കാർ കത്തി നശിച്ചു: ഒഴിവായത് വൻ അപകടം
കോഴിക്കോട്:
ഓടി കൊണ്ടിരുന്ന കാറിൽ നിന്നും പുക വന്നു, ഉടൻ കാർ കത്തി നശിച്ചു.
യാത്രക്കാർ പുക ഉയർന്ന സമയത്ത് തന്നെ കാർ നിർത്തി പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് രാവിലെ എട്ട് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപത്താണ് സംഭവം. മുൻ എം.എൽ.എ. പുരുഷൻ കടലുണ്ടിയുടെ മകൻ തൊണ്ടയാട് സ്വദേശി വിമൽ പുരുഷോത്തമൻ്റെ കെ.എൽ.11 എ 8728 നമ്പർ വാഗണാർ കാറാണ് കത്തി നശിച്ചത്.
കാറിലെ ഏ.സി. സിസ്റ്റത്തിൽ നിന്നാണ് പുകയുയർന്നതെന്നാണ് സംശയിക്കുന്നത്. മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും തൊണ്ടയാടേക്ക് പോകുകയായിരുന്നു കാർ. രാവിലെ മെഡിക്കൽ കോളേജിന് സമീപത്തെ ഗതാഗത കുരുക്കിൽ കുടുങ്ങിയ കാറിൽ നിന്നാണ് പുക പുറത്ത് വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ കാർ റോഡരുകിലേക്ക് മാറ്റി നിർത്തി യാത്രക്കാർ പുറത്തിറങ്ങിയപ്പോഴേക്കും തീ പടരുകയായിരുന്നു. വിമലും കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്.
കോഴിക്കോട് വെള്ളിമാടുക്കുന്നിൽ നിന്നും ഒരു യുണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. സ്റ്റേഷൻ ഓഫീസർ ബാബുരാജ്, റെസ്ക്യു ഓഫീസർ അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർ ആൻഡ് റെസ്ക്യു ഫോഴ്സാണ് സ്ഥലത്തെത്തിയത്. മെഡിക്കൽ കോളേജ് പോലീസും സ്ഥലത്തെത്തി. കാറിൻ്റെ എഴുപത് ശതമാനത്തിലേറെ കത്തി നശിച്ചിട്ടുണ്ട്.