About

News Now

Evening News

 താമരശ്ശേരി ന്യൂസ്

2021 | നവംബർ 11 | 1197 തുലാം 26 | ആഖിർ 6| വ്യാഴം | തിരുവോണം  |


ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനത്തില്‍ വിമര്‍ശനവുമായി വീണ്ടും സുപ്രീംകോടതി. വിരമിക്കുന്ന ചിലര്‍ക്ക് ജോലി നല്‍കുന്ന ഇടമായി ട്രൈബ്യൂണലുകളെ മാറ്റരുതെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. വിരമിച്ച സുപ്രീംകോടതി - ഹൈക്കോടതി ജഡ്ജിമാരെയാണ്  ട്രൈബ്യൂണലുകളുടെ തലപ്പത്ത് സാധാരണ നിയമിക്കാറുള്ളത്. മറ്റ് ജുഡീഷ്യല്‍ അംഗങ്ങളുടെ നിയമനവും അതേ രീതിയിലാണ്. ഇത്തരം നിയമനങ്ങളെ കോടതി എതിര്‍ക്കുന്നില്ല. എന്നാല്‍ വിരമിച്ചവര്‍ക്ക് ജോലി നല്‍കാനുള്ള ഇടമായി മാത്രം ട്രൈബ്യൂണലുകളെ കാണരുതെന്നും കഴിവാകണം മാനദണ്ഡമെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളാണ് ട്രൈബ്യൂണലുകള്‍ കൈകാര്യം ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു.

🔳പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റില്‍ സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.  1947 ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമായത് 2014 ലാണെന്നാണ് കങ്കണ പറഞ്ഞത്. ബ്രിട്ടീഷ് ഭരണത്തിനെതിരേ പോരാടി സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ നയിച്ചവരെ അപമാനിക്കുന്ന പരാമര്‍ശമാണ് കങ്കണയുടേതെന്നും നടി മാപ്പു പറയണമെന്നും വിമര്‍ശകര്‍ പറയുന്നു.

🔳മരംമുറി ഉത്തരവിറങ്ങിയത് കേരളവും തമിഴ്നാടും ചേര്‍ന്ന് നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന് തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ പുറത്ത്. തമിഴിനാടിന് ടി.കെ.ജോസ് നല്‍കിയ മിനിട്സില്‍ മരംമുറിക്ക് അനുമതി നല്‍കുന്നത് പരിഗണനയിലാണെന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്നാടും കേരളവുമായി നടത്തിയ ചര്‍ച്ചയുടെ മിനുട്സിലാണ് ഇക്കാര്യമുള്ളത്. ഇന്നലെ മരംമുറി സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനം എടുത്തുവെന്ന് ആരോപിച്ചാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്റ് ചെയ്തത്. 

🔳മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ മരം മുറി ഉത്തരവുമായി ബന്ധപ്പെട്ട് നവംബര്‍ ഒന്നിന് സെക്രട്ടറി തല യോഗം ചേര്‍ന്നിട്ടില്ലെന്ന വാദം ആവര്‍ത്തിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ . ഒന്നാം തിയ്യതി യോഗം ചേര്‍ന്നിട്ടില്ലെന്നതില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ആവര്‍ത്തിച്ച അദ്ദേഹം, എന്നാല്‍ 17 ന് യോഗം ചേര്‍ന്നില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. 17 ലെ യോഗത്തില്‍ മരം മുറിക്കാന്‍ തീരുമാനം എടുത്തെങ്കില്‍ അത് താന്‍ അറിഞ്ഞില്ല. അക്കാര്യം അന്വേഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.

🔳സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെക്കാള്‍ 1.02 ശതമാനമാണ് സംസ്ഥാനത്തിന്റെ പൊതുകടം വര്‍ദ്ധിച്ചത്. റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും വായ്പാ തിരിച്ചടവിന് ഉപയോഗിക്കേണ്ട സാഹചര്യമാണ് കേരളത്തിനുള്ളത്. റവന്യു വരുമാനത്തിന്റെ 21 ശതമാനവും നിലവില്‍ വായ്പ്പാ തിരിച്ചടവിന് ഉപയോഗിക്കേണ്ടി വരുന്നുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂ വരുമാനം കൂടിയെങ്കിലും നികുതി വരുമാനത്തില്‍ വളര്‍ച്ചയുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

🔳കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഴുവന്‍ കടബാധ്യതയും വഹിക്കാമെന്ന് കേരളം. ഇതുസംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. വായ്പയ്ക്ക് ഗ്യാരന്റി നില്‍ക്കില്ലെന്നും സംസ്ഥാനം തന്നെ ബാധ്യത ഏറ്റെടുക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്. 63,941 കോടി രൂപയാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈ സ്പീഡ് റെയില്‍ ലൈന്‍  പദ്ധതിയുടെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത്.

