കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസ്: ക്വട്ടേഷൻ സംഘത്തലവന്മാരെ തെളിവെടുപ്പ് നടത്തി
കോഴിക്കോട്:
നിരവധി ക്രിമിനൽ കേസിലെ പ്രതികളും കൊടുവള്ളി കേന്ദ്രീകരിച്ച് ക്വട്ടേഷൻ, കുഴൽപ്പണ - സ്വർണ്ണക്കടത്ത് , ലഹരിക്കടത്ത് സംഘത്തിലെ തലവനായ സൗത്ത് കൊടുവള്ളി മദ്രസാ ബസാർ പിലാത്തോട്ടത്തിൽ റഫീഖ് എന്ന പൈതൽ റഫീഖ്, ഇയാളുടെ കൂട്ടാളി സക്കറിയ എന്ന പാവാട സക്കറിയെയുമായാണ് കരിപ്പൂർ എയർപോർട്ട് പരിസരം, രാമനാട്ടുകര, കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തിയത്.
കരിപ്പൂർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് 5 പേർ മരിക്കാനിടയായ സംഭവത്തിൽ റഫീഖും സകറിയയുമടക്കം വന്ന വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനമാണ് അപകടത്തിൽപ്പെട്ട വാഹനത്തിൻ്റെ തൊട്ടുപിറകിലായി ഉണ്ടായിരുന്നത്.
സംഭവദിവസം എയർപോർട്ട് പരിസരത്ത് വച്ച് അർജുൻ ആയങ്കി വന്ന വാഹനത്തെ തടഞ്ഞ് വാഹനത്തിനു നേരെ സോഡാ കുപ്പി എറിഞ്ഞതും ഇവർ സഞ്ചരിച്ച വാഹനമായിരുന്നെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആ വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷ്റഫ്, പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂർ ഇൻസ്പക്ടർ ഷിബു ,ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ ,പി. സഞ്ജീവ് ,കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ്.വി.കെ ,രാജീവ് ബാബു, കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ ,എസ്.ഐ. ഹനീഫ എന്നിവരാണ് കേസ് അന്വേഷണം നടത്തുന്നത്