ഉത്രവധം: ഭർത്താവ് സൂരജിന് ഇന്ന് ശിക്ഷ വിധിക്കും
കൊല്ലം:
പ്രമാദമായ അഞ്ചല്‍ ഏറത്തെ ഉത്ര (25)യെ മൂര്‍ഖനെക്കൊണ്ടു കടിപ്പിച്ചുകൊന്ന കേസില്‍ കോടതി ഇന്ന് ശിക്ഷ വിധിക്കും. ഉത്രയുടെ ഭര്‍ത്താവ് അടൂര്‍ പറക്കോട് കാരംകോട് ശ്രീസൂര്യയില്‍ സൂരജ് എസ് കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധിച്ചിരുന്നു. പണത്തിനായി ഭാര്യയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷനും ഉത്രയുടെ കുടുംബവും.
നിയമവും പൊതുസമൂഹവും പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നതായി പ്രോസിക്യൂഷന്‍ വിശദീകരിച്ചിരുന്നു. സംഭവം അപൂർവങ്ങളില്‍ അപൂര്‍വമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചാല്‍ പ്രതിക്ക് വധശിക്ഷ ലഭിച്ചേക്കും. സൂരജിനെതിരെ ചുമത്തിയ കൊലപാതകം (വകുപ്പ് 302), കൊലപാതകശ്രമം (307), വിഷം നല്‍കി പരിക്കേല്‍പ്പിക്കുക (328), തെളിവുകള്‍ നശിപ്പിക്കുക (201)എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.