🔳പ്രളയ നിയന്ത്രണത്തില്‍ സര്‍ക്കാറിന് വീഴ്ചയുണ്ടായി എന്ന് സിഎജി റിപ്പോര്‍ട്ട്.  പ്രളയമുന്നൊരുക്കങ്ങളിലും നിയന്ത്രണങ്ങളിലും സര്‍ക്കാരിന് വീഴ്ചയുണ്ടായി. ദേശീയ ജലനയം അനുസരിച്ച് സംസ്ഥാനം ജലനയം പുതുക്കിയില്ല. പ്രളയനിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകള്‍ സംസ്ഥാന ജലനയത്തിലില്ല തുടങ്ങിയ രൂക്ഷമായ വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.

🔳മോന്‍സണ്‍ കേസില്‍ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമര്‍ശനം. ബെഹ്റ എന്തിന് മോന്‍സന്റെ വീട്ടില്‍ പോയി, മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നല്‍കി എന്ന വാദം തെറ്റല്ലേ എന്നും കോടതി ചോദിച്ചു. മനോജ് അയച്ച കത്ത് എവിടെയെന്ന് ചോദിച്ച കോടതി, സത്യവാങ്മൂലം വായിച്ച് നോക്കാനും ഡിജിപിയോട് പറഞ്ഞു.

🔳മോന്‍സന്‍ കേസില്‍പ്പെട്ട് സസ്പെന്‍ഷനിലായ ഐജി ലക്ഷ്മണ്‍ ശബരിമല ദര്‍ശനത്തിനായി ഭക്തരില്‍ നിന്നും വ്യാപകമായി പണം വാങ്ങിയെന്ന വിവരവും പുറത്ത്. ഇതിനായി ഹൈദരാബാദില്‍ ഓഫീസ് തുറന്നുവെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടും ഐജിക്കെതിരെ നടപടി എടുക്കാതെ പരാതി ഒതുക്കി. ഒന്നാം പിണറായി സര്‍ക്കാരിന്റെ ശബരിമല തീര്‍ത്ഥാടന കാലത്താണ് ദര്‍ശനത്തിനായി 10,000 രൂപ മുതല്‍ ഒരാളില്‍ നിന്നും വാങ്ങുന്നുവെന്ന കാര്യം ഉന്നത ഉദ്യോഗസ്ഥര്‍ അറിയുന്നത്. അന്നത്തെ ആഭ്യന്തര സെക്രട്ടറി ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ മുന്‍ പൊലീസ് മേധാവി ബെഹ്റയോട് ആവശ്യപ്പെട്ടെങ്കിലും കാര്യമായ അന്വേഷണമൊന്നും നടക്കാതെ സംഭവം ഒതുക്കി. അന്ന് രക്ഷപ്പെട്ട ലക്ഷമണ്‍ ആണിപ്പോള്‍ മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പിന് കുടപിടിച്ചു കുടുങ്ങുന്നത്.

🔳കെ.എസ്.ആര്‍.ടി.സിയിലെ ആധുനികവത്കരണം സ്വകാര്യ പങ്കാളിത്തത്തോടെ നടത്തേണ്ടി വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്വന്തം നിലയില്‍ കെ.എസ്.ആര്‍.ടി.സി നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന സാമ്പത്തിക നിലയല്ല ഇപ്പോഴുള്ളത്. വാടകയ്ക്ക് എടുത്ത് ഇലക്ട്രിക് ബസുകള്‍ ഓടിക്കുന്നത് നഷ്ടം വരുത്തുന്നുണ്ടെന്നും ഗതാഗത മന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.  നിലവില്‍ ഇലക്ട്രിക് ബസ് ഓടിക്കാന്‍ ഒരുകിലോമീറ്ററിന് 49 രൂപയാണ് ചെലവ് വരുന്നത്. എന്നാല്‍ ഇതിലൂടെയുള്ള വരുമാനം കിലോമീറ്ററിന് 38 രൂപ മാത്രമാണ്. അതുകൊണ്ടാണ് ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായതെന്നും മന്ത്രി പറഞ്ഞു.

