കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം: മാധ്യമപ്രവര്ത്തകന് മര്‍ദ്ദനം
കോഴിക്കോട്:
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ നടന്ന കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്ത്തകന് മര്‍ദ്ദനം. മാതൃഭൂമി ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ സാജന് പി. നമ്പ്യാരെയാണ് മർദ്ദിച്ചത്. വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഫോട്ടോ എടുക്കുന്നതിനിടെ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിതമായി എത്തി മാധ്യമപ്രവര്‍ത്തകനെ യോഗം നടന്ന ഹാളിലേക്ക് വലിച്ചുകയറ്റി മര്‍ദ്ദിക്കുകയായിരുന്നു. കഴുത്തിന് കുത്തിപ്പിടിക്കുകയും മര്‍ദിക്കുകയും ചെയിന്‍ പൊട്ടിക്കുകയും ചെയ്തതായി മര്‍ദനമേറ്റ സാജന് പി നമ്പ്യാര്‍. . സാജനെ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് മുന്‍ ഡിസിസി പ്രസിഡന്റ് യു. രാജീവന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. ഹാളിന്റെ വാതില്‍ അടച്ചിട്ടായിരുന്നു യോഗം നടന്നത്. വാതിലിനുമുകളിലൂടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് സംഘര്ഷത്തിനുകാരണമെന്നാണ് രാജീവൻ പറയുന്നത്.. പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് അദ്ദേഹം പറഞ്ഞില്ല. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.