റേഷൻ വിതരണത്തിൽ ജനങ്ങളുടെ പരാതികൾ ഉൾക്കൊണ്ട് മാറ്റങ്ങൾ നടപ്പാക്കും: മന്ത്രി ജി.ആർ. അനിൽ
കുറ്റ്യാടി:
കേരളത്തിലെ റേഷൻ വിതരണരംഗത്ത് സമൂലമായ മാറ്റമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ എല്ലാ പരാതികളും ഉൾക്കൊണ്ട് മാറ്റങ്ങൾ നടപ്പാക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. മണിയൂർ ഗ്രാമപഞ്ചായത്ത് പാലയാട്ട്‌നടയിൽ പ്രവർത്തിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോറിനെ മാവേലി സൂപ്പർ സ്റ്റോറായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ റേഷൻ കാർഡ് ഉടമയ്ക്കും സ്വന്തം റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താൻ റേഷൻ ഷോപ്പിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിസംബർ 15 വരെ റേഷൻ കടകളിൽ പരാതിപ്പെട്ടികളുണ്ടാവും. റേഷൻ കടകളുമായി ബന്ധപ്പെട്ട പരാതികളും പെട്ടിയിൽ നിക്ഷേപിക്കാം. പരാതികൾ ഉദ്യോഗസ്ഥർ ശേഖരിച്ച് വിശദമായി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നിത്യജീവിതവുമായി ബന്ധപ്പെട്ട് ഭക്ഷ്യ പൊതുവിതരണവകുപ്പും സപ്ലൈക്കോയും വളരെ മികച്ച പ്രവർത്തനമാണ് കേരളത്തിൽ നടത്തുന്നത്. കോവിഡ് ദുരിതകാലത്ത് വളരെ നിർണായകമായ പങ്കാണ് വകുപ്പ് നിർവ്വഹിച്ചത്. സപ്ലൈക്കോ ഔട്ട്‌ലറ്റുകളിലെ ഉത്പന്നങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്ന പ്രവർത്തനം തുടരുകയാണ്. ഭക്ഷ്യധാന്യങ്ങളുടെ വിതരണകാര്യത്തിൽ വളരെ കാര്യക്ഷമമായ നിലയിലേക്ക് റേഷൻകടകളെയും സപ്ലൈക്കോയെയും എത്തിക്കാനായി. അനർഹമായി കൈവശം വെച്ചിരുന്ന 1.6 ലക്ഷം റേഷൻ കാർഡുകളാണ് പിടിച്ചെടുത്തത്. സാധാരണക്കാർക്ക് ആശ്വാസകരമാവുന്ന നടപടിയാണിതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. ആദ്യവില്പന ഇ.കെ.വിജയൻ എം എൽ എ നിർവഹിച്ചു. സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.എം.അലി അസ്ഗർ പാഷ, ജില്ലാ സപ്ലൈ ഓഫീസർ കെ.രാജീവ്, മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി.റീന, തോടന്നൂർ ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.ടി.രാഘവൻ, മണിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശോഭന ടി.പി, പ്രഭ പുനത്തിൽ, മൂഴിക്കൽ പ്രമോദ്, ഷൈജു പി.പി, കെ.വി.സത്യൻ മാസ്റ്റർ, വി. പി.സുരേന്ദ്രൻ, എൻ.സജീവൻ, ടി.അമ്മദ് തുടങ്ങിയവർ പങ്കെടുത്തു.