🔳മാതാപിതാക്കള്‍ക്കെതിരായ കുട്ടികളുടെ വ്യാജ ലൈംഗിക പീഡന പരാതികളില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. ഇത്തരം വ്യാജ പരാതികള്‍ മാരകമാണെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. കേസില്‍ രക്ഷിതാവ് കുറ്റമുക്തനായാലും ജീവിതം തകര്‍ന്ന് പോകുമെന്നും കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ വയനാട് സ്വദേശിയായ അച്ഛനെ കുറ്റ മുക്തനാക്കിയാണ് ഹൈക്കോടതി പരാമര്‍ശം. രണ്ടാനമ്മ മകളെ ഉപയോഗിച്ച് നല്‍കിയത് വ്യാജ പരാതി ആണെന്ന വാദം കോടതി അംഗീകരിച്ചു.

🔳ഇന്ധന നികുതി കുറക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ ജനകീയ സമരത്തിന് യുഡിഎഫ്. കേന്ദ്ര സര്‍ക്കാര്‍ നാമമാത്രമായാണ് നികുതി കുറച്ചതെങ്കിലും അതിന് ആനുപാതികമായി മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളവും നികുതി കുറക്കാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇന്ധന നികുതി കുറക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. അതേസമയം നികുതി കൂട്ടിയ കേന്ദ്ര സര്‍ക്കാരാണ് കുറക്കേണ്ടതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പ്രതിപക്ഷം ദില്ലിയിലേക്ക് കാളവണ്ടി സമരം നടത്തണമെന്നും ധനമന്ത്രി പരിഹസിച്ചു.

🔳നിയന്ത്രണങ്ങളോടെയുള്ള ശബരിമല തീര്‍ത്ഥാടനത്തെ എതിര്‍ത്ത് പന്തളം കൊട്ടാരം. പരമ്പരാഗത രീതിയിലുള്ള ആചാരങ്ങള്‍ മുടക്കുന്നത് സര്‍ക്കാരിന് ശബരിമലയോടുള്ള അവഗണന കൊണ്ടാണെന്നാണ് വിമര്‍ശനം. ശബരിമലയില്‍ നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനങ്ങളുമായി പന്തളം കൊട്ടാരം രംഗത്തെത്തിയത്.

🔳തമിഴ്നാട്ടില്‍ കനത്ത മഴ. ചെന്നൈയില്‍ പലയിടങ്ങളിലും വെള്ളക്കെട്ടുകളുണ്ടായി. മഴയും വെള്ളക്കെട്ടുകളുമുള്ള സാഹചര്യത്തില്‍ അപകടസാധ്യത കൂടുതലാണെന്നും ജനങ്ങള്‍ കഴിവതും പുറത്തിറങ്ങരുതെന്നും ഭരണകൂടം നിര്‍ദ്ദേശം നല്‍കി. ബൈക്ക് യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ 16 ജില്ലകളില്‍ ഇന്ന് അവധിയാണ്. ചെന്നൈയിലെ 11 സബ് വേകള്‍ അടച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ വൈകി. തിരദേശ ജില്ലകളില്‍ വ്യാപകമായി കൃഷി നാശമുണ്ടായി. കടലൂര്‍ ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

🔳ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ അണ്ടര്‍സെക്രട്ടറി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സെക്ഷന്‍ ഇന്‍-ചാര്‍ജായ ഇച്ഛാറാം യാദവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമത്തിനിരയായ യുവതി പുറത്തുവിട്ട വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.

🔳ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ലൈംഗികാതിക്രമ കേസില്‍ ലഖ്നൗ ബാപ്പു ഭവനിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.  സെക്രട്ടേറിയറ്റോ റോഡോ മറ്റേതു സ്ഥലങ്ങളോ ആയിക്കോട്ടെ ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പറഞ്ഞ പ്രിയങ്ക ഉത്തര്‍പ്രദേശിലെ സ്ത്രീകളോട് ഒറ്റക്കെട്ടായി ഈ അവസ്ഥയ്ക്കെതിരെ പോരാടാനും ആഹ്വാനം ചെയ്തു.

