About

News Now

'അന്തരം' ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ മത്സര വിഭാഗത്തിൽ മാറ്റുരയ്ക്കും

 


കോഴിക്കോട്: 

 ജയ്പൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് കോഴിക്കോട് സ്വദേശിയായ ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സംവിധാനം ചെയ്ത അന്തരം തെരഞ്ഞെടുക്കപ്പെട്ടു. ഫീച്ചർ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട 24 ചിത്രങ്ങളിൽ മലയാളത്തിൽ നിന്ന് അന്തരം, നാനി എന്നിവയാണുള്ളത്. ഇന്ത്യയ്ക്ക് പുറമെ ചൈന, ജപ്പാന്‍, റഷ്യ, സ്വിറ്റ്സര്‍ലന്‍റ്, ജര്‍മനി, നെതര്‍ലന്‍റ്, കാനഡ, ബ്രസീല്‍, പോര്‍ച്ചുഗല്‍, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളും 14ാമത് ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവെലില്‍(ജെ ഐ എഫ് എഫ്- 2022) ഫീച്ചർ വിഭാഗത്തിൽ അരങ്ങേറും. 

2022 ജനുവരി ഏഴ് മുതല്‍ 11 വരെയാണ് ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റിവെല്‍ നടക്കുന്നത്. ചെന്നൈയിൽ നിന്നുള്ള ട്രാൻസ് വുമൺ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന ചിത്രമാണ് 'അന്തരം'.

സംവിധായകൻ പി. അഭിജിത്ത്

ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ. ശോഭില എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കണ്ണൻ നായർ, നക്ഷത്ര മനോജ്, എ.രേവതി, രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബരന്‍, കാവ്യ, ദീപാറാണി, ലയ മരിയ ജയ്സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ .വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ .പി ,രാഹുല്‍രാജീവ്, എന്‍. ബാസില്‍,ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. എ. മുഹമ്മദ് ക്യാമറയും എം.എ. ഷാനവാസ് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നു. 15 രാജ്യങ്ങളിൽ നിന്നുള്ള 28 അംഗ ജൂറിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്.