About

News Now

മദ്യക്കുപ്പി കാണാത്തതിന് അരിശം തീരാതെ ആടിനെ വെട്ടിക്കൊന്നു, ഭാര്യയെ മര്‍ദ്ദിച്ചു: ബാങ്ക് മാനേജര്‍ അറസ്റ്റിൽ


 കൊല്ലം

മദ്യക്കുപ്പി കാണാത്തതിനാൽ ഭാര്യയെ ക്രൂരമായി മർദിക്കുകയും വീട്ടിലെ ആടിന്റെ കഴുത്തറുത്ത് കൊല്ലുകയും ചെയ്‌ത ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്തു. തൃക്കണ്ണമം​ഗൽ വിജയ് ന​ഗറിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ബിജു എൻ നായർ (47)ആണ്‌ അറസ്റ്റിലായത്‌.

പൊതുമേഖലാ ബാങ്ക്‌ മാനേജരായ ബിജു ജോലി സൗകര്യാർഥമാണ്‌ ഭാര്യ ഗീതയ്ക്കൊപ്പം കൊട്ടാരക്കരയിൽ വാടകയ്‌ക്ക്‌ താമസിക്കുന്നത്‌. വെള്ളി രാത്രി 10നാണ് കേസിനാസ്പദമായ സംഭവം. ബിജു വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പി കാണാനില്ലെന്ന് ആരോപിച്ച്‌ മർദിച്ചതായാണ്‌ ഭാര്യയുടെ പരാതി. വാളെടുത്തുവെട്ടാൻ ശ്രമിക്കവെ ​ഭാര്യ തൊട്ടടുത്തുള്ള വാർഡ് കൗൺസിലറുടെ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.

അരിശം തീർക്കാൻ മാനേജർ ആടിനെ വെട്ടിക്കൊല്ലുകയായിരുന്നു. പരിക്കേറ്റ ​ഗീതയെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിജുവിനെ കോടതി റിമാൻഡ്‌ ചെയ്തു.