എഴുത്തച്ഛൻ പുരസ്കാരം പി. വത്സലയ്ക്ക്
തിരുവനന്തപുരം∙
സംസ്ഥാന സർക്കാരിന്റെ സാഹിത്യത്തിനുള്ള
പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം പി. വത്സലയ്ക്ക്. അഞ്ചു ലക്ഷം രൂപയാണ് പുരസ്കാരത്തുക. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പാർശ്വവൽകൃത ജീവിതങ്ങൾ ശക്തമായി അവതരിപ്പിച്ചെന്ന് വിധിനിർണയ സമിതി. അടിയാള ജീവിതത്തെ എഴുത്തിലാവാഹിച്ച സാഹിത്യകാരിയാണ് പി.വത്സലയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നിഴലുറങ്ങുന്ന വഴികൾ എന്ന നോവലിന് വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിരുന്നു. മുട്ടത്തുവര്‍ക്കി പുരസ്കാരം, കുങ്കുമം അവാര്‍ഡ്, സി.എച്ച് അവാര്‍ഡ്, കഥ അവാര്‍ഡ്, പത്മപ്രഭ പുരസ്കാരം തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
ചെറുകഥാകൃത്തും നോവലിസ്റ്റുമായ പി വത്സലയ്ക്കു കേരള സാഹിത്യ അക്കാദമിയുടേത് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നെല്ല് ആണ് ആദ്യ നോവല്‍. ഇതു പിന്നീട് എസ്എല്‍ പുരത്തിന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കി. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായി പ്രവര്‍ത്തിച്ചിരുന്നു.