🔳ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ട് യുപി സര്‍ക്കാര്‍ ഉത്തരവ്. ബി ആര്‍ ഡി മെഡിക്കല്‍ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി. ഈ വിഷയവുമായി ബന്ധപ്പെട്ട് 2017 മുതല്‍ കഫീല്‍ ഖാന്‍ സസ്പെന്‍ഷനിലാണ്. സസ്പെന്‍ഷനെതിരായ നിയമ പോരാട്ടം  കോടതിയില്‍ തുടരവേയാണ് സര്‍ക്കാര്‍ കഫീല്‍ ഖാനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടത്. പിരിച്ചു വിട്ട ഉത്തരവ് ലഭിച്ചതിന് ശേഷം നിയമ നടപടിയെന്ന് കഫീല്‍ ഖാന്‍ പ്രതികരിച്ചു. കുട്ടികളുടെ മരണത്തിന് ഉത്തരവാദി യു പി സര്‍ക്കാര്‍ ആണെന്നും യഥാര്‍ത്ഥ കുറ്റക്കാരനായ  ആരോഗ്യ മന്ത്രി ഇപ്പോളും സ്വതന്ത്രനായി നടക്കുമ്പോഴാണ് തനിക്കെതിരെ നടപടിയെന്നും കഫീല്‍ ഖാന്‍ പ്രതികരിച്ചു.

🔳ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളികളെ ഇന്നറിയാം. രണ്ടാം സെമിയില്‍ ഓസ്ട്രേലിയക്ക് പാകിസ്ഥാനാണ് എതിരാളി. ഇന്ന് രാത്രി 7.30ന് ദുബായിലാണ് മത്സരം. ലോകക്രിക്കറ്റില്‍ ചോദ്യം ചെയ്യപ്പെടാത്ത കാലത്തും കിട്ടാക്കനിയായ ടി20 കിരീടം തേടിയെത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ടീം. ഇന്ത്യയെ വീഴ്ത്തിയ ആവേശവുമായാണ് പാകിസ്ഥാന്‍ ഇത്തവണ അവസാന നാലിലെത്തിയത്.

🔳യുഎസില്‍ അവശ്യവസ്തുക്കളുടെ വിലയിലെ വര്‍ധന 30 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തി. യുഎസ് തൊഴില്‍ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ ഉപഭോക്തൃ വില സൂചിക 6.2 ശതമാനമാണ് ഉയര്‍ന്നത്. ഇന്ധനം, പലചരക്ക് എന്നിവയോടൊപ്പം ആരോഗ്യപരിപാലനം, വാടക തുടങ്ങിയവയുടെ ചെലവിലും വര്‍ധനവുണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.2 ശതമാനം ഉയര്‍ന്നപ്പോള്‍ പ്രതിമാസ സൂചികയില്‍ 0.9 ശതമാനമാണ് വര്‍ധനവുണ്ടായത്. പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ ഒരുമാസത്തിനിടെ 12.3 ശതമാനമാണ് വിലകൂടിയത്. ചൈനയും 26 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന വിലക്കയറ്റ ഭീഷണി നേരിടുകയാണ്.

🔳ഇലോണ്‍ മസ്‌കിന്റെ സമ്പത്തില്‍ വന്‍ ഇടിവ്. തുടര്‍ച്ചയായ രണ്ടാംദിവസവും ടെസ്ല ഓഹരികള്‍ ഇടിഞ്ഞതോടെ 50 കോടി ഡോളറിന്റെ നഷ്ടമാണ് രണ്ട് ദിവസം കൊണ്ട് മസ്‌കിനുണ്ടായത്. ശതകോടീശ്വരപ്പട്ടികയിലെ സ്വത്തിലും 35 ബില്യണ്‍ ഡോളറാണ് ഇടിവാണ് മസ്‌കിന് ഉണ്ടായത്. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് ദിവസത്തെ ഇടിവാണിത്. 2019 ല്‍ മക്കെന്‍സി സ്‌കോട്ടില്‍ നിന്നുള്ള വിവാഹ മോചനത്തെത്തുടര്‍ന്ന് ജെഫ് ബെസോസിന്റെ 36 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞതിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന തകര്‍ച്ചയുമാണിത്.