന്നു.